സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ എ ഗ്രേഡ് നേടിയ പെരുമ്പാവൂര്‍ ഗവ. വി.എച്ച്.എസ്.എസ്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കണ്ണനുണ്ണി.
തൃശ്ശൂര്‍: സ്‌കൂള്‍ കലോത്സവ വേദികളില്‍ കലാസ്വാദകര്‍ ആവേശത്തോടെ കാത്തിരുന്ന് കാണുന്ന ഇനങ്ങളാണ് കേരള നടനവും ഓട്ടന്‍ തുള്ളലും. കൗമാര പ്രായത്തിലുള്ള കുട്ടികള്‍ വിവിധ വര്‍ണങ്ങളിലുള്ള വേഷങ്ങളും ചമയങ്ങളുമണിഞ്ഞ് സ്്‌റ്റേജില്‍ പക്ക മേളക്കാര്‍ക്കൊപ്പം പരിശീലിച്ചുറച്ച ചുവടുകള്‍ വെയ്ക്കുമ്പോള്‍ ആസ്വാദകരുടെ മനസില്‍ കലോത്സവത്തിന്റെ ആനന്ദം അലതല്ലുന്നത് അടുത്തു നില്‍ക്കുന്നവര്‍ക്ക് അനുഭവിക്കാനാകും. കലോത്സവ നഗരിയായ തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളിലും ഓപ്പണ്‍ സ്റ്റേജിലുമായി ഇന്ന് കലാസ്വാദകര്‍ക്ക് കാണാനായതും കലയുടെ ഈ വര്‍ണപ്പൊലിമ തന്നെയാണ്. സാഹിത്യ അക്കാദമി ഓപ്പണ്‍ സ്റ്റേജായ മന്ദാരത്തില്‍ ഇന്ന് രാവിലെ ഒന്‍പതര മുതല്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കേരള നടനമാണ് അരങ്ങേറിയത്. തൊട്ടടുത്ത് കനകാംബരം എന്ന് പേരിട്ട സാഹിത്യ അക്കാദമി ഹാളില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഓട്ടന്‍ തുള്ളലും നടന്നു
ഗുരുക്കന്മാര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം പൂര്‍ണ വേഷങ്ങളും ചമയങ്ങളും അണിഞ്ഞ് ഈ കൊച്ചുകലാകാരന്മാരും കലാകാരികളും സ്റ്റേജിന്റെ പരിസരങ്ങളിലായി തങ്ങളുടെ ഊഴവും കാത്ത് നില്‍ക്കുന്നത് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തുകൊണ്ടിരുന്നു. ഇത്തരത്തില്‍ തന്റെ വേഷം ഭംഗിയായി ആടിക്കഴിഞ്ഞ് സ്റ്റേജിന് പുറത്ത് ചമയങ്ങള്‍ അഴിക്കാതെ നില്‍ക്കുകയായിരുന്നു പെരുമ്പാവൂരിലെ ഇരിങ്ങോള്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ കണ്ണനുണ്ണി. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍, ബിന്ദു ദമ്പതികളുടെ മകനായ കണ്ണനുണ്ണി തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഓട്ടന്‍തുള്ളലില്‍ സംസ്ഥാന പോരിനിറങ്ങിറങ്ങുന്നത്. ഇത്തവണയും പതിവുപോലെ എ ഗ്രേഡ് തന്നെ സ്വന്തമാക്കിയാണ് കണ്ണനുണ്ണി മടങ്ങിയതും. കഥകളി, ചെണ്ട, തിമില, ഭരതനാട്യം, മോഹിനിയാട്ടം, സോപാന സംഗീതം, ശാസ്ത്രീയ സംഗീതം എന്നിങ്ങനെ പത്തോളം കലകളില്‍ കണ്ണനുണ്ണി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മൂന്നര വയസില്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയ കണ്ണനുണ്ണി ഏഴാമത്തെ വയസിലാണ് ഓട്ടന്‍ തുള്ളലില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിനോടകം 175 ഓളം സ്‌റ്റേജുകളില്‍ കണ്ണനുണ്ണിക്ക് ചുവടുകള്‍ വെക്കാന്‍ കഴിഞ്ഞതായി കണ്ണനുണ്ണിയുടെ അമ്മ ബിന്ദു ഉണ്ണിക്കൃഷ്ണന്‍ ദീപിക ഡോട്ട്‌കോമിനോട് പറഞ്ഞു.
അമ്മയുമൊത്ത് ചെറുപ്പത്തില്‍ അമ്പലത്തില്‍ ഓട്ടന്‍ തുള്ളല്‍ കാണാനെത്തിയ കണ്ണനുണ്ണിയെ വേദിയില്‍ തുള്ളല്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന കലാകാരന്‍ പരിഹസിച്ചിടത്ത് വെച്ചാണ് കണ്ണനുണ്ണിയുടെ തുള്ളല്‍ സപര്യയുടെ തുടക്കം. തന്നെ വേദിയിലുള്ള കലകാരന്‍ കളിയാക്കിയത് എന്തിനെന്ന് മനസിലാകാതിരുന്ന കണ്ണനുണ്ണി അമ്മയോട് തന്റെ സംശയം ചോദിച്ചു. അമ്മ നല്‍കിയ മറുപടിയാണ് കണ്ണനുണ്ണിയെ തുള്ളല്‍ എന്ന കലാരൂപത്തിലേക്ക് ആകര്‍ഷിച്ചത്. തുള്ളല്‍ വേദിയിലെ കലാകാരന് തന്റെ മുന്‍പില്‍ കാഴ്ചക്കാരായി എത്തുന്ന ആരെയും കളിയാക്കാം അതിനി രാജാവാണെങ്കില്‍ കൂടിയും! അങ്ങനെ തനിക്ക് തുള്ളല്‍ പഠിക്കണമെന്ന മോഹമറിയിച്ച മകന്‍ തുള്ളലിന്റെ ബാലപാഠങ്ങള്‍ യൂട്യൂബില്‍ തിരഞ്ഞ് പഠിക്കുന്നത് കണ്ടാണ് അമ്മയും അച്ഛനെ അവനെ കുടുംബക്ഷേത്രത്തില്‍ അരങ്ങേറ്റത്തിനെത്തിച്ചത്. പീന്നീടങ്ങോട്ട് കലാമണ്ഡലത്തിലെ ഗുരുക്കന്മാരുടെ ശിക്ഷണത്തിലാണ് കണ്ണനുണ്ണി തുള്ളലില്‍ തന്റെ ചുവടുകള്‍ ഉറപ്പിച്ചത്.
അങ്ങനെ തുടര്‍ച്ചയായി കണ്ണനുണ്ണി തുള്ളിലില്‍ തന്റെ ചരിതം എഴുതിച്ചേര്‍ത്തുകൊണ്ടേയിരിക്കുന്നു. കേരള നടനത്തിലും കണ്ണനുണ്ണിക്ക് ഇക്കുറി എ ഗ്രേഡുണ്ട്. ഞായറാഴ്ച നടക്കുന്ന കുച്ചുപുടി മത്സരത്തിലും കണ്ണനുണ്ണി മത്സരിക്കും.സ്‌കൂളിന് സംസ്ഥാന തലത്തില്‍ വരെയെത്തി അഭിമാന നേട്ടങ്ങള്‍ കൊണ്ടുവന്ന കണ്ണനുണ്ണി ഇരിങ്ങോള്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടീച്ചര്‍മാരുടെ കണ്ണിലുണ്ണി കൂടിയാണ്.
Tags : State School Arts Festival Ottan Thullal Kannanunni Iringol Gov VHSS