കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിഞ്ഞ ഭാഗം.
തൃശൂർ: കുതിരാൻ തുരങ്ക പാതയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്റെ അടിയന്തരമായി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രി ഒ.ജെ. ജനീഷ്, കെ. രാജൻ എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. തുരങ്കപാതയുടെ തൃശൂർ - പാലക്കാട് കവാടത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
തുരങ്കത്തിന് മുകൾഭാഗത്തുണ്ടായ മണ്ണിടിച്ചിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന നിഗമനത്തെതുടർന്ന് അടിയന്തര പരിശോധനയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ജലസേചന-വനം വകുപ്പുകൾ, കേരള വനഗവേഷണ കേന്ദ്രം, തൃശൂർ ഗവ. എൻജിനീയറിംഗ് കോളജ്, ഐഐടി പാലക്കാട് എന്നിവയിൽ നിന്നുള്ള വിദഗ്ധരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധ സംഘം റിപ്പോർട്ട് നൽകി. എങ്കിലും, കൂടുതൽ വിശദമായ പഠനവും സാങ്കേതിക പരിശോധനയും നടത്തുന്നത് ഉചിതമാണെന്ന് സംഘം അറിയിച്ചു. ഇതിന്റെ ഭാഗമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി എന്നിവയ്ക്ക് ജില്ലാ ഭരണകൂടം കത്തയച്ചിട്ടുണ്ട്. ഓഗസ്റ്റ് 10ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് പരിശോധനയും പഠനങ്ങളും നടത്തും.
പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. ഈ തുരങ്കത്തിൻ്റെ മുകൾ ഭാഗത്തായി രണ്ടിടത്താണ് മണ്ണിടിഞ്ഞത്. പ്രദേശത്ത് കനത്ത മഴ തുടർന്നത് ആശങ്ക വർധിപ്പിച്ചു.
Tags : Kuthiran Landslide Minister Visit Site Need to Panic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash