ബല്‍രാജും കൂടമ്മാളും
കല്‍പ്പറ്റ: ഹൃദയം നിലയ്ക്കുന്ന നടുക്കത്തോടെയാണ് ഇന്നലെ ആ ദൃശ്യം നാം കണ്ടത്. ആ ടാങ്കർ ലോറി തലനാരിഴകൂടി നീങ്ങിയിരുന്നെങ്കിൽ.... ബല്‍രാജും കൂടമ്മാളും... അദ്ഭുതകരമായിരുന്നു ആ രക്ഷപ്പെടൽ...
മീനാക്ഷി എസ്റ്റേറ്റിലെ തൊഴിലാളികളാണ് ബല്‍രാജും ഭാര്യ കൂടമ്മാളും. മേപ്പാടിയിലേക്കു പോകുന്നതിന് മീനാക്ഷി പാലത്തിനു സമീപം ബസ് കാത്തുനില്ക്കുന്പോഴായിരുന്നു കണ്മുന്നില് മണ്ണിടിച്ചില്‍.
കുന്നിടിഞ്ഞ് മണ്ണും വെള്ളവും ഹുങ്കാരശബ്ദത്തോടെ ഇരമ്പിവരുന്നതു കണ്ട് ഇവർ ജീവനുംകൊണ്ട് ഓടി. 50 മീറ്റര്‍ ഓടിയപ്പോഴേക്കും മണ്ണും വെള്ളവും പാഞ്ഞെ ത്തി. അപ്പോഴേക്കും ബസ്സ്റ്റോപ്പ് മണ്ണിനടിയിലായിക്കഴിഞ്ഞിരുന്നു.
മരണവെപ്രാളത്തോടെ ഓടുന്നതിനിടെയാണ് ടാങ്കർ ലോറി ജീവനെടുക്കാനെന്നപോലെ ഇവർക്കു പിന്നാലെ നിരങ്ങിയെത്തുന്നത്. മണ്ണിടിഞ്ഞ ഭാഗത്തുനിന്നുണ്ടായ വെള്ളത്തിന്റെ തള്ളലില്‍ ടാങ്കര്‍ ലോറി റോഡില്‍നിന്നു പിന്നോട്ട് നിരങ്ങിനീങ്ങുകയായിരുന്നു.
ലോറി ബല്‍രാജിനും കൂടമ്മാളിനും തൊട്ടുപിന്നിലെത്തിയതോടെ പരിഭ്രാന്തിയില്‍ ഇരുവരും വീണു. എന്നാൽ, റോഡിന് കുറുകെ തിരിഞ്ഞുനീങ്ങിയ ലോറി മീനാക്ഷിയിലെ റസ്റ്ററന്റിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ തട്ടി നിന്നു.
ഉടനെ ബൽരാജ് പിടഞ്ഞെഴുന്നേറ്റ് കൂടമ്മാളിനെ വലിച്ചെഴുന്നേൽപ്പിച്ച് ഓടി മാറി. ഇവർക്കൊപ്പം മീനാക്ഷി ബസ് സ്റ്റോപ്പിലും പരിസരത്തും ഉണ്ടായിരുന്ന മറ്റുള്ളവരും ഓടി രക്ഷപ്പെടുകയായിരുന്നു.
തമിഴ്നാട്ടില്‍ കുടുംബവേരുള്ള ബൽരാജും (45) കൂടമ്മാളും (37) 17 വര്‍ഷമായി മീനാക്ഷി എസ്റ്റേറ്റില്‍ തൊഴിലാളികളാണ് . അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ഇവർ ആശുപത്രിയിൽവച്ചു പ്രതികരിച്ചു.