അമോണിയ ചോർച്ചയുണ്ടായ ഐസ് ഫാക്്ടറിയിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനം.
തൃശൂർ: കാളത്തോട് ഐസ് ഫാക്ടറിയിൽ വൻ അമോണിയ ചോർച്ച. ഫയർഫോഴ്സിന്റെ ഇടപെടലിൽ ഒഴിവായതു വൻ ദുരന്തം. ഇന്നലെ പുലർച്ചെ 12.30നാണ് സത്യം ഐസ് ഫാക്ടറിയിൽ അമോണിയ പൈപ്പ് ലൈൻ പൊട്ടി വാതകം ചോർന്നത്. തൃശൂർ- മണ്ണുത്തി റോഡിനോടുചേർന്നുള്ള സ്ഥാപനമായതിനാൽ ഉടൻ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. സ്ഥാപനത്തോടുചേർന്നു കാർ ഷോറൂമും ഹോട്ടലും നിരവധി വീടുകളുമുണ്ടായിരുന്നു.
അപകടസാധ്യത കണക്കിലെടുത്ത് മേഖലയിൽനിന്ന് ആളുകളെ മാറ്റിയശേഷമാണു ഫയർഫോഴ്സ് തുടർ നടപടികളിലേക്കു കടന്നത്. അമോണിയ പോലുള്ള അപകടകാരിയായ വാതകങ്ങളുടെ ചോർച്ച ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം.
സോനാംഗങ്ങൾ ശ്വസനഉപകരണം ഉപയോഗിച്ചു രണ്ടുമണിക്കൂറെടുത്താണു അമോണിയ ചോർച്ച നിയന്ത്രിച്ചത്. ചോർച്ചയുള്ള സ്ഥലത്തു നിരന്തരം വെള്ളം സ്പ്രേ ചെയ്ത് അപകടസാധ്യത കുറച്ചു. പ്ലാന്റിലെ ടാങ്കിന്റെ ഇരുന്പുപൈപ്പ് കാലപ്പഴക്കത്താൽ ദ്രവിച്ചതിനാൽ വാൽവുകൾ അടച്ചശേഷവും ചോർച്ച നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് പ്ലാന്റ് അധികൃതരുമായി ഏകോപിപ്പിച്ചാണു രക്ഷാപ്രവർത്തനം മുന്നോട്ടുകൊണ്ടുപോയത്.
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ ബി. വൈശാഖ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.ഒ. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.കെ. പ്രജീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി.എസ്. സുധൻ, കെ. പ്രകാശൻ, എ.എസ്. അനിൽജിത്ത്, എസ്. സുബീർ, കെ. സജീഷ്, എം. മഹേഷ്, കെ.എസ്. സുബൈർ, എച്ച്.ജെ. വിഷ്ണു, എ. സാരംഗ്, എ.ആർ. അഖിൽ എന്നിവർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
Tags : ammonia leak Deepika DeepikaNewspaper BreakingNews Major ammonia leak at an ice factory