തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ കഴുത്തിലെ കോളർ തെരഞ്ഞെടുപ്പ് കാലമാകുന്പോൾ ഇടുന്ന പ്രത്യേക തരം കോളറാണോയെന്ന് അന്വേഷിച്ചാൽ മതിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മന്ത്രി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും കോളർ ഇട്ടിട്ടുണ്ടായിരുന്നുവെന്നും പുതുയുഗ യാത്രയ്ക്കിടെ വർക്കലയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ വി.ഡി. സതീശൻ പറഞ്ഞു.
ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന് ഒന്നര കൊല്ലം മുൻപാണ് പ്രതിപക്ഷം പറഞ്ഞത്. ഇപ്പോൾ വെന്റിലേറ്ററിലാണോ മോർച്ചറിയിലാണോ എന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ. ഡോക്ടർമാരുടെ സമരം ചർച്ച ചെയ്ത് തീർക്കാൻ പോലും തയാറാകുന്നില്ല.
എത്രയോ കാലം മുൻപ് സമരം പ്രഖ്യാപിച്ചതാണ്. ഡോക്ടർമാരെയും നഴ്സുമാരെയും സമരത്തിനു കൂടി ഇറക്കിയാൽ പൊതുജനാരോഗ്യ രംഗത്തിന്റെ അവസ്ഥ എന്തായിരിക്കും. അവർ നിവൃത്തി ഇല്ലാത്തതുകൊണ്ട് സമരത്തിന് ഇറങ്ങുന്നതാണ്. അവരുമായി ചർച്ച പോലും നടത്തിയിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ കോണ്ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Tags : election season Minister Veena George V.D. Satheesan ridiculed neck special gesture