കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിക്കുന്നതിനു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചു.
നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽനിന്നു കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണു ലഭിച്ചത്. നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി പോയതായുള്ള ദൃക്സാക്ഷികളുടെ മൊഴിയും പോലീസിനു ലഭിച്ചിരുന്നു.
കോളജിനകത്തുള്ള സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രിൻസിപ്പലിന്റെ മുറിയിൽ എന്തു സംഭവിച്ചെന്നും ആരൊക്കെ ഉണ്ടായിരുന്നുവെന്നതുമായ കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
ലോൺ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപികയുടെ നന്പർ നല്‍കിയത് നിതിൻ തന്നെയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അധ്യാപകരുടെ പീഡനത്തിനു പുറമേ ലോൺ ആപ്പ് കുരുക്കും നിതിന്റെ മരണകാരണമായാണ് അന്വേഷണസംഘം പറയുന്നത്.
സംഭവത്തിൽ ആത്മഹത്യാ പ്രേരണ ക്കുറ്റത്തിൽ കേസെടുത്ത അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമും അസോ. പ്രഫസര്‍ ഡോ. കെ.ടി. സംഗീത നമ്പ്യാരും ഒളിവില്‍ പോയെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പോലീസ് പറയുന്നു.
ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് ഇരുവര്‍ക്കുമെതിരേ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ ഡെന്റല്‍ വിദ്യാര്‍ഥി നിതിന്‍ രാജിനെ മാനസികമായും ശാരീരികമായും ജാതിയുടെ പേരിലും നിരന്തരം പീഡിപ്പിച്ച് ആത്മഹത്യക്കു പ്രേരിപ്പിച്ചവര്ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഓള് ഫോറിന് മെഡിക്കല്‍ ഡോക്ടേഴ്സ് ആന്‍ഡ് പേരന്റ്സ് അസോസിയേഷന് (എഎഫ്എംഡിപിഎ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിതിന്‍ രാജിന്റെ മരണാനന്തര ശുശ്രൂഷയ്ക്ക് സഹപാഠികള്‍ പോലും പങ്കെടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയ മാനേജ്മെന്റും ഉത്തരവാദിത്വപ്പെട്ടവരും ചേര്‍ന്ന് ആ കുടുംബത്തോടു ചെയ്തത് അനീതിയാണ്.
കുറ്റാരോപിതരായ ക്രിമിനല്‍ സ്വഭാവമുള്ള അധ്യാപകര്ക്കെതിരേ നിരവധി വിദ്യാര്‍ഥികള്‍ പരാതിയുമായി മുന്നോട്ടു വന്ന സാഹചര്യത്തില്‍ അവരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. കൂടാതെ, നിതിന്‍രാജിന്റെ കുടുംബത്തിന് കോളജ് നഷ്ടപരിഹാരം നല്‍കണം.
എന്‍എംസിയുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും പരിശോധന നടത്തണമെന്നും വിദ്യാര്‍ഥികളുടെ പരാതികള്‍ കേള്‍ക്കാന്‍ ഒരു കമ്മീഷനെ വയ്ക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ കോളജ് അധ്യാപകരായ ഡേ.ടി.കെ. റാമിനെയും ഡോ. സംഗീത നന്പ്യാരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണമെന്നും സർവീസിൽനിന്നു പുറത്താക്കണമെന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി ആലംകോട് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നിതിൻ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി സർക്കാർ നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Tags : Nitin Raj death CCTV footage