എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്നാണ് കേരളത്തില്‍ പൊതുവേ ജനങ്ങള്‍ക്കിടയിലുള്ള വികാരമെന്നും സര്‍ക്കാര്‍ വിരുദ്ധ വികാരം ഒരിടത്തുമില്ലെന്നും തുടര്‍ഭരണം ലഭിച്ചില്ലെങ്കില്‍ ഈ സര്‍ക്കാര്‍ നേടിയെടുത്ത നേട്ടങ്ങള്‍ നഷ്ടപ്പെടുമെന്ന ധാരണ ജനങ്ങള്‍ക്കുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗേവിന്ദന്.
10 വര്‍ഷത്തെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പറയാനോ ഓര്‍ക്കാനോ പ്രതിപക്ഷത്തിനു ധൈര്യമില്ലെന്നു മാത്രമല്ല ഇതു ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ വിവാദങ്ങളും ബിജെപി ബന്ധവും ഒക്കെയായി നുണകള്‍ പ്രതിപക്ഷ നേതാവും കൂട്ടരും പറഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളമാകെ വലിയ മുന്നേറ്റം ഇടതുപക്ഷത്തിനുണ്ടാകും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ എം.വി. ഗോവിന്ദന് പറഞ്ഞു.
? പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്പോൾ ഇടതുപക്ഷത്തിന്റെ പ്രതീക്ഷകള്‍
എല്‍ഡിഎഫിന് നല്ല പ്രതീക്ഷയാണ്എല്ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്നും ഇല്ലെങ്കില്‍ ഈ സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്ത നേട്ടങ്ങള്‍ നഷ്ടപ്പെടുമെന്ന ധാരണ ജനങ്ങള്ക്കിടയിലുണ്ടായിരിക്കുന്നു. യുഡിഎഫിന് വികസനം എന്ന ശബ്ദം പോലും പുറപ്പെടുവിക്കാനാവുന്നില്ല. അവര്‍ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണിത്.
10 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്ന രാഷ്ട്രീയ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്്. ലോകത്ത് ഒരു പ്രതിപക്ഷവും ഇത്തരത്തിലുള്ള ഒരു നിലപാടെടുക്കുമോ എന്നു തോന്നുന്നില്ല.
? എന്താണ് ഇടതുപക്ഷം ജനങ്ങള്‍ക്കു മുമ്പില്‍ വയ്ക്കുന്ന പ്രചാരണ വിഷയങ്ങള്‍
കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ 10 വര്‍ഷത്തെ ഇടതു ഭരണത്തിനു കഴിഞ്ഞു. ഇക്കാര്യമാണ് ഇടതുപക്ഷം മുഖ്യ പ്രചാരണ വിഷയമാക്കിയിരിക്കുന്നത്. കറന്റ് കട്ടില്ലത്ത പത്തു വര്‍ഷം, പാഠപുസ്തകം കൃത്യമായി കിട്ടുന്നു, ക്ഷേമപെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കുടിശികയില്ലാതെ ലഭിക്കുന്നു.
സ്ത്രീ സുരക്ഷ, യുവാക്കള്‍ക്ക് തൊഴില്‍, സ്കില്‍ ഡെവലപ്പ്മെന്റിനു പ്രത്യേക തുക, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, റോഡുകള്‍, പാലങ്ങള്‍ സമാനതകളില്ലാത്ത വികസനമാണുണ്ടായത്. പ്രതിപക്ഷത്തെ നേതാക്കള്‍ക്കുവരെ വരെ റോഡ് വികസനം വലിയ രീതിയില്‍ നടന്നു, യാത്ര എളുപ്പമായി എന്നു പറയേണ്ടിവന്നു. നാഷണല്‍ ഹൈവേ വേണ്ടെന്നു വച്ചിട്ടു പോയവരാണ് യുഡിഎഫ്.
ഇപ്പോഴെന്താണ് സ്ഥിതി. ഗെയില്‍ പൈപ്പ് ലൈന്‍, കൂടംകുളം വൈദ്യുതി അങ്ങനെ അസാധ്യമായത് സാധ്യമാണെന്ന് കാണിച്ചു. ബജറ്റുകൊണ്ടു മാത്രം നടപ്പാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ കിഫ്ബി വഴി നടപ്പാക്കി. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കി ലോകത്തിലെ വലിയ തുറുമുഖമായി വികസന മാതൃക കാട്ടി, മലയോര ഹൈവേ, തീരദേശ ഹൈവേ, ഗവണ്മെന്റ് സ്കൂളുകളുടെയും, ആശുപത്രികളുടെയും വികസനം തുടങ്ങി ഇന്ത്യക്കു മാതൃകയാകുന്ന ഭാവനപൂര്‍ണമായ വികസന പദ്ധതികളാണ് നടപ്പാക്കിയത്. അതി ദാരിദ്ര്യം അവസാനിപ്പിച്ചു. ദാരിദ്ര്യം ഇല്ലാതാക്കന്‍ ശ്രമിക്കുന്നു.
? വര്ഗീയകലാപങ്ങളില്ലെങ്കിലും വര്‍ഗീയ ചേരിതിരിവ് ഉണ്ടായിട്ടുണ്ടോ
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒരു വര്‍ഗീയ കലാപവും ഉണ്ടായിട്ടില്ല. മറ്റു സംസ്ഥാനങ്ങളൊന്നു നോക്കിയാല്‍ ക്രിസ്മസ്, റംസാന് ആഘോഷിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഏതു ജാതി മതവിഭാഗങ്ങള്‍ക്കും അവരുടേതായ ആചാര അനുഷ്ഠാനങ്ങള്‍ ആചരിക്കാനും ഉത്സവങ്ങളും പെരുനാളുകളും സംഘടിപ്പാക്കാമെന്ന സമാധാനപരമായ അവസ്ഥാണ് കേരളത്തിലുള്ളത്. കേരളം പുതിയ തലത്തിലേക്ക് ഉയര്‍ന്നു
? സര്‍ക്കാരിനും മുന്നണിക്കുമെതിരേയുള്ള അഴിമതി ആരോപണങ്ങള്‍
സര്‍ക്കാരിനെതിരേ ഒരു അഴിമതി ആരോപണവും 10 വര്‍ഷത്തിനിടയില്‍ ഉയര്‍ന്നിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ അങ്ങേയറ്റം അഴിമതിയാണ്. എല്ലാ സന്ദര്‍ഭത്തിലും ഭരണപക്ഷത്തിനെതിരെയാണ് അഴിമതി ആരോപണം ഉയരാറുള്ളത്. എന്നാല്‍ ഇവിടെ പ്രതിപക്ഷത്തിനു നേരേയാണ് അഴിമതിയാരോപണം ഉയര്‍ന്നിരിക്കുന്നത്.
മുണ്ടക്കൈ ചുരല്‍മല ദുരന്തത്തില്‍ സര്‍ക്കാരുമായി സഹരിക്കേണ്ടെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം നല്‍കണമെന്ന ഉത്തരവ് കത്തിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്നു പരസ്യമായി പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ കൃത്യമായി എല്ലാം ചെയ്തു. ലോകത്തിനു തന്നെ മാതൃകയായ ടൗണ്‍ഷിപ്പ് നിര്‍മിച്ചു 178 വീടുകള്‍ നല്കി. രണ്ടു മൂന്നു മാസത്തിനകം എല്ലാ വീടു നല്‍കും. വയനാടിനായി ഫണ്ട് സ്വന്തമായി പിരിച്ച കോണ്‍ഗ്രസ് പണം എവിടെയെന്ന് പറയണം. വീടുണ്ടാക്കുമെന്ന പറഞ്ഞ യൂത്ത് കോണ്‍ഗ്രസ് ഒരു വീടും നിര്‍മിച്ചുനല്‍കിയിട്ടില്ല.
? തുടര്‍ഭരണം കേരളത്തിനും പാര്‍ട്ടിക്കും അപകടകരമാണോ
ഒരിക്കലുമില്ല. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മാറിമാറി സര്‍ക്കാര്‍ വന്നത് കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിച്ചു. തുടര്‍ഭരണം മൂലം വികസന പദ്ധതികളുടെ തുടര്‍ച്ചയുണ്ടായി. 10 വര്‍ഷത്തിനിടയില്‍ വലിയ മുന്നേറ്റമാണ് കേരളത്തിലുണ്ടായത്. കാര്‍ഷിക വ്യവസയായ മേഖലയില്‍ വലിയമ ുന്നേറ്റം, കടം കുറഞ്ഞു, സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടു. സമ്പദ്വ്യവസ്ഥ തകര്‍ന്നു എന്നു പറയുന്നവര്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം കൂടിയേയുള്ളൂ. പ്രതിസന്ധി എന്നു പറയുമ്പോഴും കേരളം മുന്നോട്ടു പോകുകയാണുണ്ടായത്.
? പ്രതിപക്ഷം ഉയര്‍ത്തുന്ന ബിജെപി-സിപിഎം ഡീല്‍
കളവ് പറയുകയാണ്. കളവിനു മറുപടിയില്ല. സിപിഎമ്മും ഇടതുപക്ഷവുമാണ് വര്‍ഗീയതയ്ക്കും ബിജെപിക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയും മുന്നണിയും. പ്രതിപക്ഷ നേതാവ് ഗോള്വാക്കറുെ ചിത്രത്തിനു മുമ്പില്‍ സാഷ്ടാഗം പ്രണിച്ച് നിലവിളക്ക് കൊളുത്തുന്നത് നമ്മള് കണ്ടതാണ്. എന്നിട്ട് സിപിഎമ്മും ബിജെപിയും തമ്മിലാണ് ഡീല്‍ എന്ന നുണ പറയുകയാണ്.
? പ്രമുഖ നേതാക്കള്‍ സിപിഎം വിട്ടു, പലരും യുഡിഎഫ് സ്ഥാനാര്‍ഥികളുമാണ്
ഞങ്ങള്‍ക്ക് അഞ്ചരലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്, രണ്ടരലക്ഷം അനുഭാവികളുണ്ട്. നല്ല ചിട്ടയായതും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനവുമുണ്ട്. അതിനകത്തു നിന്നും ചില ആളുകള്‍ മാറിയെന്നുള്ളത് ശരിയാണ്. ആ മാറ്റം അവരുടെ താത്പര്യം വച്ചാണ്. അല്ലാതെയൊന്നുമല്ല. അവരെയെല്ലാവരെയും പുറത്താക്കുകയും ചെയ്തു. ജി. സുധാകരന് ഇപ്പോൾ തലയില്‍ യുഡിഎഫ് തൊപ്പി വച്ചാണ് നടക്കുന്നത്. ഇതൊന്നും ഞങ്ങളെ ഒരിക്കലും ഒരുകാലത്തും ബാധിക്കില്ല.
? എല്‍ഡിഎഫിനു തുടര്‍ഭരണം ലഭിക്കുമോ, എത്ര സീറ്റുകള്‍
വലിയ മുന്നേറ്റമാണുണ്ടായികൊണ്ടിരിക്കുന്നത്, കഴിഞ്ഞ തവണത്തേക്കാള്‍ കുടുതല്‍ സീറ്റുകള്‍ ലഭിച്ച് അധികാരത്തില്‍ വരും. കോട്ടയം ജില്ലയിലും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കും. പാലാ ഉള്‍പ്പെടെ ഇത്തവണ ഉറപ്പാണ്.
Tags : No anti-government sentiment