തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാർ നടത്തിവന്ന ഒപി ബഹിഷ്കരണം പിൻവലിച്ചു. ആരോഗ്യവകുപ്പുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങളിൽ അനുകൂലമായ ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം.
സ്റ്റൈപ്പൻഡ് പരിഷ്കരിക്കാമെന്ന് ആരോഗ്യവകുപ്പ് ചർച്ചയിൽ ഉറപ്പുനൽകി. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് സർക്കാർ അറിയിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ എംഎസ്സി ബയോടെക്നോളജി യോഗ്യത കൂടി ഉൾപ്പെടുത്തിയുള്ള പിഎസ്സി ഉത്തരവ് പിൻവലിക്കാൻ സർക്കാർ കത്ത് നൽകുമെന്നും ഉറപ്പ് ലഭിച്ചു.
ഒപി ബഹിഷ്കരണം പിൻവലിച്ചെങ്കിലും, ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നതുവരെ പ്രതിഷേധങ്ങൾ തുടരും. ഇതിന്റെ ഭാഗമായി നാളെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും.
മെഡിക്കൽ കോളേജ് അധ്യാപകരുടെ സമരത്തെത്തുടർന്ന് ചികിത്സാ ചുമതലകൾ മുഴുവൻ പിജി ഡോക്ടർമാരുടെ ചുമലിലായതും ജോലിഭാരം വർധിച്ചതുമാണ് പെട്ടെന്നുള്ള പ്രതിഷേധത്തിന് കാരണമായത്. 2016 മുതലുള്ള ശമ്പള കുടിശ്ശിക നൽകുക, ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടർമാർ ഉന്നയിക്കുന്നുണ്ട്.
പിജി ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കുന്നതോടെ മെഡിക്കൽ കോളേജുകളിലെ ഒപി പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : PG doctors OPD boycott