ശാസ്താംകോട്ട: കൊല്ലത്ത് ശ്വാസംമുട്ടലിന് ചികിത്സതേടിയെത്തിയ പെൺകുട്ടിക്ക് മരുന്ന് മാറി കുത്തിവച്ചതായി പരാതി. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ് സംഭവം. പേവിഷബാധയ്ക്കുള്ള വാക്സിനാണ് പെൺകുട്ടിക്ക് കുത്തിവച്ചത്.
ശ്വാസംമുട്ടലിനെ തുടർന്ന് അമ്മയ്ക്കൊപ്പം ഒപി വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയതായിരുന്നു 18കാരി. തുടർന്ന് പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ ഇഞ്ചക്ഷൻ നൽകാൻ നിർദേശിച്ചു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മരുന്നുമാറി കുത്തിവയ്ക്കുകയായിരുന്നു.
തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ് ഒരാൾ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നു. ഇയാൾക്ക് എടുക്കാനായി വച്ചിരുന്ന വാക്സിനാണ് പെൺകുട്ടിക്ക് മാറി കുത്തിവച്ചത്. പിഴവ് മനസിലായതോടെ നഴ്സ് ക്ഷമാപണം നടത്തി.
എന്നാൽ സംഭവത്തിൽ പ്രതിഷേധവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഇതേ തുടർന്ന് ആശുപത്രി അധികൃതർ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ കമ്മിറ്റി രൂപീകരിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
പെൺകുട്ടിക്ക് മാറി നൽകിയത് വാക്സിന്റെ ടെസ്റ്റ് ഡോസാണെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും ഡോക്ടർമാർ പറയുന്നു.
Tags : kollam sasthamkotta taluk hospital Complaint