കോട്ടയം: സംസ്ഥാനത്ത് ഭൂസംബന്ധമായ വിവരങ്ങൾ ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി റവന്യുവകുപ്പ് ആവിഷ്കരിച്ച ഡിജിറ്റൽ കാർഡുകൾ ആദ്യഘട്ടത്തിൽ 170 വില്ലേജുകളിൽ മാത്രം.
ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളിലാണ് റവന്യുകാർഡ് വിതരണം ചെയ്യുന്നത്. നിലവിൽ സംസ്ഥാനത്ത് 170 വില്ലേജുകളിൽ മാത്രമാണ് ഡിജിറ്റൽ സർവേ പൂർത്തിയായത്.
300 വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടപടികൾ അന്തിമഘട്ടത്തിലാണ്. രണ്ട് മാസത്തിനുള്ളിൽ ഇവിടങ്ങളിലെ സർവേ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റവന്യുവകുപ്പ് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് മൊത്തം 1666 വില്ലേജുകളിലായി 27 ലക്ഷം ഹെക്ടർ റവന്യുഭൂമിയാണുള്ളത്. മുഴുവൻ ഇടങ്ങളിലെയും ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കുന്നതിന് ഒരുവർഷത്തിലധികം വേണ്ടിവരുമെന്നാണ് റവന്യുഅധികൃതർ കണക്കുകൂട്ടുന്നത്.
അതേസമയം, നവംബർ ഒന്നുമുതൽ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുന്ന ഇടങ്ങളിൽ റവന്യു കാർഡുകൾ ലഭ്യമാകുമെന്ന് റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു. ഡിജിറ്റൽ സർവേ വഴി സംസ്ഥാനത്തെ 10 ലക്ഷം ഹെക്ടറിലധികം ഇതുവരെ അളന്നുതിട്ടപ്പെടുത്തിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ആധാർ കാർഡ് മാതൃകയിൽ ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ സമഗ്രവിവരങ്ങൾ ഡിജിറ്റൽ കാർഡിൽ ലഭ്യമാകും. കാർഡിന് 10 അക്കമുള്ള നമ്പർ ഉണ്ടാകും. കാർഡിൽ ഭൂവുടമയ്ക്ക് തന്റെ ഭൂമി സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും.
ഭൂമിയുടെ ഇനം, തരം, കൃത്യമായ വിസ്തീർണം എന്നിവയെല്ലാം ഇതിൽ രേഖപ്പെടുത്തിയിരിക്കും. കരമടച്ചത് സംബന്ധിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടും. ഭൂമിയിലുള്ള കെട്ടിടങ്ങളുടെ വിവരങ്ങളും ഇവയിൽ ഉൾപ്പെടും. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയാണ് കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ പൊതുജനങ്ങൾക്ക് നൽകുന്ന വിവരങ്ങൾ സുരക്ഷിതമായിരിക്കും.
Tags : Revenue card 170 villages digital cards Revenue Department single click