x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളമശേരിയില്‍ യുവതിയെ ആക്രമിച്ച കവര്‍ച്ച : പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു


Published: March 30, 2026 03:34 PM IST | Updated: March 30, 2026 03:34 PM IST

കൊച്ചി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. കേസുമായി ബന്ധപ്പെട്ട് പാലക്കാട് അഗളി ഗൂളിക്കടവ് ധോണിയാകുണ്ട് ഊരില്‍ എം. അനീഷി(28)നെയാണ് കളമശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജു, എസ്‌ഐ സെബാസ്റ്റ്യന്‍ പി. ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

റിമാന്‍ഡിലുള്ള പ്രതിയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനായി ഇയാളുമായി പോലീസ് സംഘം പാലക്കാട്ടേക്ക് തിരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ജയിലില്‍ വച്ച് മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടന്നിരുന്നു.

കഴിഞ്ഞ 15ന് രാത്രി 8.30ന് എച്ച്എംടി ജംഗ്ഷന് സമീപത്തെ റെയില്‍വേ ക്രോസിനോട് ചേര്‍ന്നായിരുന്നു സംഭവം. എച്ച്എംടി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്നെത്തിയ പ്രതി യുവതി എച്ച്എംടി ബസ് സ്‌റ്റോപ്പിന് സമീപം റെയില്‍വേ ക്രോസ് ചെയ്ത് നടന്ന് പോകുമ്പോള്‍ ആക്രമിക്കുകയും മൊബൈല്‍ ഫോണും മാലയും കവരുകയുമായിരുന്നു.

200ഓളം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്നെത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണും കൃത്യത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags : Robbery Kalamassery Police accused

Recent News

Corehub Up