കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ "നുണറായി' എന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് നാല് ലക്ഷം വീട് വച്ചെന്ന തന്‍റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നുണയാശാനോ നുണറായി ആണോ ഏതാണ് കൂടുതൽ യോജിക്കുന്നതെന്ന് നമുക്ക് കാണാമെന്നും സതീശൻ പറഞ്ഞു.
തന്നെ എങ്ങനെ എങ്കിലും തകർക്കണം. അതാണ് ഇങ്ങനെ തന്നെ നുണേശൻ എന്ന് വിളിക്കുന്നത്. അവനെ എങ്ങനെ എങ്കിലും പെണ്ണ് കേസിൽ പെടുത്തണം എന്ന് ഒരു സിനിമയിൽ ശങ്കരാടി പറഞ്ഞത് പോലെയാണെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രി വിളിച്ചോട്ടെ എന്നും സതീശൻ വെല്ലുവിളിച്ചു. ജമാത്തെ ഇസ്ലാമിയുമായി ഒരു ബന്ധവും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ജമാത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്യുന്ന വീഡിയോ ഹാജരാക്കുകയും അതോടെ ആ നുണ പൊളിയുകയും ചെയ്തു.
തന്നെ ഗീബൽസൻ എന്ന് വിളിച്ചു. എന്നാൽ ഞാൻ മുഖ്യമന്ത്രിയെ അങ്ങനെ വിളിക്കില്ല. പ്രായമായ ആളാണ് അദ്ദേഹമെന്നും സതീശൻ പറഞ്ഞു. എൽഡിഎഫ് വന്നതിനുശേഷം നേരത്തെ ഉമ്മൻ ചാണ്ടി സർക്കാർ നിർമിച്ച 50,000 വീടും അവരുടെ കണക്കിൽപ്പെടുത്തിയെന്നും സതീശൻ കൂട്ടിച്ചേർത്തു.
Tags : vd Satheesan Pinarayi vijayan. election