കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധക്കേസിലെ പ്രതികളുടെ വിചാരണ ഹൈക്കോടതി താത്കാലികമായി തടഞ്ഞു. നിലവിലെ ജഡ്ജിയില്‍നിന്നു നീതി ലഭിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുള്ളതിനാല്‍ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നില്‍ നടക്കുന്ന വിചാരണ വേറെ കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ആകാശ് തില്ലങ്കേരി അടക്കം കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഉത്തരവ്.
കേസില്‍ വിചാരണക്കോടതി തിടുക്കം കാട്ടുകയാണെന്നു ഹര്‍ജിയില്‍ പറയുന്നു. ഇതടക്കം ചൂണ്ടിക്കാട്ടി കോടതി മാറ്റത്തിനു നല്കിയ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
രണ്ടാം സാക്ഷിയെ വിസ്തരിച്ചപ്പോള്‍ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളാണു പറഞ്ഞതെന്നും അതിനാല്‍ പെരുമാറ്റരീതി പ്രത്യേകം രേഖപ്പെടുത്തണമെന്നുള്ള ആവശ്യം വിചാരണക്കോടതി അനുവദിക്കാത്തതടക്കം ഹര്‍ജിയില്‍ പറയുന്നു. വിചാരണക്കോടതി പ്രതികളുടെ ജാമ്യം നേരത്തേ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയാണ് ജാമ്യം പുനഃസ്ഥാപിച്ചത്. വിചാരണക്കോടതിയിലെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി 15ന് ഹര്‍ജി പരിഗണിക്കാനായി മാറ്റി.
Tags : Shuhaib murder Trial temporarily halted