തിരുവനന്തപുരം: തളിപ്പറന്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ ശ്യാമളയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ ടി.കെ. ഗോവിന്ദൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം പിണറായി വിജയനു ഹസ്തദാനം നല്കി.
സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമെത്തി പിണറായി വിജയനു കൈകൊടുത്ത ടി.കെ. ഗോവിന്ദന്റെ ആ ഹസ്തദാനത്തിനു പിന്നിൽ ഒരു പോരാട്ട വിജയത്തിന്റെ കൂടി സൂചനയുണ്ട്. പിണറായിക്കു കൈ കൊടുത്ത ശേഷം കെ.എൻ. ബാലഗോപാലിനും കെ. രാജനും രാജീവ് ചന്ദ്രശേഖർക്കും ഹസ്തദാനം നല്കി.
പ്രോ ടെം സ്പീക്കർ ജി. സുധാകരനു മുന്നിലെത്തി അഭിവാദ്യം അർപ്പിച്ച ശേഷം ഭരണ ബെഞ്ചിനു മുന്നിലെത്തിയ ഗോവിന്ദൻ മുഖ്യമന്ത്രി വി.ഡി. സതീശനും മുൻനിരയിലിരുന്ന മറ്റു മന്ത്രിമാർക്കെല്ലാം കൈകൊടുത്തു. ടി.കെ. ഗോവിന്ദനെ സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോൾ ഭരണപക്ഷം ഡെസ്കിൽ കൈ അടിച്ചാണ് ആഹ്ളാദം പങ്കുവച്ചത്.
പയ്യന്നൂരിൽനിന്നും വിജയിച്ച മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ സത്യപ്രതിജ്ഞയ്ക്കുശേഷം പിണറായി വിജയന് അഭിവാദ്യം അർപ്പിച്ചു.
പ്രോ ടെം സ്പീക്കർക്കു മുന്നിലേക്ക് പോയപ്പോൾ കൈ ഉയർത്തിയാണ് വലതുവശത്തിരുന്ന പിണറായിയെ അഭിവാദ്യം ചെയ്തത്. പിണറായി തിരിച്ചും കൈ ഉയർത്തി കാട്ടി.
Tags : T.K. Govindan shakes hands Pinarayi V. Kunhikrishnan Niyamasabha Oath