തിരുവനന്തപുരം : കഴിഞ്ഞ ആറു വർഷത്തിനിടെ ഇതാദ്യമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പാർട്ടി പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനു രൂക്ഷ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്കു സർക്കാരിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കാരണക്കാരാണെന്നായിരുന്നു സെക്രട്ടേറിയറ്റിലെ പൊതുവികാരം.
മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വഴിക്കുപോയപ്പോൾ മന്ത്രിമാർ തോന്നിയതുപോലെ പ്രവർത്തിച്ചു. ആർക്കും ആരെയും നിയന്ത്രിക്കാനായില്ല. തോൽവിയിൽ കൂട്ടുത്തരവാദിത്തം പറഞ്ഞു മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും നേതാക്കൾ സ്വയം തിരുത്താൻ തയാറാകാത്തതു കമ്മ്യൂണിസ്റ്റു ബോധം നശിച്ചതുകൊണ്ടാണെന്നും സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനമുണ്ടായി.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എല്ലാ പ്രവർത്തനങ്ങളും പാളിയെന്നതിന്റെ സൂചനയാണ് ഈ കടുത്ത തോൽവി. സർക്കാരിന്റെ നിയന്ത്രണം പാർട്ടിക്കുണ്ടായിരുന്നില്ല. പാർട്ടി സെക്രട്ടേറിയറ്റിൽ നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും സെക്രട്ടറിയോ മുഖ്യമന്ത്രിയോ അതിന്റെ ഗൗരവത്തിൽ കൈകാര്യം ചെയ്തില്ല. മന്ത്രിമാർ അവരുടെ വഴിക്കും സ്റ്റാഫുകൾ അവരുടെ വഴിക്കും പ്രവർത്തിച്ചു.
മന്ത്രിമാരുടെ പ്രവർത്തനം പരിശോധിക്കുമെന്നു പറഞ്ഞതല്ലാതെ തീരുമാനം നടപ്പിലാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിനു കഴിഞ്ഞില്ലെന്നും സ്ഥാനാർഥി നിർണയം അപ്പാടെ പാളിയെന്നും നേതാക്കൾ വിമർശനം നടത്തി.
കണ്ണൂരിൽ പയ്യന്നൂരിലും തളിപ്പറന്പിലും പാർട്ടിക്കേറ്റ തോൽവിയിൽ സമാധാനം പറഞ്ഞേ മതിയാകൂ. പാർട്ടി അംഗങ്ങളുടെയും അവരുടെ കൂടുംബത്തിന്റെയും വോട്ടുകൾ ഈ രണ്ടു മണ്ഡലങ്ങളിലും എതിരാളികൾക്കു ലഭിച്ചതിന്റെ പൂർണ ഉത്തരവാദിത്തം കണ്ണൂരിലെ നേതൃത്വത്തിനു മാത്രമല്ല പാർട്ടി സംസ്ഥാന നേതൃത്വത്തിനുമുണ്ട്.
തളിപ്പറന്പിൽ ഭാര്യയെ സ്ഥാനാർഥിയാക്കിയതിനു സോഷ്യൽ മീഡയയിൽ ഉൾപ്പെടെ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ ഉണ്ടായ വിമർശനവും കളിയാക്കലും ചോദിച്ചു വാങ്ങിയതു പോലെയാണു തോന്നിയത്. ഇക്കാര്യത്തിൽ മുതിർന്ന നേതാവു കൂടിയായ മുഖ്യമന്ത്രി കാണിച്ച മൗനം ഗൗരവമുള്ളതാണ്.
അന്പലപ്പുഴയിൽ പാർട്ടി വിട്ട ജി.സുധാകരൻ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചതിന്റെ ക്ഷീണം അടുത്തെങ്ങും മാറില്ലെന്നും അവിടുത്തെ പ്രശ്നങ്ങൾക്കു കാരണം പക്വതയില്ലാത്ത ജില്ലാ നേതൃത്വമാണെന്നും വിമർശനമുണ്ടായി.പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ ഗൗരവമായ പരിശോധന വേണമെന്ന അഭിപ്രായമാണു സെക്രട്ടേറിയറ്റിൽ ഭൂരിഭാഗം നേതാക്കളും പങ്കുവച്ചത്.
എന്നാൽ ഇക്കാര്യത്തിൽ പാർട്ടി പോളിറ്റ്ബ്യൂറോയുടെ തീരുമാനം കൂടി വേണ്ടതിനാൽ ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രതിപക്ഷ നേതാവിനെ സംബന്ധിച്ചു ചർച്ച ചെയ്തില്ല.
കൂട്ടുത്തരവാദിത്വം: പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇതാദ്യമായാണ് മുഖ്യമന്ത്രിക്കു നേരേ ഇത്രയും കടുത്ത വിമർശനം ഉയരുന്നത്.
നിയന്ത്രണമില്ലായ്മ: സർക്കാരിന്മേൽ പാർട്ടിക്ക് നിയന്ത്രണമില്ലായിരുന്നു. മന്ത്രിമാരും സ്റ്റാഫുകളും സ്വന്തം നിലയ്ക്ക് പ്രവർത്തിച്ചതും ഏകോപനമില്ലായ്മയും പരാജയത്തിനു കാരണമായി.
കമ്യൂണിസ്റ്റ് ബോധം: തെറ്റുകൾ തിരുത്താൻ നേതാക്കൾ തയാറാകാത്തത്
കമ്യൂണിസ്റ്റ് ബോധം നശിച്ചതുകൊണ്ടാണെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു.
തെരഞ്ഞെടുപ്പ് പരാജയവും സ്ഥാനാർഥി നിർണയവും
കണ്ണൂരിലെ തിരിച്ചടി: പാർട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും പരാജയപ്പെട്ടത് ഗൗരവതരമാണ്. പാർട്ടി കുടുംബങ്ങളുടെ വോട്ടുകൾ പോലും എതിരാളികൾക്ക് പോയത് നേതൃത്വത്തിന്റെ ഗുരുതര വീഴ്ചയായി കാണുന്നു.
തളിപ്പറമ്പിലെ സ്ഥാനാർഥിത്വം: സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കിയത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പരിഹാസത്തിന് ഇടയാക്കിയെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രി പുലർത്തിയ മൗനം ശരിയായില്ലെന്നും വിമർശനമുണ്ട്.
ജി. സുധാകരന്റെ വിജയം: പാർട്ടി വിട്ട ജി. സുധാകരൻ അമ്പലപ്പുഴയിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് പാർട്ടിക്കുണ്ടാക്കിയ ക്ഷീണം വലുതാണ്.
ആലപ്പുഴയിലെ പക്വതയില്ലാത്ത ജില്ലാ നേതൃത്വമാണ് ഇതിനു കാരണമെന്നും യോഗം വിലയിരുത്തി.
Tags : State Secretariat CPM ministers own way Chief Minister