മലപ്പുറം: കണ്ണമംഗലം പഞ്ചായത്തില്‍ രണ്ടു പേര്‍ക്ക് ജപ്പാന് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 60, 70 വയസുകളുള്ള രണ്ടു സ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ സുഖംപ്രാപിച്ച് വീട്ടില്‍ വിശ്രമിക്കുകയാണ്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
17, 21 വാര്‍ഡുകളിലാണ് മസ്തിഷ്കജ്വരം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പഞ്ചായത്ത് ഭരണ സമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഈ വീടിന്റെ അര കിലോമീറ്റര്‍ ചുറ്റളവില്‍ പനി സര്‍വേ നടത്തിയിരുന്നു.
കൊതുകിലൂടെ പകരുന്ന രോഗമായതിനാല്‍ കൊതുകിന്റെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. കക്കൂസ് സ്ലാബിന് വിടവുകള്‍ ഇല്ലെന്ന് ഉറപ്പാക്കാനും ഗ്യാസ് പൈപ്പില്‍ നെറ്റ് സ്ഥാപിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി. പ്രദേശത്തെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ജില്ല വെക്റ്റര്‍ കണ്ട്രോള് യൂണിറ്റിന്റെയും എന്‍ഡമോളജിസ്റ്റിന്റെയും നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രദേശത്ത് രോഗാണുക്കളെ വഹിക്കുന്ന കൊതുകുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൊതുകിലൂടെ പകരുന്ന വെസ്റ്റ് നൈല്‍ എന്ന രോഗം പിടിപെട്ട് കഴിഞ്ഞ വര്‍ഷം 24 വയസുള്ള യുവതി മരിച്ചിരുന്നു. ഇതിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലായിട്ടാണ് ജപ്പാന് ജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ജപ്പാന് ജ്വരം ബാധിച്ച പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി ഗുരുതരമാണെന്നും ഈ മാസം ഏഴിനു നടക്കുന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ പകര്‍ച്ചവ്യാധി വ്യാപനം പ്രത്യേക അജണ്ടയായി ചര്‍ച്ച ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കല്‍ അറിയിച്ചിട്ടുണ്ട്.
Tags : Kannamangalam Japanese encephalitis