തൃശൂർ: അങ്കണവാടിയിൽ കടന്നൽ കുത്തേറ്റ് നിരവധിപേർക്ക് പരിക്ക്. വടക്കാഞ്ചേരി പുതുരുത്തി മഹിളാ സമാജം 166 -ാം നമ്പർ അംഗനവാടിയിൽ ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം.
സംഭവത്തിൽ കുട്ടികൾക്കും അങ്കണവാടി ഹെൽപ്പർക്കും നാട്ടുകാർക്കും ഉൾപ്പടെ എട്ട് പേർക്ക് കടന്നൽ കുത്തേറ്റു.
കടന്നൽ കുത്തേറ്റ അഞ്ച് കുട്ടികൾ, അങ്കണവാടി ഹെൽപ്പർ പുതുരുത്തി സ്വദേശിനി പാമ്പും കാവിൽ വീട്ടിൽ ശോഭന(56), പ്രദേശവാസികളായ ആശാവർക്കർ ബോബി വർഗീസ് (55) , ജോസ് ചിരിയങ്കണ്ടത്ത് (70) എന്നിവരെ നാട്ടുകാർ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസമയം ഏഴ് കുട്ടികളാണ് അങ്കണവാടിയിൽ ഉണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഓടിയ കുട്ടികളെ പൊതിഞ്ഞു പിടിച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹെൽപ്പർ ശോഭനയെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചു. റോഡിലേക്ക് ഓടിയിറങ്ങിയ ഇവർ സമീപത്തെ കാനയിൽ വീണു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരിൽ ചിലർക്കും കടന്നൽ കുത്തേറ്റു.