തേക്കടി/തിരുവനന്തപുരം: “ഞങ്ങൾ കുരങ്ങിനെയും കാട്ടിയെയും ഒക്കെ ഭയക്കില്ല. കൊല്ലുകയും ഇല്ല, പകരം തൊഴുതുനിൽക്കും”. എന്നിട്ടും ഫോറസ്റ്റ് കാർ സ്വൈരം തരുന്നില്ലെന്ന് ആദിവാസി മന്നാംകുടിയിൽനിന്നുള്ള ചെറുപ്പക്കാർ, കാട്ടു ടൂറിസത്തിൽനിന്നു നല്ല വരുമാനം കിട്ടിയിട്ടും നാട്ടുകാർക്കു വേണ്ടത്ര ഗുണം കിട്ടുന്നില്ലെന്ന് പഞ്ചായത്തംഗങ്ങളും നാട്ടുകാരും, കാടും കൂടി വന്യമൃഗങ്ങളുടെ എണ്ണവും കൂടി എന്നിട്ടും വനംവകുപ്പുകാരെ ആരും പ്രത്യേകിച്ച് മാധ്യമങ്ങൾ വേണ്ടത്ര ഗൗനിക്കുന്നില്ലെന്നു വനം ജീവനക്കാർ.
പെരിയാർ കടുവാ സങ്കേതത്തിൽ കൂടിയ മാധ്യമ, സാഹിത്യ, പരിസ്ഥിതി കൂട്ടായ്മയിൽ ഓരോ വിഭാഗത്തിനും പറയാൻ ഒട്ടേറെ ഉണ്ടായിരുന്നു. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും മാധ്യമ പ്രവർത്തകരും എഴുത്തുകാരും അതു കേൾക്കാനും എത്തി.
പെരിയാർ കടുവാ സങ്കേതത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായിരുന്നു കൂട്ടായ്മ. ഒരുകാലത്ത് ആദിവാസികളും വനം വകുപ്പും പത്രമേഖലയും പരിസ്ഥിതി പ്രവർത്തകരും ഒരുമിച്ചു നടത്തിയ കൂട്ടായ ശ്രമമാണ് സൈലന്റ് വാലി ഉൾപ്പെടെയുള്ള നിത്യഹരിത വനങ്ങൾ ഇന്നും നിലനിൽക്കുന്നതിനു കാരണമെന്നു ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ ഒരുമിച്ച് അഭിപ്രായപ്പെട്ടപ്പോൾ ആ കൂട്ടായ്മ നഷ്ടമായെന്നും വീണ്ടും തുടരേണ്ടത് കേരളത്തിന്റെ ഹരിത രാഷ്ട്രീയത്തിന് ആവശ്യമാണെന്നും അഭിപ്രായമുയർന്നു.
കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് ഉദ്ഘാടന പ്രസംഗത്തിൽ ഇടുക്കിയിലെ സാമാന്യ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും വനം വകുപ്പ് ചെയ്യേണ്ട കാര്യങ്ങളും അക്കമിട്ടു നിരത്തി. കാട്ടിനുള്ളിൽ ടൂറിസവും താമസ സൗകര്യങ്ങളും റിസോർട്ടുകളും പെരുകുന്പോൾ വന്യമൃഗങ്ങൾ നാട്ടിലെ തോട്ടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വരുന്നതു സ്വാഭാവികമാണെന്നു ചർച്ചയിൽ പങ്കെടുത്ത ആദിവാസി നേതാക്കൾ പറഞ്ഞത് വനംവകുപ്പിന്റെ ടൂറിസം പദ്ധതിയിൽ ചില നിയന്ത്രണങ്ങൾ വേണമെന്നതിലേക്കു വിരൽചൂണ്ടുന്നതായിരുന്നു.
മുഖ്യപ്രഭാഷണം നടത്തിയ അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി വനം വകുപ്പ്-പരിസ്ഥിതി-മാധ്യമ കൂട്ടായ്മ വീണ്ടും സജീവമാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നു സൂചിപ്പിച്ചു.
കെയുഡബ്ല്യുജെ മുൻ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം, പരിസ്ഥിതി പത്രപ്രവർത്തകരായ വർഗീസ് തോമസ്, അനിൽ വള്ളിക്കോട്, വിനോദ് കണാളി, രാഷ്ട്രീയ പരിസ്ഥിതി സംഘടനകളുടെ പ്രവർത്തകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മൊഴി സാംസ്കാരിക സംഘം ഏഴു പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു.
Tags : Wildlife comprehensive study Media literature ecology