കേരളത്തിലെ കർഷകർക്ക് ഉത്തരേന്ത്യൻ കർഷകരെപ്പോലെ നീണ്ടുനിൽക്കുന്ന ഒരു സമരം നടത്താനാവില്ല എന്ന മുൻവിധി കേരളീയ പൊതുസമൂഹത്തിലുണ്ട്. രാവിലെ പശുവിന്റെ കറവയും പാൽ വില്പനയും തീറ്റവെട്ടലും റബർ ടാപ്പിംഗും മറ്റുമുള്ള കർഷകരെങ്ങനെയാണ് മാസങ്ങൾ നീണ്ടുനിൽക്കുന്ന സമരങ്ങളിൽ പങ്കാളികളാവുക എന്ന സന്ദേഹം സ്വാഭാവികമാണ്. എന്നാൽ, വന്യജീവികൾക്കു മാത്രമല്ല, മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി ഓഗസ്റ്റ് 15ന് കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ആരംഭിച്ച അനിശ്ചിതകാല കർഷകസ്വരാജ് സത്യഗ്രഹം നാലുമാസത്തിനു ശേഷം ഇപ്പോഴും തുടരുകയാണ്. വടക്കേ മലബാറിലെ മലയോരത്ത് നടന്നുവരുന്ന കർഷകസ്വരാജ് സത്യഗ്രഹം ഇന്ന് വന്യമൃഗ ആക്രമണങ്ങളിൽ പൊറുതിമുട്ടിയ കേരളത്തിലങ്ങോളമിങ്ങോളമുള്ള മലയോരജനതയുടെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ്.
കാർഷിക പ്രവർത്തനങ്ങളോടൊപ്പം നീതിക്കുവേണ്ടിയുള്ള സമരവും മുന്നോട്ടു കൊണ്ടുപോകാൻ പാകത്തിലുള്ള സത്യഗ്രഹരൂപമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനം മുതൽ ഒരു ദിവസവും മുടക്കം വരാതെ വെള്ളരിക്കുണ്ടിലെ സത്യഗ്രഹ പന്തലിൽ വൈകുന്നേരം നാലു മുതൽ ആറു വരെ സായാഹ്ന സത്യഗ്രഹം നടന്നുവരുന്നു. ഇതിനോടകം ഒട്ടനവധി സംഘടനകൾ അനുഭാവ സത്യഗ്രഹം നടത്തി ഈ സമരത്തോട് കണ്ണിചേർന്നു. കേരളത്തിലെ ഒട്ടുമിക്ക സ്വതന്ത്ര കർഷക സംഘടനകളും വിവിധ സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളും കർഷകസ്വരാജ് സത്യഗ്രഹത്തോടൊപ്പം ചേർന്നുകഴിഞ്ഞു. പ്രതിപക്ഷനേതാവടക്കം വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. ഡൽഹി കർഷകസമര നേതാക്കൾ പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും ഉത്തർപ്രദേശിൽനിന്നുമെല്ലാം വെള്ളരിക്കുണ്ടിൽ പിന്തുണയുമായെത്തി.
ഇടയ്ക്ക് വലിയ സമ്മേളനങ്ങളും നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന പ്രകടനങ്ങളും നടക്കുന്നു. ഈ സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനകൾ ചേർന്ന് സംസ്ഥാന തലത്തിൽ ഐക്യദാർഢ്യസമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്.
ഐക്യദാർഢ്യസമിതിയുടെ മുൻകൈയിൽ സംസ്ഥാന തലത്തിൽ പ്രചരണ വാഹനജാഥയും അതിന്റെ സമാപനത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ 100 മണിക്കൂർ ഉപവാസവും സംഘടിപ്പിക്കപ്പെട്ടു. ഇപ്പോൾ കേരളത്തിന്റെ വിവിധ മേഖലകളിൽ കർഷകസ്വരാജ് സത്യഗ്രഹത്തിനു പിന്തുണയുമായി സത്യഗ്രഹങ്ങൾ നടക്കുകയാണ്. എറണാകുളത്ത് 100 മണിക്കൂർ ഉപവാസം, കണ്ണൂരിൽ 50 മണിക്കൂർ ഉപവാസം, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ 50 മണിക്കൂർ ഉപവാസം എന്നിങ്ങനെ വെള്ളരിക്കുണ്ടിലെ സമരജ്വാലയിൽനിന്ന് സമരത്തിന്റെ അഗ്നിനാളങ്ങൾ പടർന്നുതുടങ്ങിയിരിക്കുന്നു. ക്രിസ്മസിനുശേഷം പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലും സമാനമായ സത്യഗ്രഹങ്ങൾ നടക്കും.
കേരളത്തിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരമാവശ്യപ്പെട്ട് തുടക്കംകുറിച്ച അനിശ്ചിതകാല കർഷകസ്വരാജ് സത്യഗ്രഹം മതിയായ പഠനങ്ങളുടെയും തയാറെടുപ്പുകളുടെയും അടിസ്ഥാനത്തിലാണ് ആരംഭിച്ചത്. അതുകൊണ്ടുതന്നെ പ്രശ്നകാരണത്തെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും വ്യക്തമായ നിരീക്ഷണങ്ങളും നിർദേശങ്ങളുമുള്ള നിവേദനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചിട്ടുണ്ട്.
1972ലെ വന്യജീവി സംരക്ഷണനിയമത്തിൽ വരുത്തേണ്ട ഭേദഗതികളാണ് കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ വന്യജീവി ശല്യമുള്ള വിവിധ സംസ്ഥാനങ്ങളിലെ കർഷകസംഘടനാ പ്രതിനിധികളുടെ കൺവൻഷൻ പൂനയിൽ 20ന് ചേരും. അതോടെ വെള്ളരിക്കുണ്ടിലെ സമരാവശ്യങ്ങളിൽ ഒന്ന് നേടിയെടുക്കാനുള്ള ദേശീയ സമരവേദി രൂപപ്പെടും.
1972ലെ വന്യജീവി സംരക്ഷണ നിയമം നിലനിൽക്കുമ്പോൾതന്നെ സംസ്ഥാന സർക്കാർ ചെയ്യേണ്ട മർമപ്രധാനമായ കാര്യങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ടാണ് സത്യഗ്രഹം സംസ്ഥാന തലത്തിലേക്കും ദേശീയ തലത്തിലേക്കും വ്യാപിപ്പിക്കുന്നത്. അത് വ്യക്തമാക്കുന്നതാണ് കേരളത്തിലെ പെരുകുന്ന വന്യജീവി ആക്രമണത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള സത്യഗ്രഹ സമിതിയുടെ വിലയിരുത്തലുകൾ. കാരണങ്ങൾ വ്യക്തമാവുമ്പോൾ കേരളീയ പൊതുസമൂഹത്തിൽ ഒരു വിഭാഗം കൊണ്ടുനടക്കുന്ന മറ്റൊരു മുൻവിധിയും തകർന്നുവീഴുന്നു.
വനം എവിടെ?
വന്യജീവി ആക്രമണത്തിന്റെ കാരണങ്ങൾ ഏറ്റവും ആധികാരികമായി പറഞ്ഞിരിക്കുന്നത് ഭരണഘടനാസ്ഥാപനമായ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ 2022ലെ റിപ്പോർട്ടിലാണ്. പ്രസ്തുത റിപ്പോർട്ടിലെ ചില കണക്കുകൾ താഴെപ്പറയുന്നു.
കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 29.66 ശതമാനം വനഭൂമിയാണ്- 11,524. 91 ചതുരശ്ര കിലോമീറ്റർ വരുമിത്. ഇതിൽ 21.81 ശതമാനം (2,513.53 ചതുരശ്ര കിലോമീറ്റർ) വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നു.
മേൽ സൂചിപ്പിച്ച കണക്കിൽ നമ്പർ(3)-ൽ പ്രതിപാദിക്കുന്ന 384.12 ചതുരശ്രകിലോമീറ്ററിൽ 200 ചതുരശ്ര കിലോമീറ്ററും 1977നു മുമ്പ് കുടിയേറിയ കർഷകരുടെ കൈവശമാണെന്നും 1977നു ശേഷമുള്ള കൈയേറ്റം മുഴുവൻ കർഷകർ നടത്തിയതാണെന്നും വാദത്തിനുവേണ്ടി സമ്മതിച്ചാൽപോലും കേരളത്തിലെ മലയോരങ്ങളിൽ കർഷകന്റെ കൈവശമുള്ള ആകെ മുൻ വനഭൂമി 250 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ഇതാകട്ടെ, ആകെ വനഭൂമിയിൽ വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്റെ 10 ശതമാനവും.
സിഎജി റിപ്പോർട്ടിൽ വിവിധ അധിനിവേശ സസ്യങ്ങൾ വനഭൂമിയെ വനമല്ലാതാക്കിയതിന്റെയും കണക്കുകളുണ്ട്. 2021ലെ ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് അനുസരിച്ച് 490 ചതുരശ്ര കിലോമീറ്റർ വനം അധിനിവേശ സസ്യങ്ങളാൽ നശിപ്പിക്കപ്പെട്ടു. ഇതിൽ അതിവേഗം പടരുന്ന അധിനിവേശ സസ്യമായ സെന്ന (മഞ്ഞക്കൊന്ന) ഉൾപ്പെടുന്നില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. മഞ്ഞക്കൊന്നയുടെ കണക്ക് പ്രത്യേകം പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്; 1986ൽ മുത്തങ്ങ ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിൽ തണൽ വൃക്ഷമായി ഏതാനും ചുവട് മഞ്ഞക്കൊന്ന നട്ടു. 2012 ആയപ്പോൾ മഞ്ഞക്കൊന്ന 14.56 ചതുരശ്ര കിലോമീറ്റർ വനത്തിൽ ആധിപത്യം സ്ഥാപിച്ചു. 2020 ആയപ്പോൾ മഞ്ഞക്കൊന്ന 78.91 ചതുരശ്ര കിലോമീറ്റർ വനത്തിലേക്ക് പടർന്നുകയറി.
2021ൽ 490 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചിരുന്ന മഞ്ഞക്കൊന്ന ഒഴികെയുള്ള അധിനിവേശ സസ്യങ്ങളും 2020ൽ 78.91 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ മഞ്ഞക്കൊന്നയുംകൂടി 2025ൽ 1,000 ചതുരശ്ര കിലോമീറ്റർ വനമേഖല നശിപ്പിച്ചിട്ടുണ്ടാവുമെന്ന് അനുമാനിക്കാം. അങ്ങനെയെങ്കിൽ വനേതര ആവശ്യങ്ങൾക്കുപയോഗിച്ച വനഭൂമിയും അധിനിവേശസസ്യങ്ങൾ ആവരണം ചെയ്ത വനഭൂമിയും ചേർന്നാൽ ഏകദേശം 3,500 ചതുരശ്ര കിലോമീറ്റർ വനഭൂമി വനമല്ലാതായിരിക്കുന്നു. അതായത്, ആകെ വനഭൂമിയുടെ മൂന്നിലൊന്നോളം നശിപ്പിക്കപ്പെട്ടു. ഇവിടെയാണ് മലയോര കർഷകരാണ് വനം നശിപ്പിച്ചത് എന്ന ചിലരുടെ മുൻവിധികൾ ആവിയായി പോകുന്നത്.
പ്രശ്നപരിഹാരം?
നശിപ്പിക്കപ്പെട്ട വനഭൂമിയിലെ തേക്ക് യൂക്കാലി തോട്ടങ്ങൾ വനംവകുപ്പു തന്നെ തീരുമാനമെടുത്ത് വെട്ടിമാറ്റി സ്വാഭാവിക വനമാക്കാനുള്ള നടപടിയെടുക്കുക എന്നതാണ് മുഖ്യപരിഹാര മാർഗം. യുദ്ധകാലാടിസ്ഥാനത്തിൽ ഊർജിത ശ്രമങ്ങളുണ്ടായാൽ അധിനിവേശ സസ്യങ്ങളുടെ പിടിയിലമർന്ന 1,000 ചതുരശ്ര കിലോമീറ്റർ വനത്തെ വീണ്ടെടുക്കാനാകും. യാഥാർഥ്യബോധത്തോടെ പരിശ്രമിച്ചാൽ അഞ്ചു കൊല്ലംകൊണ്ട് പുൽമേടുകളെ പഴയ സമ്പന്നതയിലേക്ക് കൊണ്ടുവരാനാകും. ശാസ്ത്രീയ മൃഗസെൻസസ് നടത്തി ഓരോ വനമേഖലയുടെയും മൃഗവാഹക ശേഷിയും ഇപ്പോഴത്തെ യാഥാർഥ്യവും പഠനവിധേയമാക്കാനാകും.
ഇത്തരം ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾ ആത്മാർഥതയോടെ നടപ്പിലാക്കിയാലും അതിന്റെ ഗുണങ്ങൾ അനുഭവപ്പെടാൻ കുറഞ്ഞത് രണ്ടു ദശകമെങ്കിലും വേണ്ടിവരും. ആ കാലയളവിലും വന്യമൃഗങ്ങൾ പെരുകിക്കൊണ്ടിരിക്കും. അവ മലനാട്ടിൽനിന്ന് ഇടനാട്ടിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കും. ഇതു പ്രതിരോധിക്കാൻ അടിയന്തര നടപടികൾ ആവശ്യമായി വരും.
ചിലയിനം വന്യജീവികളുടെ നിശ്ചിത കാലത്തേക്കുള്ള നിയന്ത്രിത വേട്ട വേണ്ടിവരും. ചിലയിനങ്ങളെ പിടികൂടി അത്തരം ജീവികളുടെ സാന്ദ്രത കുറഞ്ഞ വനമേഖലകളിലേക്കോ പ്രത്യേകം തയാറാക്കുന്ന പുനരധിവാസ കേന്ദ്രങ്ങളിലേക്കോ മാറ്റേണ്ടിവരും. ചിലയിനങ്ങളെ വന്ധീകരിക്കേണ്ടിവരും. വന്യമൃഗങ്ങൾ പുറത്തു വരാതിരിക്കാൻ വനാതിർത്തി മേഖലകളിൽ പഴുതടച്ച പ്രതിരോധ സംവിധനങ്ങൾ വേണ്ടിവരും.
നിയന്ത്രിത വേട്ടയ്ക്കും വന്ധീകരണത്തിനുമൊക്കെ 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അത് കേന്ദ്രസർക്കാരാണ് ചെയ്യേണ്ടത് എന്നു പറയുമ്പോൾതന്നെ ബാക്കി കാര്യങ്ങൾ സംസ്ഥാന സർക്കാരിന് ഇപ്പോൾതന്നെ ചെയ്തു തുടങ്ങാവുന്നതാണല്ലോ.ഇങ്ങനെ ദീർഘകാല-അടിയന്തര നടപടികളെടുത്താലും കുറഞ്ഞ തോതിലെങ്കിലും വന്യജീവികൾ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും വന്നേക്കാം. അത്തരം സാഹചര്യത്തിൽ, നഷ്ടങ്ങൾ നേരിടുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം നിയമപരമായി ഉറപ്പുവരുത്തണം. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കു പറ്റുന്നവർക്കും വാഹനാപകട നഷ്ടപരിഹാര വ്യവസ്ഥകൾക്ക് സമാനമായും കാർഷിക നഷ്ടമുണ്ടാവുന്നവർക്ക് ഉത്പാദനച്ചെലവും കമ്പോളവിലയും കണക്കിലെടുത്തുമുള്ള നഷ്ടപരിഹാരം ഉറപ്പുവരുത്തണം. ഇതിനും കേന്ദ്രനിയമ ഭേദഗതിക്കായി കാത്തിരിക്കേണ്ടതില്ല. ഇത്തരം യാഥാർഥ്യബോധത്തോടെയുള്ള നടപടികളാണ് വെള്ളരിക്കുണ്ടിലെ കർഷകസ്വരാജ് സത്യഗ്രഹം ആവശ്യപ്പെടുന്നത്.
(കർഷകസ്വരാജ് സത്യഗ്രഹ സമിതി ചെയർമാനാണ് ലേഖകൻ)
Tags : prejudices struggle overcomes