യുദ്ധം നമ്മുടെ അടുക്കളകളെ ബലഹീനമാക്കി. കുക്കിംഗ് ഗ്യാസ് വേണ്ടത്ര കിട്ടാനില്ല. പല ഹോട്ടലുകളും അടഞ്ഞുപോയി. പാചകവാതകം എല്ലാക്കാലത്തും സുലഭമായി കിട്ടിക്കൊണ്ടിരിക്കും എന്നാരും ചിന്തിക്കരുത്. പ്രകൃതിദത്തമായ എൽപിജി ഗ്യാസ് 50 കൊല്ലംകൂടി പരമാവധി കിട്ടാം എന്നതാണ് ഏകദേശകണക്ക്. അതുകഴിഞ്ഞും മനുഷ്യർക്കു ജീവിക്കണ്ടേ?
ബദൽ മാർഗങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമായി. ബയോഗ്യാസ് തന്നെയാണ് അതിൽ മുഖ്യം. വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവ, ഖര മാലിന്യങ്ങൾ ഒരു ബയോഗ്യാസ് പ്ലാന്റിലൂടെ സംസ്കരിച്ചു മീഥേൻ ഗ്യാസ് ഉത്പാദിപ്പിച്ച് അതിനെ കുക്കിംഗ് ഗ്യാസ് ആയി ഉപയോഗിക്കുകയും മറ്റൊരു ഉത്പന്നമായ ദ്രാവകരൂപത്തിലുള്ള സ്ലറി കൃഷിക്ക് വളമായിട്ട് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഒറ്റവാക്യത്തിൽ ബയോഗ്യാസിന്റെ ധർമം. ഇതിലൂടെ ജൈവ, ഖര മാലിന്യങ്ങളുടെ സംസ്കരണം, കുക്കിംഗ് ഗ്യാസ് ഉത്പാദനം, മെച്ചപ്പെട്ട കൃഷി എന്നിവ നടക്കും.
►►ബയോഗ്യാസ് പ്ലാന്റുകൾ കേരളത്തിൽ
നമ്മുടെ നാട്ടിൽ ഇതൊരു പുതുമയല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ തുക സബ്സിഡി കൊടുത്ത് ബയോഗ്യാസ് പ്ലാന്റുകൾ ജനങ്ങൾക്ക് നൽകുന്നുണ്ട്. കുറച്ചുപേർ അത് ശരിക്ക് ഉപയോഗിക്കുന്നു. മറ്റു ചിലർ മറിച്ചു വിൽക്കുന്നു. വേറെ ചിലർ ഉപയോഗിക്കാതെ വയ്ക്കുന്നു. എന്നുവച്ചാൽ വേണ്ടത്ര ഫലിക്കാതെപോയ സർക്കാർ പരിപാടി എന്നർഥം. എന്നാലും പൂർണ പരാജയമെന്നു പറയാനാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇങ്ങനെയുള്ള പദ്ധതികൾ ഏറ്റെടുത്തതിന്റെ പ്രധാന ഉദ്ദേശ്യം ജൈവ, ഖര മാലിന്യങ്ങളുടെ സംസ്കരണം ഫലപ്രദമാക്കുക എന്നതുതന്നെയായിരുന്നു. ഏറെ വളക്കൂറുള്ള സ്ലറി നമ്മുടെ കൃഷിയെ സഹായിക്കും എന്നതിനും അത് നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിന് ഗുണപ്രദമാകും എന്നതിനും തർക്കമില്ല. കൃഷിയിലുണ്ടാകുന്ന പുരോഗതി കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതിനും ഗുണപ്രദമാണല്ലോ.
ഇപ്പോൾ സാഹചര്യം മാറി. ഗ്യാസ് ക്ഷാമം ഗുരുതര പ്രശ്നമായി. ഭാവിയിലേക്ക് പുതിയ കാഴ്ചപ്പാട് അനിവാര്യം. എന്നാൽ, സബ്സിഡി ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റ് നാമമാത്രമായ വിലയ്ക്കു വാങ്ങി ഉപയോഗിക്കാതെ പോകുന്നതിന്റെ പല കാരണങ്ങളിൽ പ്രസക്തമായ ഒന്നാണ് വാങ്ങിയ ആളുകളുടെ താത്പര്യക്കുറവ്. തീർച്ചയായും ഇതല്പം ശ്രമവും താത്പര്യവും ആവശ്യമുള്ളതുതന്നെയാണ്.
►►ബയോഗ്യാസ് പ്ലാന്റുകളും ജൈവമാലിന്യ സംസ്കരണവും
ജൈവ, ഖര മാലിന്യങ്ങൾ ഉണ്ടെങ്കിലാണ് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്. ഓക്സിജന്റെ അഭാവത്തിൽ പ്രവർത്തിക്കുന്ന അനെയ്റോബിക് ബാക്ടീരിയ കാർബണിക വസ്തുക്കളുടെ സാന്നിധ്യത്തിൽ മീഥേൻ ഗ്യാസും കാർബണ് ഡയോക്സൈഡും ഉത്പാദിപ്പിക്കുന്നു.
മീഥേൻ ഗ്യാസ് കത്തിക്കാൻ ഉപയോഗിക്കാം. ബയോഗ്യാസ് പ്ലാന്റ് ഉണ്ടെങ്കിൽ ഗ്യാസ് കത്തിക്കാനുള്ള സംവിധാനവും സ്ലറി ഉപയോഗിക്കാൻ കൃഷിയും ഉണ്ടായിരിക്കണം എന്നത് വ്യക്തം. ഉപയോഗിക്കാതെ പുറത്തേക്കു വിട്ടാൽ മീഥേൻ ഗ്യാസ് ആഗോളതാപനം വൻതോതിൽ വർധിപ്പിക്കും. കത്തിച്ചുകഴിയുന്പോൾ മീഥേൻ ഗ്യാസ് കാർബണ് ഡയോക്സൈഡ് ആയി മാറുന്നതിനാൽ ആഗോളതാപനത്തിന്റെ തോത് ഗണ്യമായി കുറയുന്നു.
കേരളത്തിൽ ജൈവ, ഖര മാലിന്യങ്ങൾ വളരെയധികം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിന്റെ നിലവിലുള്ള സംസ്കരണ രീതികൾ അത്ര ഫലപ്രദവുമല്ല. പട്ടണങ്ങളിലെ പൊതുസ്ഥലത്തെ ജൈവ ഖര മാലിന്യങ്ങൾ സംസ്കരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബാധ്യതയാണ്. എന്നാൽ, വീടുകളിലും സ്ഥാപനങ്ങളിലും ഈ ജോലി അവരവർതന്നെ ചെയ്യണം. ഇപ്പോൾ വളരെ കുറച്ചു മാലിന്യം മാത്രമാണ് ശുദ്ധീകരിക്കപ്പെടുന്നത്.
വീടുകളിലും ഹോട്ടലുകൾ പോലെയുള്ള സ്ഥാപനങ്ങളിലും ബയോഗ്യാസ് ഫലപ്രദമായി ഉപയോഗിച്ചാൽ ഒരു പരിധിവരെ ഗ്യാസ് ക്ഷാമം പരിഹരിക്കാം. കേരളത്തിൽ ജനസാന്ദ്രത കൂടുതലായതിനാൽ വീടിനോടനുബന്ധിച്ചുള്ള സ്ഥലം മാലിന്യ നിർമാർജനത്തിന് ഫലപ്രദമായി ഉപയോഗിക്കണം എന്ന തത്വവും പ്രസക്തമാണ്.
വലിയ ബയോഗ്യാസ് പ്ലാന്റുകൾക്കു കേന്ദ്രസർക്കാരിന്റെ സബ്സിഡി ലഭ്യമാണ്. തുക വലുപ്പമനുസരിച്ചു മാറ്റം വരും. അതുപോലെ കേരളത്തിലും ചെറിയ ബയോഗ്യാസ് പ്ലാന്റുകൾക്ക് സബ്സിഡിയുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും നയങ്ങൾ അനുസരിച്ചു സബ്സിഡിയിൽ മാറ്റം വരും.
നിയമനിർമാണവും, ഉള്ള നിയമങ്ങളുടെ നടപ്പാക്കലും അത്യാവശ്യമാണ്. പല വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇപ്പോൾത്തന്നെ ബയോഗ്യാസ് പ്ലാന്റുകളുണ്ട്. പക്ഷേ, അതിൽ പലതും വെറുതെയിരിക്കുകയാണ്. ആ സാഹചര്യം മാറണം.
കൂടുതൽ പഠനവും ആവശ്യമുണ്ട്. എങ്ങനെ ബയോഗ്യാസ് പ്ലാന്റുകളെ ഫലപ്രദമായി ഉപയോഗിക്കാം എന്നതും അതിന്റെ ശാസ്ത്രീയവും സാമൂഹ്യവുമായ വിവിധ പ്രത്യാഘാതങ്ങളും, അതെങ്ങനെ അതിജീവിക്കാം എന്നതുമൊക്കെ പഠനവിഷയമാക്കേണ്ടതാണ്. ജനങ്ങളുടെ അവബോധം വർധിപ്പിക്കുന്നതിനുള്ള നടപടികളും മറ്റു സാങ്കേതിക നടപടികളും അനിവാര്യമാണ്.
►►ബയോഗ്യാസ് പ്ലാന്റിന്റെ പ്രവർത്തന മാന്വൽ
ബയോഗ്യാസിന്റെ ഉപയോഗത്തെപ്പറ്റിയും പ്ലാന്റുകളുടെ പ്രവർത്തനത്തെപ്പറ്റിയും വിശദമായ ഒരു മാനുവൽ തയാറാക്കുന്നത് നല്ലതാണ്. താത്പര്യമുള്ളവർക്ക് ആവശ്യമായ സാങ്കേതിക സഹായവും ഉറപ്പുവരുത്തണം.
നമ്മുടെ സമീപനത്തിൽ മാറ്റം അനിവാര്യമാണ്. ചില നിർദേശങ്ങൾ താഴെ ചേർക്കുന്നു.
1. എല്ലാ വീടുകളിലും ബയോഗ്യാസ് പ്ലാന്റുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സംവിധാനം നിർബന്ധമാക്കുക.
2. അപ്പോൾ വീടുകളിൽ സ്ലറി ഒഴിക്കാൻ ആവശ്യമായ കൃഷി വേണം. നട്ടുവളർത്തുന്ന മരങ്ങൾ വീട്ടിലെ പരിസ്ഥിതി സംരക്ഷിക്കാൻ ഉത്തമമാണ് എന്ന കാര്യവും മനസിലാക്കണം. മരങ്ങൾ കാർബണ് ഡയോക്സൈഡ് വലിച്ചെടുക്കുന്നു. അതിലൂടെ പ്രകാശസംശ്ലേഷണം കാര്യക്ഷമമാകുന്നു. വായു മലിനീകരണം കുറയുന്നു
3. വീടിന്റെ പരിസരം പൂർണമായി ടൈൽ ഇടുന്ന രീതി നിയന്ത്രിക്കുക. അവിടെ പല മരങ്ങൾ വച്ചുപിടിപ്പിക്കുക.
4. ഹോട്ടലുകളും അതുപോലെയുള്ള സ്ഥാപനങ്ങളും കപ്പാസിറ്റി അനുസരിച്ചു വലിയ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുക. ഗ്യാസ് ഹോട്ടലിൽ ഉപയോഗിക്കാം. സ്ലറി വിൽക്കാം. സ്ലറിക്ക് ആവശ്യക്കാരുണ്ടാകും. അല്ലാത്തപക്ഷം നല്ല സോക്പിറ്റുകൾ നിർമിച്ചു സ്ലറി സംസ്കരിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.
(ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജിലെ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ.)
Tags : Biogas Cooking Gas Biogas Plant