മാതൃത്വത്തെയും ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെയും കുറിച്ചുള്ള ആധുനിക നിയമവ്യാഖ്യാനങ്ങൾ മാനുഷികതയുടെ ധാർമികബോധത്തെ എത്രത്തോളം മുറിപ്പെടുത്തുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2026 ഏപ്രിൽ 24ലെ സുപ്രീംകോടതി ഉത്തരവ്.
15 വയസുകാരിയായ അതിജീവിതയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് ജസ്റ്റീസ് ബി.വി. നാഗരത്ന ഉൾപ്പെട്ട ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾ കേവലം ഒരു പ്രത്യേക കേസിലെ വൈകാരികമായ തീർപ്പല്ല; മറിച്ച്, വരാനിരിക്കുന്ന കാലത്തെ നിയമസംഹിതകൾ സംബന്ധിച്ച ദിശാസൂചിക കൂടിയാണ്. ഈ കേസിൽ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ദത്തെടുക്കൽ എന്ന മനുഷ്യത്വപരവും ജീവനു മൂല്യം നല്കുന്നതുമായ പ്രായോഗിക നിർദേശത്തെ കോടതി തള്ളിക്കളഞ്ഞത് അതീവ ഗൗരവത്തോടെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
കുഞ്ഞ് ജനിച്ചശേഷം ദത്തെടുക്കാൻ സംവിധാനങ്ങളുള്ളപ്പോൾ എന്തിന് ഈ ജീവൻ അവസാനിപ്പിക്കണം എന്ന സർക്കാർ നിലപാടിനെ, ദത്തെടുക്കൽ എന്ന സാധ്യത നിലനിൽക്കുന്നതുകൊണ്ടു മാത്രം ഒരു സ്ത്രീയെ തന്റെ താത്പര്യത്തിനു വിരുദ്ധമായി ഗർഭം തുടരാൻ നിർബന്ധിക്കാനാവില്ലെന്നാണു കോടതി വ്യക്തമാക്കിയത്. ഇവിടെ ‘സ്ത്രീ’ എന്ന പദം ഉപയോഗിച്ചതിലൂടെ, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല, പ്രായപൂർത്തിയായവരുടെ കാര്യത്തിലും മാതൃത്വത്തെ പൂർണമായും ഒരു സ്ത്രീയുടെ വ്യക്തിപരമായ തീരുമാനമായി മാത്രം നിയമം പരിഗണിച്ചേക്കാമെന്ന സൂചനയുണ്ട്. നിസഹായാവസ്ഥയിലുള്ള ഗർഭസ്ഥശിശുവിന്റെ അവകാശങ്ങളെ പൂർണമായും നിരാകരിച്ചുകൊണ്ട് സ്ത്രീയുടെ ശാരീരിക സ്വയാധികാരത്തിനു മാത്രം മുൻഗണന നൽകുന്ന നിയമ സമീപനരീതിയാണ് നിലവിലുള്ളതെന്ന് ഈ വിധി വ്യക്തമാക്കുന്നു.
ഗർഭപാത്രത്തിലെ ജീവന്റെ സുരക്ഷ ബലഹീനമാകുമ്പോൾ
ഭാരതത്തിലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എംടിപി) നിയമത്തിലെ 2021ലെ ഭേദഗതികളാണ് ഇത്തരം വിധിന്യായങ്ങൾക്ക് കവാടം തുറന്നുനൽകിയത്. 1971ലെ നിയമപ്രകാരം 20 ആഴ്ചയായിരുന്ന ഗർഭഛിദ്ര പരിധി ഘട്ടങ്ങളായി 2021ലെ ഭേദഗതിയിലൂടെ 24 ആഴ്ചയായി ഉയർത്തി. പ്രത്യേക സാഹചര്യങ്ങളിൽ 24 ആഴ്ച എന്ന പരിധിയും ലംഘിക്കാമെന്ന വ്യാഖ്യാനങ്ങളാണ് 2021നുശേഷം കോടതികളിൽനിന്ന് പലപ്പോഴായി ഉണ്ടായിട്ടുള്ളത്. 2021 നിയമ പരിഷ്കരണത്തിലെ ‘മാനസികാരോഗ്യം’ എന്ന പദത്തെ വളരെ വിപുലമായി വ്യാഖ്യാനിക്കുന്നതിലൂടെ, നിയമപരമായ സമയപരിധി കഴിഞ്ഞ ഗർഭങ്ങൾ അലസിപ്പിക്കാൻ എളുപ്പത്തിൽ അനുമതി ലഭിക്കുന്നു. എന്നാൽ, ഈ ‘മാനസികാഘാതം’ വിലയിരുത്തുമ്പോൾ, പൂർണവളർച്ചയെത്തിയ ഒരു ജീവനെ ഇല്ലാതാക്കുന്നതിലൂടെ ഗർഭസ്ഥശിശുവിനുമുള്ള അവകാശങ്ങളെക്കുറിച്ചും പെൺകുട്ടിക്കുണ്ടായേക്കാവുന്ന തുടർ മാനസികാഘാതത്തെക്കുറിച്ചും വിധികൾ പലപ്പോഴും നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തെ കോടതിവിധികൾ പരിശോധിച്ചാൽ, ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെ നിയമവ്യവസ്ഥ എത്രത്തോളം ലാഘവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാകും. 2022 സെപ്റ്റംബറിൽ സുപ്രീംകോടതി നടത്തിയ ചരിത്രപരമായ വിധിയിൽ, വിവാഹിതരായ സ്ത്രീകൾക്ക് മാത്രമുണ്ടായിരുന്ന 24 ആഴ്ച വരെയുള്ള ഗർഭഛിദ്ര അവകാശം അവിവാഹിതരായ സ്ത്രീകൾക്കും ഒരുപോലെ ബാധകമാണെന്ന് വ്യക്തമാക്കി. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിജയമായി ആഘോഷിക്കപ്പെട്ടപ്പോൾ ഗർഭപാത്രത്തിലെ ജീവന്റെ സുരക്ഷയ്ക്ക് മേലുള്ള കവചം കൂടുതൽ ബലഹീനമാവുകയായിരുന്നു. ഈ നിയമപരമായ ഇളവുകൾ സമൂഹത്തിൽ വലിയ തോതിലുള്ള ധാർമിക മാറ്റങ്ങൾക്ക് കാരണമാകുമെന്ന് അന്നുതന്നെ കത്തോലിക്കാ സഭയും പ്രോ-ലൈഫ് പ്രസ്ഥാനങ്ങളും മുന്നറിയിപ്പ് നൽകിയിരുന്നു.
ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് നിർത്താൻ ഞങ്ങൾക്കു കഴിയില്ല!
എങ്കിലും, 2023 ഒക്ടോബറിൽ മറ്റൊരു കേസിലുണ്ടായ വിധിന്യായം പ്രതീക്ഷാജനകമായ ചില നിരീക്ഷണങ്ങൾ മുന്നോട്ടു വച്ചിരുന്നു. തന്റെ 26 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയ വിവാഹിതയായ ഒരു സ്ത്രീയുടെ കേസിൽ, “കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിർത്താൻ ഞങ്ങൾക്ക് കഴിയില്ല” എന്നാണ് അന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചത്. കുഞ്ഞിന് ജീവനുണ്ടെന്നും ആരോഗ്യകരമായി ജീവിക്കാൻ പ്രാപ്തമാണെന്നും ഉള്ള മെഡിക്കൽ റിപ്പോർട്ടുകൾ പരിഗണിച്ചാണ് കോടതി അന്ന് ജീവന്റെ പക്ഷത്ത് നിലയുറപ്പിച്ചത്. എന്നാൽ, കഴിഞ്ഞദിവസത്തെ വിധി നിയമപരിരക്ഷണരംഗത്തെ വലിയ അസ്ഥിരതയാണ് തുറന്നുകാട്ടുന്നത്.
ഹൈക്കോടതികളിൽനിന്നുണ്ടാകുന്ന ചില വിധികൾ ഗർഭസ്ഥശിശുവിന്റെ സ്വത്വത്തെ അംഗീകരിക്കുമ്പോഴും പലപ്പോഴും പരമോന്നത കോടതിയിൽ എത്തുമ്പോൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ തത്വങ്ങൾക്കാണു മുൻതൂക്കം ലഭിക്കുന്നത്. ഉദാഹരണത്തിന്, കേരള ഹൈക്കോടതി പല കേസുകളിലും മാനുഷികമായ പരിഗണനകൾ വച്ച് ദത്തെടുക്കൽ പോലുള്ള മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, 2021ലെ എംടിപി ഭേദഗതിക്കുശേഷം മാനസികാഘാതം പരിഗണിച്ച് ഗർഭം തുടരുന്നത് സ്ത്രീയുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് വരുത്തിത്തീർക്കുന്നത് ഒരു പ്രവണതയായി മാറിയിരിക്കുന്നു. ഇത് ശാസ്ത്രീയമായ വസ്തുതകളേക്കാൾ വൈകാരികമായ വ്യാഖ്യാനങ്ങൾക്കു നിയമവ്യവസ്ഥയിൽ സ്ഥാനം നൽകുന്നു എന്ന വിമർശനങ്ങളെ ശരിവയ്ക്കുന്നു.
ജീവിക്കാനുള്ള അവകാശം ഒരുപോലെ
ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ‘ജീവിക്കാനുള്ള അവകാശം’ ജനിച്ചവർക്ക് മാത്രമല്ല, ജനിക്കാനിരിക്കുന്നവർക്കും ബാധകമാണ്. ഏറ്റവും ദുർബലനായ ഗർഭസ്ഥശിശുവിനെ സംരക്ഷിക്കാനുള്ള ബാധ്യതയിൽനിന്ന് നിയമത്തിന് ഒഴിഞ്ഞുമാറാനാകില്ല. ദത്തെടുക്കൽ പോലുള്ള വലിയ സാധ്യതകളെ ‘നിർബന്ധിത മാതൃത്വം’ എന്ന ലേബലിൽ കോടതികൾ തള്ളിക്കളയുമ്പോൾ, അത് ഗർഭസ്ഥശിശുവുമായി ബന്ധപ്പെട്ട് നൽകുന്ന സന്ദേശം ഭയാനകമാണ്. നിന്റെ ജീവനേക്കാൾ വലുതാണ് നിന്നെ ചുമക്കുന്നവളുടെ താത്പര്യം എന്നു നിയമം പറയുമ്പോൾ നീതിയുടെ സൂചികകൾ തെറ്റായ ദിശയിലാണ് ചലിക്കുന്നത്.
ജീവസംസ്കാരമുള്ള സമൂഹമാകണം
പ്രധാനമായും കൗമാരക്കാരിലെയും അവിവാഹിതർക്കിടയിലെയും വഴിവിട്ട ബന്ധങ്ങളും അത് മറച്ചുവയ്ക്കാനുള്ള വ്യഗ്രതയുമാണ് ഇത്തരം കേസുകൾ നിയമപരിധിയും കഴിഞ്ഞ് കോടതികളിൽ എത്താനുള്ള പ്രധാന പശ്ചാത്തലം. ശരിയായ ധാർമിക വിദ്യാഭ്യാസത്തിന്റെ അഭാവവും സോഷ്യൽ മീഡിയയിലൂടെയും മറ്റും പടരുന്ന വികലമായ ലൈംഗികാവബോധവും നമ്മുടെ യുവതലമുറയെ ഇത്തരം കെണികളിലേക്ക് തള്ളിവിടുന്നു. ഭയം മൂലം ഗർഭം ഒളിപ്പിച്ചുവയ്ക്കുന്ന കൗമാരക്കാർ ഒടുവിൽ കണ്ടെത്തപ്പെടുമ്പോഴേക്കും ഗർഭസ്ഥശിശു ഏറെക്കുറെ പൂർണവളർച്ചയെത്തിയിട്ടുണ്ടാകും. മറച്ചുവയ്ക്കപ്പെടുന്ന ഗർഭങ്ങൾ വെളിപ്പെടുമ്പോൾ പെൺകുട്ടികൾക്ക് ലഭിക്കേണ്ടത് കൊലപാതകത്തിനുള്ള അനുമതിയല്ല, മറിച്ച് മാനസികമായ കരുത്തും സാമൂഹികമായ പിന്തുണയുമാണ്. കൗൺസലിംഗിലൂടെയും കരുതലിലൂടെയും ആ പെൺകുട്ടിയെയും കുഞ്ഞിനെയും സംരക്ഷിക്കാൻ നമ്മുടെ സംവിധാനങ്ങൾ പ്രാപ്തമാകണം. ജീവനെ ഇല്ലാതാക്കാനുള്ള നിയമപരമായ ഇളവുകൾ തേടി കോടതികളെ സമീപിക്കുന്നതിനു പകരം ജീവന്റെ സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് നാം ചെയ്യേണ്ടത്. ഇതിനായി സന്നദ്ധ സംഘടനകളും സർക്കാരും ഏകോപിതമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.
ജീവന്റെ മഹത്വം - സഭയുടെ ഉറപ്പുള്ള നിലപാട്
ജീവന്റെ മഹത്വത്തെക്കുറിച്ചുള്ള സഭയുടെ അധ്യാപനങ്ങൾ എല്ലാക്കാലത്തും സുശക്തമാണ്. ഗർഭധാരണ നിമിഷം മുതൽ തുടങ്ങുന്ന ജീവൻ ദൈവത്തിന്റെ ദാനമാണെന്നും അതിനെ നശിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും സഭ പഠിപ്പിക്കുന്നു. ഗർഭപാത്രത്തിലുള്ളതു വെറുമൊരു മാംസപിണ്ഡമല്ല; മറിച്ച്, തനതായ ഒരു വ്യക്തിതന്നെയാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ്. ഈ ശാസ്ത്രീയ സത്യത്തെ മറച്ചുവച്ചുകൊണ്ടാണ് ‘എന്റെ ശരീരം എന്റെ അവകാശം’ എന്ന മുദ്രാവാക്യം മുഴങ്ങുന്നത്. ഒരു സ്ത്രീയുടെ ശരീരത്തിനുള്ളിൽ വളരുന്നത് മറ്റൊരു സ്വതന്ത്ര ജീവനാണെന്നും ആ ജീവനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനും നിയമവ്യവസ്ഥയ്ക്കും ഉണ്ടെന്നും നിരന്തരം ഓർമപ്പെടുത്തുന്ന സമീപനമാണ് സഭയുടേത്. ഇക്കാര്യങ്ങളിൽ സഭയുടെ നിലപാടുകൾ, പലപ്പോഴും പ്രോഗ്രസീവ് എന്ന് അവകാശപ്പെടുന്ന സംഘടനകളുടെ എതിർപ്പു നേരിടുന്നെങ്കിലും അത് ഏറ്റവും ദുർബലരായവരുടെ പക്ഷത്തു നിൽക്കുന്നു എന്നതുകൊണ്ടാണ് പ്രസക്തമാകുന്നത്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുക എന്നതാണ് സഭയുടെ ദൗത്യം. ഗർഭപാത്രത്തിലിരുന്നു നീതിക്കുവേണ്ടി നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെയും പക്ഷത്തുനിന്നുകൂടി ചിന്തിക്കാൻ സമൂഹത്തെയും നിയമവ്യവസ്ഥിതികളെയും സഭ പ്രചോദിപ്പിക്കുന്നു.
നിശബ്ദ കൊലപാതകങ്ങൾക്കു നിയമം കൂട്ടുനിൽക്കരുത്
ഗർഭസ്ഥശിശു ഒരു വ്യക്തിയല്ലെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളെ തിരുത്തി ഗർഭസ്ഥശിശുവിന്റെ അവകാശങ്ങളെക്കൂടി നമ്മുടെ നിയമവ്യവസ്ഥ ഗൗരവത്തോടെ കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 2021ലെ എംടിപി നിയമ ഭേദഗതിയിലെ പഴുതുകൾ ഉപയോഗിച്ച് ജീവനെടുക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഗർഭഛിദ്രം എന്നത് ഒരമ്മയുടെ അവകാശമായി മാറുമ്പോൾ നമുക്കു നഷ്ടപ്പെടുന്നത് ധാർമികമായ അടിത്തറയാണ്. നിയമങ്ങൾ ജീവനെ സംരക്ഷിക്കാനായിരിക്കണം; ഇല്ലാതാക്കാനാവരുത് എന്ന ലളിതമായ തത്വം ഭരണഘടന വഴി സർക്കാരും നീതിപീഠങ്ങളും ഉറപ്പുനൽകേണ്ടിയിരിക്കുന്നു.
ഗർഭഛിദ്രം ‘അപൂർവ സാഹചര്യം’ എന്നതിൽനിന്ന് ‘അവകാശ’മായി മാറുന്നത് സമൂഹത്തെ ധാർമികമായി തളർത്തുന്നു. പ്രത്യേകിച്ചും 28 ആഴ്ച വളർച്ചയെത്തിയ ഒരു ജീവനെ ഇല്ലായ്മ ചെയ്യുന്നത് കൊലപാതകത്തിനു തുല്യമാണെന്നു പറയാൻ നമ്മുടെ നൈതികബോധത്തിന് മടിയുണ്ടാകരുത്.
കൗമാരപ്രായത്തിലെ പിഴവുകൾക്ക് ഒരു ജീവനെ ബലികൊടുക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഇത് കുറ്റവാളികളെ സംരക്ഷിക്കാനും ഇരകളെ വീണ്ടും ഇരയാക്കാനുമുള്ള അവസരമായി മാറും എന്നതുകൂടി നാം ഗൗരവമായി ചിന്തിക്കണം.
ദത്തെടുക്കൽ എന്ന സാധ്യതയെ നിരാകരിക്കുന്നതിലൂടെ മാതൃത്വത്തെ ഒരു തടവറയായാണ് നിയമ വ്യവസ്ഥിതി ചിലപ്പോഴെങ്കിലും പരിഗണിക്കുന്നത്. എന്നാൽ യഥാർഥത്തിൽ മാതൃത്വം എന്നത് കരുതലാണ്, നിസഹായാവസ്ഥയിലുള്ള ഒരാളെ സംരക്ഷിക്കാനുള്ള സ്വാഭാവികമായ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വത്തെ ബാധ്യതയായി മാറ്റുന്നത് ആധുനിക നിയമസംഹിതകളുടെ ഏറ്റവും വലിയ പാളിച്ചയാണ്.
Tags : Ethical atrocities life allow unborn child Supreme court motherhood