ശീതയുദ്ധാനന്തര ലോകം അമേരിക്കയുടെ നേതൃത്വത്തിൽ ഏകധ്രുവ ക്രമത്തിൽ ആയിരുന്നു. ഡോളർ ആധിപത്യം, നാറ്റോ സഖ്യം, ഐഎംഎഫ്, ലോകബാങ്ക് സംവിധാനങ്ങൾ എന്നിവയെല്ലാം ഈ ക്രമത്തിന്റെ സ്തംഭങ്ങളായിരുന്നു. എന്നാൽ, 2008ലെ സാന്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും രാഷ്ട്രീയ കിടമത്സരങ്ങളും രാജ്യങ്ങളുടെ സ്ഥാപിത താത്പര്യങ്ങളും ഈ ക്രമത്തിൽ വിള്ളലുകൾ സൃഷ്ടിച്ചു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ചേർന്ന ബ്രിക്സ് ഇന്ന് ലോക ജനസംഖ്യയുടെ ഏതാണ്ട് പകുതിയെയും ആഗോള ജിഡിപിയുടെ 40 ശതമാനത്തെയും പ്രതിനിധീകരിക്കുന്നു. ഇത് ജി 7ന് സമാനമാണ്. 2024ൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നിവ അംഗങ്ങളായി ചേർന്നു. 2024 കസാൻ ഉച്ചകോടിയിൽ പത്ത് രാജ്യങ്ങളെ കൂടി ചേർത്തു. ഇരുപതിലധികം രാജ്യങ്ങൾ ബ്രിക്സ് അംഗത്വത്തിന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
ലോകബാങ്കിനും ഐഎംഎഫിനും ബദലായി ബ്രിക്സ് സ്ഥാപിച്ച എൻഡിബി, വികസ്വര രാജ്യങ്ങൾക്ക് പാശ്ചാത്യ ഉപാധികളില്ലാതെ ധനസഹായം നൽകുന്നു. ഇന്ത്യ ബ്രിക്സിന്റെയും ക്വാഡിന്റെയും (അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ) സ്ഥാപക അംഗമാണ്. ഈ അതുല്യ സ്ഥാനം ഇന്ത്യയെ പാലം പണിയുന്ന ശക്തിയാക്കുന്നു.
ഒരൊറ്റ ആഗോളസുരക്ഷാ ഘടനയ്ക്കു പകരം പ്രാദേശിക സുരക്ഷാ സംവിധാനങ്ങൾ ഉയർന്നുവരുന്നു. റഷ്യ യൂറേഷ്യൻ സുരക്ഷ രൂപപ്പെടുത്തുന്നു, ചൈന കിഴക്കൻ ഏഷ്യയിൽ ആധിപത്യം പുലർത്തുന്നു, ഇന്ത്യ ഇന്ത്യൻ മഹാസമുദ്രത്തിലും ദക്ഷിണേഷ്യയിലും സ്വാധീനം ചെലുത്തുന്നു, ബ്രസീലും ദക്ഷിണാഫ്രിക്കയും പ്രാദേശിക സ്ഥിരതാ ശക്തികളായി പ്രവർത്തിക്കുന്നു.
യുഎൻ 80 പരിഷ്കരണം: അവസാന ശ്രമം, അവസാന പ്രതീക്ഷ?
2025 മാർച്ചിൽ ഗുട്ടെറസ് ‘യുഎൻ80’ എന്ന വിപുലമായ പരിഷ്കരണ സംരംഭം ആരംഭിച്ചു. യുഎൻ ചാർട്ടറിന്റെ എൺപതാം വാർഷികവുമായി ബന്ധിപ്പിച്ചായിരുന്നു ഇത്. എന്നാൽ, ആഘോഷത്തിന്റെ അന്തരീക്ഷം എവിടെയുമില്ല. ഉടനടി ചെലവുചുരുക്കൽ, നിലവിലുള്ള നാലായിരത്തിലധികം ഉത്തരവുകളുടെ അവലോകനം, ഘടനാപരമായ മാറ്റങ്ങൾ എന്നിവയാണ് പ്രധാനം.
നിലവിലെ ബജറ്റ് വെട്ടിക്കുറയ്ക്കൽ മനുഷ്യാവകാശ പ്രവർത്തനങ്ങളെ അനുപാതരഹിതമായി ബാധിക്കുന്നുവെന്നു വിമർശനമുണ്ട്. ബദൽ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനു മുന്പ് നിലവിലുള്ളവ ഇല്ലാതാക്കുന്നത് ‘നിയന്ത്രിതമല്ലാത്ത പിൻവാങ്ങൽ’ ആണ്, ആസൂത്രിതമായ പരിഷ്കരണമല്ല.
ഗ്ലോബൽ സൗത്തും ചെറുരാജ്യങ്ങളും
യുഎൻ തകർച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലോകത്തിലെ ഏറ്റവും ദുർബലരായ ജനതയെയാണ്. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക - ഈ ഭൂഖണ്ഡങ്ങളിലെ സംഘർഷ മേഖലകളിലെ കോടിക്കണക്കിന് മനുഷ്യർ യുഎൻ ഏജൻസികളുടെ സഹായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
ഭക്ഷ്യ സുരക്ഷ: ഡബ്ല്യുഎഫ്പിയുടെ ധനസഹായ വെട്ടിക്കുറയ്ക്കൽ നേരിട്ട് പട്ടിണിയിലേക്ക് നയിക്കും. ഡബ്ലുഎച്ച്ഒയുടെ ബജറ്റ് കുറവ് മഹാമാരി പ്രതിരോധത്തെ ദുർബലമാക്കും. പാരിസ് ഉടന്പടിയിൽനിന്നുള്ള അമേരിക്കൻ പിന്മാറ്റം, യുഎൻ പരിസ്ഥിതി പ്രോഗ്രാമുകളുടെ ധനസഹായക്കുറവ് എന്നിവ കാലാവസ്ഥാ മാറ്റത്തിനെതിരായ ആഗോള പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കും.
ബദലുകൾ - ഒരു പുതിയ ലോകക്രമത്തിന്റെ രൂപരേഖ
യുഎൻ പരാജയപ്പെടുന്നു എന്നു പരിതപിക്കുന്നതിനേക്കാൾ പരിഹാര മാർഗങ്ങൾ ആരായുന്നതാണ് പ്രസക്തം. സുരക്ഷാ കൗണ്സിലിൽ വീറ്റോ പരിമിതപ്പെടുത്തൽ (ഒന്നിലധികം വീറ്റോ ആവശ്യമാക്കുക), സ്ഥിരാംഗ വിപുലീകരണം (ഇന്ത്യ, ജർമനി, ജപ്പാൻ, ബ്രസീൽ, ആഫ്രിക്കൻ രാജ്യങ്ങൾ), ജനാധിപത്യ മൂല്യങ്ങൾ ഇവ ചർച്ചയിലുണ്ട്.
ധനസഹായ പരിഷ്കരണം, ശക്തമായ ചെറുസഖ്യങ്ങൾ, ജനറൽ അസംബ്ലി ശാക്തീകരണം എന്നിവയും പരിഹാരമാർഗങ്ങളിൽ പെടുന്നു.
ചരിത്രപരമായ പശ്ചാത്തലം
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം രൂപീകരിച്ച ലീഗ് ഓഫ് നേഷൻസിന്റെ പരാജയത്തിന്റെ നേർ പരിണതഫലമായിരുന്നു രണ്ടാം ലോകമഹായുദ്ധം. ലീഗ് ഓഫ് നേഷൻസിന് ബദലായി യുഎൻ ഉണ്ടായി. ഇന്ന്, യുഎന്നിന് ബദലായി എന്തുണ്ട്? ഈ ശൂന്യതയാണ് ഏറ്റവും ഭയാനകം.
ഇന്ത്യ പാലം പണിയുന്ന ശക്തി
ഈ മാറുന്ന ലോകക്രമത്തിൽ ഇന്ത്യയുടെ സ്ഥാനം അതുല്യമാണ്. ഒരു ‘പാലം’ ആകാൻ കഴിവുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണ്. ഇന്ത്യ ദശാബ്ദങ്ങളായി സുരക്ഷാ കൗണ്സിൽ സ്ഥിരാംഗത്വത്തിന് വാദിക്കുന്നു. എന്നാൽ, പി-5 അംഗങ്ങൾ - പ്രത്യേകിച്ച് ചൈന - ഇതിനെ തടയുന്നു.
2026ലെ ബ്രിക്സ് അധ്യക്ഷ പദവിയും ക്വാഡ് ഉച്ചകോടിയും ഇന്ത്യക്ക് ഒരു അതുല്യ അവസരം നൽകുന്നു. ജി 7ന്റെയും ബ്രിക്സിന്റെയും ഇടയിലെ പാലമാകാൻ ഇന്ത്യക്കു കഴിയും.
ഇന്ത്യ ഗ്ലോബൽ സൗത്തിന്റെ (ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക) ഒരു പ്രധാന ശബ്ദമായി മാറിയിരിക്കുന്നു. യുഎൻ പരിഷ്കരണം, ഐഎംഎഫ് - ലോകബാങ്ക് പരിഷ്കരണം, കാലാവസ്ഥാ നീതി എന്നീ ആവശ്യങ്ങൾ ഉന്നയിക്കാൻ ഇന്ത്യക്ക് ധാർമിക അധികാരമുണ്ട്. ചൈനയുമായുള്ള അതിർത്തി തർക്കം, പാശ്ചാത്യ സഖ്യങ്ങളോടുള്ള അടുപ്പം തുടങ്ങിയവ ഈ ശബ്ദത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യുന്ന ഘടകങ്ങളാണ്.
ഉപസംഹാരം
193 അംഗരാജ്യങ്ങളുള്ള ആഗോള സംവിധാനമായ യുഎൻ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ഈ പരിമിതമായ സാഹചര്യത്തിലും യുദ്ധം ഒഴിവാക്കാൻ എല്ലാ അംഗരാജ്യങ്ങളും ഒറ്റക്കെട്ടായിനിന്ന്, വിഘടിച്ചു നിൽക്കുന്ന രാജ്യങ്ങളുടെമേൽ സമ്മർദം ചെലുത്തുകയും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരികയും വേണം.
(അവസാനിച്ചു)
Tags : UN maintain Member states