വർത്തമാനകാലത്തിൽ സീറോമലബാർസഭയെ നയിക്കാൻ സഭാ സംവിധാനങ്ങളിലൂടെ ദൈവം നിയോഗിച്ച വലിയ ഇടയനാണ് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. ശ്രവണത്തിന്റെയും സംഭാഷണങ്ങളുടെയും സ്വയം ചെറുതാകലിന്റെയും ആത്മഭാവങ്ങളിലൂടെ അസ്വസ്ഥതകളുടെയും നിഷേധാത്മക ചിന്തകളുടെയും കനലുകളെ അണയ്ക്കാൻ കഴിയുന്നവിധത്തിലുള്ള പ്രശാന്തതയുടെ ദീപ്തികൊണ്ട് സീറോമലബാർസഭയുടെ വലിയ പിതാവ് സഭയിലും സമൂഹത്തിലും മുന്നോട്ടുപോകാനുള്ള പ്രകാശത്തിന്റെ വഴിവെട്ടുകയാണ്.
◄വലിയ കുടുംബത്തിന്റെ സന്തോഷം►
അണുകുടുംബങ്ങളെപോലും അപ്രസക്തമാക്കിക്കൊണ്ട് കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുന്ന ഒരു സംസ്കാരം പ്രബലപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് താൻ വലിയൊരു കുടുംബത്തിലെ അംഗമാണെന്ന് പറയുന്നതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന തട്ടിൽ പിതാവ് ഒരു വിസ്മയമാകുന്നത്. തൃശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്-ത്രേസ്യ ദന്പതികളുടെ പത്തു മക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21ന് അദ്ദേഹം ജനിച്ച ദിവസമായിരുന്നു സാംസ്കാരികനഗരമായ തൃശൂരിലെ പൂരം. ചെറുപ്പത്തിൽതന്നെ അപ്പന്റെ മരണം ഈ വലിയ കുടുംബത്തെ ഒന്നുലച്ചുവെങ്കിലും അമ്മയുടെ കഠിനാധ്വാനവും ദൈവാശ്രയവും ദീർഘവീക്ഷണവും കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയി. അതിനാൽതന്നെ ജീവിതത്തിൽ ഏറ്റവും അധികം പിതാവിനെ സ്വാധീനിച്ച ആൾ അമ്മതന്നെ. അമ്മ ചേർത്തുപിടിച്ച ആ വലിയ കുടുംബം ഇന്നു സമൃദ്ധമായി വളർന്നു സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഫലം പുറപ്പെടുവിക്കുന്നു.
◄തൃശൂർ രൂപതാവൈദികൻ►
സ്കൂൾ പഠനത്തിനുശേഷം രൂപത മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂർത്തിയാക്കിയതിനുശേഷം 1980 ഡിസംബർ 21ന് മാർ ജോസഫ് കുണ്ടുകുളം പിതാവിന്റെ കൈവയ്പിലൂടെയാണ് വൈദികനായി അഭിഷിക്തനായത്. വൈവിധ്യം നിറഞ്ഞതായിരുന്നു തട്ടിലച്ചന്റെ ശുശ്രൂഷാമേഖലകൾ. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി തിരിച്ചെത്തിയ തട്ടിലച്ചൻ പിന്നീടുള്ള വർഷങ്ങളിൽ തൃശൂർ അതിരൂപതയുടെ വൈസ് ചാൻസലർ, ചാൻസലർ, മതബോധന ഡയറക്ടർ, വികാരി ജനറാൾ, സെന്റ് തോമസ് കോളജ് മാനേജർ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു. മാർ ജോസഫ് കുണ്ടുകുളം പിതാവിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ‘പാവങ്ങളുടെ പിതാവ്’ എന്ന അപരനാമത്താൽ പ്രശസ്തനായ കുണ്ടുംകുളം പിതാവിന്റെ ജീവിതസമീപനങ്ങൾ തട്ടിലച്ചനെ സംബന്ധിച്ചിടത്തോളം പില്കാലത്ത് വലിയൊരു മുതൽക്കൂട്ടായിമാറി. മുളയം മേരിമാതാ മേജർ സെമിനാരി സ്ഥാപിതമായപ്പോൾ അതിന്റെ ആദ്യ റെക്ടറായി ആർച്ച്ബിഷപ് ജേക്കബ് തൂങ്കുഴി പിതാവ് കണ്ടെത്തിയതു തട്ടിലച്ചനെയാണ്.
◄സഹായമെത്രാൻ►
തൃശൂർ അതിരൂപതയുടെ വികാരി ജനറാൾ ആയിരിക്കുന്പോഴായിരുന്നു അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായത്. ‘വിഭജിക്കപ്പെടാനും പങ്കുവയ്ക്കപ്പെടാനും’ എന്നതായിരുന്നു അദ്ദേഹം തെരഞ്ഞെടുത്ത ആദർശവാക്യം. 2010 ഏപ്രിൽ 10ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൽനിന്നു മെത്രാൻപട്ടം സ്വീകരിച്ചു. അതിരൂപതയുടെ ഭരണനിർവഹണത്തിൽ സ്വതസിദ്ധമായ അജപാലനശൈലിയിലൂടെ സഹായമെത്രാന്റെ ഉത്തരവാദിത്വം നിർവഹിച്ചു.
സെന്റ് തോമസ് കോളജ് മാനേജരായിരുന്ന കാലത്ത് എടുത്ത ദീർഘവീക്ഷണമുള്ള തീരുമാനങ്ങളും സുധീരമായ നിലപാടുകളും അധ്യാപകരോടും വിദ്യാർഥികളോടുമുള്ള ആഴമേറിയ ആത്മബന്ധവുമാണ് ബോട്ടണി വിഭാഗം കണ്ടെത്തിയ പുതിയ സസ്യത്തിന് റാഫേൽ തട്ടിൽ പിതാവിന്റെ ബഹുമാനാർഥം ‘ഓഫിയോഗ്ലോസും റാഫേലിയാനും’ (Ophioglossum Raphaelianum) എന്ന നാമം നൽകാൻ കോളജിനെ പ്രേരിപ്പിച്ച ഘടകം.
◄അപ്പസ്തോലിക് വിസിറ്റേറ്റർ►
കേളത്തിനുവെളിയിൽ ഒരു സീറോമലബാർ രൂപതയുടെയും ഭാഗമല്ലാതെ നിലനിന്നിരുന്ന പ്രദേശങ്ങളിലെ സീറോമലബാർ വിശ്വാസികൾക്കുവേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി 2014ലാണ് ഫ്രാൻസിസ് മാർപാപ്പ തട്ടിൽ പിതാവിനെ നിയമിച്ചത്. രാവു പകലാക്കിയുള്ള പിതാവിന്റെ കഠിനാധ്വാനത്തിന്റെ വർഷങ്ങളായിരുന്നു അവ. തന്നെ ഏൽപിച്ച പ്രദേശങ്ങളിലെ വിശാസികൾക്ക് ആവശ്യമായ അജപാലനസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനുവേണ്ടി ഒരു മിഷനറിയായി പിതാവ് ഭാരതംമുഴുവനിലും സഞ്ചരിച്ചു. സീറോമലബാർ സഭയുടെ മിഷൻ ആഭിമുഖ്യങ്ങൾ മാറണമെന്ന ബോധ്യം പിതാവിലുറച്ചു. വിശദമായ റിപ്പോർട്ടുകൾ പരിശുദ്ധ പിതാവിനു നല്കാൻ തട്ടിൽ പിതാവിനു സാധിച്ചു. ഈ വലിയ പരിശ്രമത്തിന്റെ ഫലമായി 2017 ഒക്ടോബർ ഒൻപതിന് ഭാരതത്തിലെ എല്ലാ മെത്രാന്മാർക്കുമായി എഴുതിയ കത്തുവഴി പുതുതായി ഷംഷാബാദ്, ഹൊസൂർ രൂപതകൾ സ്ഥാപിക്കുന്നതിനും തക്കല, രാമനാഥപുരം രൂപതകളുടെ അതിർത്തികൾ പുനർനിർണയിക്കുന്നതിനുമുള്ള തീരുമാനമറിയിച്ചുകൊണ്ടു സീറോമലബാർ സഭയ്ക്ക് ഭാരതം മുഴുവനുമുള്ള അജപാലന അധികാരം നല്കുകയായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ മേൽപ്പറഞ്ഞ കത്തിൽ, തട്ടിൽ പിതാവ് സമർപ്പിച്ച വിശദമായ റിപ്പോർട്ടുകൾ സീറോമലബാർ സഭയ്ക്കു ഭാരതം മുഴുവനിലും അജപാലനാധികാരം നൽകുന്ന നടപടികൾ പൂർത്തിയാക്കാൻ കാരണമായി എന്ന് പരിശുദ്ധ പിതാവ് രേഖപ്പെടുത്തിയിട്ടുണ്ട്.
◄ഷംഷാബാദ് രൂപതയുടെ മിഷനറി മെത്രാൻ►
2017 ഒക്ടോബർ ഒൻപതിന് സ്ഥാപിതമായ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി 2018 ജനുവരി ഏഴിന് സ്ഥാനമേറ്റെടുത്ത തട്ടിൽ പിതാവ് മിഷനറി ചൈതന്യത്തിൽ രൂപമില്ലാത്തതിനു രൂപംകൊടുത്താണ് രൂപതയെ പടുത്തുയർത്തിയത്. ആ രൂപതയെ ഇന്നു കാണുന്ന വിധത്തിലുള്ള രൂപതയാക്കി വളർത്തിയത് തട്ടിൽ പിതാവിന്റെ ദീർഘവീക്ഷണവും പ്രായോഗികജ്ഞാനവുമായിരുന്നു. 23 സംഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലുമായി വ്യാപിച്ചുകിടന്ന പുതിയ രൂപതയുടെ അജപാലനസംവിധാനങ്ങൾ മറ്റു രൂപതകളുടെയും സമർപ്പിതസമൂഹങ്ങളുടെയും സഹകരണത്തോടെ ക്രമപ്പെടുത്താൻ പിതാവിനു കഴിഞ്ഞു. കൂടുതൽ ഫലപ്രദമായ രീതിയിൽ അജപാലനം നടത്തുന്നതിന് അതിവിശാലമായ രൂപതയുടെ പ്രദേശങ്ങൾ സമീപത്തുള്ള സീറോമലബാർ രൂപതകളുമായി പങ്കുവയ്ക്കാനുള്ള കർമപദ്ധതിയും മാർ റാഫേൽ തട്ടിൽ സിനഡിനു സമർപ്പിച്ചു.
◄ആശംസകൾ!►
ദൈവത്തിന്റെ തെരഞ്ഞെടുപ്പുകൾ എന്നും അതിശയകരമാണ്. ലോകദൃഷ്ടിയിൽ സാധാരണക്കാരെ തെരഞ്ഞെടുത്ത് അവരെ അഭിഷേകംചെയ്തു തന്റെ മഹത്തായ ശുശ്രൂഷയിൽ ഭാഗഭാക്കാക്കുന്ന ഈശോയുടെ അദ്ഭുതപ്രവൃത്തി സഭയുടെ ആരംഭംമുതൽ നാം കാണുന്നുണ്ട്. ഇന്നും ഈശോ തുടർന്നുപോരുന്ന ആ അദ്ഭുതപ്രവൃത്തിയുടെ ഭാഗമാണ് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. മനുഷ്യർ കാണുന്നതല്ല കർത്താവ് കാണുന്നത്. മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു; കർത്താവാകട്ടേ ഹൃദയഭാവത്തിലും (1 സാമു 16:7). അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ കടന്നുപോയ എഴുപത് വർഷങ്ങളിലൂടെ സഞ്ചരിക്കുന്പോൾ നാം തിരിച്ചറിയുന്നതും അതുതന്നെയാണ്. സീറോമലബാർ സഭയുടെ അമരക്കാരനായി ദൈവം കണ്ടെത്തിയ വലിയ ഇടയനെ തന്റെ നന്മകളാൽ കാരുണ്യവാനായ ദൈവം ഇനിയും നിറയ്ക്കട്ടെ എന്ന് ആശംസിക്കുന്നു.
ശക്തനായ ആന്തരികമനുഷ്യനാണ് മാർ റാഫേൽ തട്ടിൽ. അകമേ ആന്തരികമായി കരുത്തുള്ള ഒരു വ്യക്തിക്കുമാത്രമേ പുറമേ ശാന്തനായി പ്രത്യക്ഷപ്പെടാൻ കഴിയൂ. പിതാവിന്റെ ശാന്തതയുടെയും ഗരിമയുടെയും തെളിവാണ് പുറമെ കാണപ്പെടുന്ന പുഞ്ചിരിയും പ്രശാന്തതയും.
ഏതൊന്നിനെയും നിർമലതയോടെ കാണുന്നവർക്ക് ചുറ്റുപാടുമുള്ള അരക്ഷിതാവസ്ഥയിലും അസ്വസ്ഥതകളിലും ആത്മസംയമനം കൈമോശം വരുകയില്ല. ഏതു സാഹചര്യത്തിലൂടെ കടന്നുപോകുന്പോഴും തട്ടിൽ പിതാവിനു പുഞ്ചിരിക്കാൻ കഴിയുന്നതും ഏത് അവസ്ഥയെ അഭിമുഖീകരിക്കുന്പോഴും പുഞ്ചിരി നഷ്ടപ്പെടാതിരിക്കുന്നതും അതുകൊണ്ടാണ്.
ആന്തരിക പ്രസന്നതയുടെ ബാക്കിപത്രമാണ് പിതാവിന്റെ ഹൃദയത്തിൽനിന്നുള്ള വാക്കുകൾ. കഠിനമായ പദപ്രയോഗങ്ങളോ ദുർഗ്രഹങ്ങളായ ആശയങ്ങളോ പിതാവിന്റെ എഴുത്തിലോ പ്രസംഗത്തിലോ സംഭാഷണത്തിലോ കടന്നുവരാറില്ല. ജനിച്ചുവളർന്ന സാഹചര്യങ്ങളിൽനിന്നും പിന്നിട്ട വഴികളിൽനിന്നും നേടിയെടുത്ത നിഷ്കളങ്കതയും ഗ്രാമശുദ്ധിയും പിതാവിന്റെ ജീവിതത്തിലുണ്ട്. റാഫേൽ എന്ന പേരു സൂചിപ്പിക്കുന്നതുപോലെ ദൈവത്തിന്റെ സൗഖ്യദായകനായി എല്ലാവരുടെയും കൂടെനടക്കാനും തന്നെ സമീപിക്കുന്നവരെയും കണ്ടുമുട്ടുന്നവരെയും ദൈവം നൽകുന്ന സൗഖ്യത്തിന്റെ അനുഭവത്തിലേക്കു നയിക്കുന്നതിനും പിതാവിനു കഴിയുന്നു.
2023 ഡിസംബർ ഏഴിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മേജർ ആർച്ച്ബിഷപ് സ്ഥാനത്തുനിന്നു വിരമിച്ച സാഹചര്യത്തിലാണ് 2024 ജനുവരിയിൽ നടന്ന സഭയുടെ മുപ്പത്തിരണ്ടാമതു സിനഡിന്റെ ഒന്നാം സമ്മേളനം ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന മാർ റാഫേൽ തട്ടിലിനെ സഭയുടെ നാലാമത്തെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുത്തത്.
സിനഡിന്റെ തീരുമാനത്തിനു മാർപാപ്പയുടെ അംഗീകാരം ലഭിച്ചതോടെ ജനുവരി 11ന് കാക്കനാടുള്ള സഭാകാര്യാലയത്തിൽ സ്ഥാനാരോഹണം നടന്നു. മനുഷ്യന്റെ പ്രതീക്ഷയെ അതിലംഘിക്കുന്ന ദൈവത്തിന്റെ പരിപാലന പുതിയ മേജർ ആർച്ച്ബിഷപ്പിന്റെ നേതൃശുശ്രൂഷകളിൽ ദൃശ്യമായി. സീറോമലബാർ സഭ സങ്കീർണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സമയത്താണ് സഭയുടെ അമരക്കാരനായി തട്ടിൽ പിതാവ് വരുന്നത്.
മാർ റാഫേൽ തട്ടിൽ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട അന്നുമുതൽ ഇതുവരെയുള്ള രണ്ടു വർഷവും രണ്ടു മാസവും സീറോമലബാർ സഭയുടെ ചരിത്രത്തിൽ വളരെ നിർണായകമായിരുന്നു. ഷംഷാബാദ് രൂപതയിലെ മെത്രാനായിരുന്നപ്പോൾ പിതാവു നിർദേശിച്ച രൂപതകളുടെ അതിർത്തി പുനർനിർണയം പൂർത്തിയാക്കാൻ സാഹചര്യമൊരുങ്ങി. വിശാലമായ ഷംഷാബാദ് രൂപതയുടെ അതിർത്തിയുടെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടു 12 രൂപതകളുടെ അതിർത്തി ഭേദഗതിചെയ്ത് ഉത്തരവിറക്കി.
കേരളത്തിന് പുറത്തു ഫരീദാബാദ്, ഉജ്ജയിൻ, കല്യാണ്, ഷംഷാബാദ് എന്നീ മെത്രാപ്പോലീത്തൻ പ്രവിശ്യകൾ സ്ഥാപിക്കുകയും അവിടങ്ങളിലെ മെത്രാപ്പോലീത്താമാരെ വാഴിക്കുകയും ചെയ്തു. അനൈക്യത്തിന്റെ അലയൊലികൾ വർധമാനമായിരുന്ന സാഹചര്യത്തിൽ സഭയുടെ ഐക്യം ലക്ഷ്യമാക്കി ധീരമായ നിലപാടുകൾ കൈക്കൊണ്ടു. തന്റെ മുൻഗാമികൾ തുടങ്ങിവച്ച പരിശ്രമം പൂർത്തീകരിച്ചുകൊണ്ടു ഗൾഫിലെ സീറോമലബാർ വിശ്വാസികൾക്കായി അപ്പസ്തോലിക് വിസിറ്ററുടെ നിയമനം സാധ്യമാക്കി.
സഭാകാര്യാലയത്തിന്റെ നവീകരണം കാലോചിതമായി പൂർത്തിയാക്കി. ചുരുങ്ങിയ കാലയളവിൽതന്നെ എല്ലാ രൂപതകളിലും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷനിലും ഗൾഫ് രാജ്യങ്ങളിലും സന്ദർശനം നടത്തി. അല്മായരുടെ മിഷൻ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ‘ജീവൻ ജ്യോതി’ എന്നപേരിൽ ഒരു പുതിയ അല്മായ മൂവ്മെന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു.
ഒരുപക്ഷേ, തട്ടിൽ പിതാവ് സീറോമലബാർ സഭയ്ക്ക് ഈ ചുരുങ്ങിയ കാലയളവിൽ നല്കിയ സംഭാവനകളെയും സഭാജീവിതത്തിൽ അവ വരുത്തുന്ന ക്രിയാത്മകമായ സ്വാധീനത്തെയും പൂർണമായി മനസിലാക്കാൻ വർത്തമാനകാലത്തിന്റെ സങ്കീർണതകളിൽ കഴിയണമെന്നില്ല. എന്നാൽ, ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളെയും ആനുകാലിക സംഭവവികാസങ്ങളുടെ സാധ്യതകളെയും അഭിവന്ദ്യ തട്ടിൽ പിതാവ് തന്റെ സമീപനങ്ങളുടെ വിശുദ്ധിയാൽ എങ്ങനെ നേരിട്ടുവെന്നതു സഭാചരിത്രമണ്ഡലത്തിൽ നന്ദിയോടെ ഓർമിക്കപ്പെടുമെന്നുറപ്പാണ്.
Tags : Syro Malabar Sabha Major Archbishop Mar Raphael Thattil sapthathi