ആശയങ്ങളുടെ കാര്‍ക്കശ്യത്തെ പരുക്കന്‍ വാക്കുകളാല്‍ വായനക്കാരിലേക്ക് സംക്രമിപ്പിക്കുന്ന കവിയാണ് കെ.ജി. ശങ്കരപ്പിള്ള. എഴുപതുകളില്‍ ബംഗാള്‍ എന്ന കവിതയിലൂടെ വീശിയടിച്ച കൊടുങ്കാറ്റ് പിന്നീട് പല പരന്പരാഗത കാവ്യസങ്കല്പങ്ങളെയും തച്ചുടച്ചു. ഘടനയുടെ സവിശേഷതയും വാക്കുകളുടെ വേറിട്ട പ്രയോഗരീതികളും കെജിഎസ് കവിതകളെ മറ്റ് ആധുനിക കവിതകളില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന് പുരസ്കാരത്തിലൂടെ അദ്ദേഹത്തിന്റെ വേറിട്ട ഭാവുകത്വത്തിന് അര്‍ഹമായ ആദരം നല്‍കിയിരിക്കുകയാണ്.
1948ല്‍ കൊല്ലം ജില്ലയിലെ ചവറയിലാണ് ജനിച്ചത്. 1971ല്‍ മലയാളം അധ്യാപകനായി. വിവിധ കലാലയങ്ങളിലായി ആ ജോലി 2002 വരെ തുടര്‍ന്നു. എറണാകുളം മഹാരാജാസ് കോളജ് പ്രിന്സിപ്പലായിരിക്കേയാണ് ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചത്. പല ഭാഷകളിലേക്കും അദ്ദേഹത്തിന്റെ കവിതകള്‍ മൊഴിമാറ്റം നടത്തി. അദ്ദേഹവും മറ്റു ഭാഷകളിലെ നിരവധി കവിതകള്‍ മലയാളിക്ക് പരിചയപ്പെടുത്തി.
1969 മുതല്‍ 1996 വരെ രചിച്ച കവിതകളുടെ സമാഹാരമായ ‘കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍’ എന്ന കൃതിക്ക് 1998ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡും 2002ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 2019ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും ലഭിച്ചിരുന്നു.
ഭാഷാപരമായ തനതു രീതികൾ കൊണ്ടാണ് കെജിഎസ് അനുഭവങ്ങളുടെ വൈവിധ്യവും വൈചിത്ര്യവും ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. ബംഗാള്‍, കൊച്ചിയിലെ വൃക്ഷങ്ങള്‍, കടമ്പനാട്ട് കടമ്പില്ല, അയോദ്ധ്യ, ആനന്ദന്, മുണ്ട്, കഷണ്ടി, മെഴുക്കു പുരണ്ട ചാരുകസേര, പല പോസിലുള്ള ഫോട്ടോകള്‍, കിണര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കാവ്യപ്രപഞ്ചമാണ് കെജിഎസിന്റേത്. വളരെ സാധാരണമായ വസ്തുക്കള്‍കൊണ്ട് അസാധാരണ ബിംബകല്പനകള് ചെയ്ത് വേറിട്ട കാവ്യാനുഭവം സൃഷ്ടിക്കാൻ കാണിക്കുന്ന മികവാണ് ആ കവിതകളെ അടയാളപ്പെടുത്തുന്നത്. സങ്കീര്‍ണമായ ഭാവഘടന ആ കവിതകളില്‍ കാണാം.
‘ബംഗാള്‍’ എന്ന കവിതയിലൂടെയാണ് കെജിഎസ് വരവറിയിക്കുന്നത്. വര്‍ഗസമരം അരങ്ങേറിയ എഴുപതുകളുടെ പൂര്‍വാര്‍ധത്തില്‍ എഴുതിയ കവിത.
ഭൂതകാലത്തില്‍നിന്നു തന്നെയാണ് അദ്ദേഹം ഭാവിയെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ നെയ്തെടുക്കുന്നത്. വര്‍ഗസമരത്തിന്റെ പുതിയ കുരുക്ഷേത്രമായി ബംഗാളിനെ സങ്കല്പിക്കുന്നു. മലയാളത്തില്‍ അതുവരെയുണ്ടായിരുന്ന കാവ്യഭാവനയ്ക്കും മധ്യവര്‍ഗ കാഴ്ചകള്‍ക്കുമപ്പുറം ഭാവുകത്വപരമായ വലിയ മാറ്റമാണ് ബംഗാള്‍ തുറന്നുവച്ചത്. തൊഴിലാളിവര്‍ഗ സമരം ഉപരിവര്‍ഗത്തില്‍ സൃഷ്ടിച്ച ഭീതിയും അങ്കലാപ്പും മഹാഭാരത കഥാപാത്രമായ ധൃതരാഷ്ട്രരുടെ ബോധധാരയിലൂടെ ചുരുള്‍ നിവരുകയാണ് ‘ബംഗാള്‍’ എന്ന കവിതയില്‍.
ശൂന്യതാവാദത്തിനും അരാഷ്ട്രീയവാദത്തിനുമെതിരേ കലാപക്കൊടി ഉയര്‍ത്തിക്കൊണ്ടാണ് ശങ്കരപ്പിള്ള കടന്നുവന്നത്. വ്യവസ്ഥാപിത കാവ്യസങ്കല്‍പ്പങ്ങളെ ഒരു മറയുമില്ലാതെ തന്റെ കവിതകളിലൂടെ അദ്ദേഹം ചോദ്യം ചെയ്യുന്നു.
ലോകത്തിന്റെ ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠയില്ലാതെ ഒരു നല്ല കവിതയും ഇല്ലെന്ന് അദ്ദേഹം കരുതുന്നു. വർത്തമാനകാലത്തെ കടുകയ്പുകളും ആക്രമണോത്സുകതയും സ്നേഹശൂന്യതയും ഒക്കെയാണ് ഭാവിയെപ്പറ്റിയുള്ള ആശങ്ക ഉണ്ടാക്കുന്നതെന്നും കവി പറയുന്നു.
ഫാസിസത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധം സർഗാത്മകതയാണെന്ന തിരിച്ചറിവാണ് കെ.ജി. ശങ്കരപ്പിള്ള എന്ന കവിയുടെ കാതൽ.
Tags : creativity