വിദ്യാഭ്യാസരംഗത്ത് കേരളം കുതിച്ചുകൊണ്ടിരിക്കുകയാണ്. സിബിഎസ്ഇ പരീക്ഷകളിൽ കേരളത്തിലെ വിദ്യാർഥികൾ അഖിലേന്ത്യാ തലത്തിൽതന്നെ വർഷങ്ങളായി ഏറ്റവും കൂടുതൽ വിജയശതമാനം നേടുന്നുണ്ട്. സംസ്ഥാന തലത്തിൽനിന്നുള്ള കേരളത്തിലെ 10, 12 ക്ലാസുകളിലെ വിജയശതമാനവും പ്രശംസനീയമാണ്. കൂടാതെ, ഈയടുത്ത കാലത്ത് കേരള സംസ്ഥാനത്തിന്റെ എഐ പ്ലാറ്റ്ഫോം "സമഗ്ര പ്ലസ്' അഖിലേന്ത്യാ തലത്തിൽ അംഗീകാരവും പ്രശംസയും നേടി. സാക്ഷരതയുടെ കാര്യത്തിൽ, സ്ത്രീവിദ്യാഭ്യാസ രംഗത്ത് കേരളം എന്നും മുൻപന്തിയിൽതന്നെയാണ്. ദേശീയ വിദ്യാഭ്യാസ പദ്ധതി കേരളത്തിലെ സ്കൂളുകളിലും കോളജുകളിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
ഫലാധിഷ്ഠിത സന്പ്രദായം
ഫലാധിഷ്ഠിത വിദ്യാഭ്യാസമാണ് ഇന്നത്തെ വിദ്യാഭ്യാസരീതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾക്കും നേട്ടങ്ങൾക്കും മുൻഗണന നൽകുന്ന വിദ്യാർഥി കേന്ദ്രീകൃതമായ ഒരു പഠന സന്പ്രദായമാണിത്. വിദ്യാർഥിയുടെ കഴിവുകളെയെല്ലാം പ്രയോജനപ്പെടുത്തി നല്ലൊരു പൗരൻ ആകത്തക്ക രീതിയിലാണ് ഈ വിദ്യാഭ്യാസരീതി വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നോ രണ്ടോ പരീക്ഷകളിലോ വാർഷിക പരീക്ഷയിലോ മാത്രമൊതുക്കിക്കൊണ്ട് വിദ്യാർഥിയുടെ അറിവുകളെ പരിശോധിക്കുന്ന രീതിയല്ല ഇവിടെ അവലംബിക്കുന്നത്. മറിച്ച്, പഠനാരംഭം മുതൽ തുടർച്ചയായ പരിശീലനവും അതേത്തുടർന്നുള്ള പരിശോധനാ രീതിയുമാണിത്. ഇവിടെ അധ്യാപകന്റെ റോളും വ്യത്യസ്തമാണ്. ഒരേസമയംതന്നെ അധ്യാപകനായും പരിശീലകനായും സഹായിയായും മാർഗദർശിയായും വർത്തിക്കുന്നു. ഈ ഫലാധിഷ്ഠിത സന്പ്രദായത്തിൽ, മൂല്യങ്ങൾ വളർത്തുന്നതിനും നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രത്യേകം പ്രത്യേകം പരിശീലന രീതികൾ സ്കൂളുകളിലും കോളജുകളിലും അവലംബിക്കുന്നുണ്ട്.
സ്കൂളുകളിൽ മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ നടക്കുന്പോൾ (മോറൽ വിദ്യാഭ്യാസം) കോളജുകളിൽ ജീവിത നൈപുണ്യ (ലൈഫ് സ്കിൽ) ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ കോഴ്സുകളിലുംതന്നെ ഇവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനം (കമ്യൂണിക്കേഷൻ സ്കിൽ), പ്രശ്നപരിഹാരത്തിനുള്ള പരിശീലനം (പ്രോബ്ലം സോൾവിംഗ് സ്കിൽ), തൊഴിൽ അധിഷ്ഠിതമായ സ്കില്ലുകൾ (വൊക്കേഷണൽ സ്കിൽ) തുടങ്ങിയവ വികസിപ്പിക്കാനും സാന്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാനും നേതൃപാടവം വളർത്തിയെടുക്കാനും പരിശീലനം നൽകുന്നുണ്ട്. അതുപോലെതന്നെ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന, പ്രത്യേകിച്ച് വിദ്യാർഥികൾക്ക് ഉണ്ടായിരിക്കണമെന്നു കരുതുന്ന ജീവിത നൈപുണ്യങ്ങളായ ആത്മബോധവും സഹാനുഭൂതിയും വിശകലന ചിന്തയും സർഗാത്മക ചിന്തയും തീരുമാനമെടുക്കാനുള്ള ശേഷിയും പ്രശ്നപരിഹാര മികവും ആശയവിനിമയ ശേഷിയും പരസ്പരബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്ന നയങ്ങളും, വികാരങ്ങളെയും സമ്മർദങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവുകളും വിദ്യാഭ്യാസത്തിലൂടെ ആർജിക്കണം. കൂടാതെ, സാർവത്രിക മാനുഷിക മൂല്യങ്ങളായ സത്യം, സമാധാനം, സ്നേഹം, കാരുണ്യം, അഹിംസ, ധർമം തുടങ്ങിയവ വിദ്യാലയങ്ങളിൽ കൂടുതൽ പഠനവിധേയമാക്കുകയും അവയിൽ പ്രായോഗിക പരിശീലനം നൽകുകയും വേണം. അപ്പോഴാണ് പഠിതാക്കൾ ഉന്നതവിദ്യാഭ്യാസമുള്ളവരും ഉദ്യോഗസ്ഥരും സാന്പത്തികശേഷിയുള്ളവരുമായി മാറുന്നത്.
അഖിലേന്ത്യാ തലത്തിൽ കേരളത്തിലെ ആത്മഹത്യാനിരക്ക് 30.6 (മൂന്നാമത്). അതുപോലെ കൊലപാതകങ്ങളുടെ നിരക്കും വർധിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർഥികൾ മുതൽ കുടുംബങ്ങൾ മുഴുവനായും ആത്മഹത്യ ചെയ്യുന്ന പ്രവണതയും കൂടികൊണ്ടിരിക്കുന്നു. സംസാരിച്ചു പരിഹരിക്കാൻ പറ്റുന്ന നിസാര കാര്യങ്ങൾപോലും പരിഹരിക്കാതെ കൊലപാതകത്തിലേക്കു മാറുന്നുവെന്നതാണു ദയനീയ അവസ്ഥ. ധാരാളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. ലഹരിവസ്തുക്കളുടെയും മദ്യത്തിന്റെയും ഉപയോഗം കാര്യമായുണ്ട്. അതുവഴി വിദ്യാർഥികൾ മോശമായ സാഹചര്യങ്ങളിലേക്കു വഴുതി വീഴാനുള്ള സാധ്യതയേറെയാണ്. സ്വയം നഷ്ടപ്പെടുത്തിക്കളയുന്ന പ്രവൃത്തികളിലേക്കുള്ള സഞ്ചാരവുമുണ്ട്. അങ്ങനെ മനുഷ്യജീവിതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു അനുഭവം ഇവിടെ ഇല്ലാതാകുന്നു.
കൂടാതെ, മദ്യപാനത്തിന്റെ ഫലമായി ഗാർഹിക പീഡനങ്ങൾ വർധിക്കുകയും കുടുംബഭദ്രത തകരാറിലാകുകയും ചെയ്യുന്നു. വിവാഹം വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം നാട്ടിൽ പെരുകുന്നു. യുവദന്പതികളുടെ ഡിവോഴ്സ് സാധാരണ സംഭവമായിരിക്കുന്നു. സമൂഹത്തിന്റെ അടിത്തറയായ കുടുംബം, കുട്ടികൾ എന്ന കാഴ്ചപ്പാട് ഇന്നു കൈമോശം വന്നിരിക്കുന്നു. പരസ്പര ധാരണക്കുറവ്, ഈഗോ തുടങ്ങിയവയും സമൂഹത്തിന്റെതന്നെ കെട്ടുറപ്പിനെ ബാധിക്കുന്ന വലിയൊരു പ്രതിസന്ധിയാണ്. വരവിനേക്കാൾ കൂടുതൽ ചിലവഴിക്കുന്ന ഒരു ഉപഭോഗ സംസ്കാരം ഇന്നു പ്രബലമായിരിക്കുന്നു.
വീടാകുന്ന വിദ്യാലയം
സമൂഹത്തിൽ നിലനിൽക്കുന്ന ഈ അവസ്ഥകൾക്കു മാറ്റം വരണമെങ്കിൽ, വിദ്യാലയങ്ങൾ വിദ്യാർഥികൾക്ക് അവരുടെ രണ്ടാമത്തെ ഭവനമായി (ചിലരുടെ കാര്യത്തിൽ ഒന്നാമത്തെ തന്നെ) അനുഭവപ്പെടണം. ഫലാധിഷ്ഠിത വിദ്യാഭ്യാസ സന്പ്രദായത്തിലൂടെ ജോലി ലഭിക്കുന്നതിനും സാന്പത്തികഭദ്രതയുണ്ടാക്കുന്നതിനും നല്ല പ്രോത്സാഹനം ലഭിക്കുന്നുണ്ട്. എന്നാൽ, നല്ല മനുഷ്യനാകുക എന്ന "ഏറ്റവും വലിയ ലക്ഷ്യ' പ്രാപ്തിക്ക് ഇത് പ്രേരകമാകുന്നില്ലെന്നുവേണം മനസിലാക്കാൻ. ജീവിതത്തെ സ്നേഹിക്കാനും വിലമതിക്കാനും ജീവൻ സംരക്ഷിക്കാനുമുള്ള കരുത്ത് നാം നമ്മുടെ വിദ്യാർഥികൾക്ക് നൽകേണ്ടതുണ്ട്.
നമ്മുടെ സ്കൂളുകളിലും കോളജുകളിലും ഇന്നു നിലവിലുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കൂടുതൽ അനുഭവവേദ്യമാക്കണം. ഉദാഹരണമായി ധാർമികത, സ്നേഹം, പരസ്പര ബഹുമാനം, സഹാനുഭൂതി എന്നീ മൂല്യങ്ങളെക്കുറിച്ചു പറയുന്നതിലുപരി അവ യാഥാർഥ്യവും അനുഭവവേദ്യവുമാക്കണം. ഒരു വിദ്യാർഥിപോലും ഒറ്റപ്പെട്ടു പോകാൻ അനുവദിക്കരുത്. ഇത്തരത്തിൽ മാനവിക വിഷയങ്ങളും ചരിത്രപഠനവും പ്രാധാന്യമർഹിക്കുന്നുണ്ട്.
കൂടാതെ, വിദ്യാർഥികളുടെ പ്രായോഗിക പരിശീലനത്തിൽ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തെരഞ്ഞെടുക്കുകയും വീട്ടിൽ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സഹായിക്കുന്ന തരത്തിലുള്ള, അവരോടുള്ള കടമകൾ മനസിലാക്കുന്ന തരത്തിലുള്ള ചെറിയ പ്രോജക്ടുകളോ അസൈൻമെന്റുകളോ കൊടുക്കുകയും വേണം.
ജീവിതലക്ഷ്യം
ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം പലപ്പോഴും ഒന്നാം സ്ഥാനം നേടുകയും വിജയിയാകുകയും ചെയ്യുന്നതാണെന്ന് വിദ്യാർഥികൾക്ക് തോന്നുന്ന വിധത്തിലാണ് നാം നമ്മുടെ അനുമോദനങ്ങൾ നടത്തുക. എല്ലാ മീറ്റിംഗുകളും എപ്പോഴും വിജയിയെയാണ് അഭിനന്ദിക്കുക. വിജയിച്ചില്ലെങ്കിൽ, എല്ലാം എ പ്ലസ് കിട്ടിയില്ലെങ്കിൽ, ജോലി കിട്ടിയില്ലെങ്കിൽ.... ഉണ്ടാകാവുന്ന തിക്താനുഭവങ്ങളും പരിഹാസവുമെല്ലാം ഒരുവനെ നിരാശയിലേക്കും പിന്നെ ആത്മഹത്യയിലേക്കും നയിക്കാം. ഉത്തരവാദിത്വത്തോടെ പരിശ്രമിക്കാനും കഠിനാധ്വാനം ചെയ്യാനുമാണ് വിദ്യാർഥികളെ പരിശീലിപ്പിക്കേണ്ടത്. റിസൾട്ട് എന്തായാലും അത് സ്വീകരിക്കാൻ തക്കവിധം വിദ്യാർഥികളുടെ മനസിനെ പാകപ്പെടുത്തിയെടുക്കണം. ഇവിടെ പ്രതിസന്ധികളെയും മാനസിക സമ്മർദങ്ങളെയുമാണു കൈകാര്യം ചെയ്യുക. പ്രതിസന്ധികളിൽ തളരാതെ കരുത്താർജിച്ച് മുന്പോട്ടു പോകാൻ ദൈവവിശ്വാസവും ദൈവാശ്രയബോധവും വിദ്യാർഥികൾക്ക് എന്നും വിലമതിക്കാനാവാത്ത അനുഗ്രഹമാണ്.
എല്ലാ കാന്പസുകളിലും മികച്ച കൗണ്സലിംഗ് സംവിധാനം ഉറപ്പുവരുത്തണം. വിദ്യാർഥികളുടെ മാനസികപ്രശ്നങ്ങൾ തുടക്കത്തിലേതന്നെ പരിഹരിച്ച് അവർക്കു വേണ്ടരീതിയിൽ മാർഗനിർദേശം നൽകണം. ഓരോ കുട്ടിക്കും ആവശ്യമായ വ്യക്തിഗത ശ്രദ്ധ നൽകുന്നത് അവരുടെ സ്വഭാവ രൂപീകരണത്തിൽ വലിയ മാറ്റങ്ങൾ വരുത്താം. അധ്യാപകരും മാതാപിതാക്കളും തമ്മിലുള്ള ശക്തമായ ബന്ധം പ്രധാനപ്പെട്ടതാണ്. ക്ലാസുകൾ ആരംഭിക്കുന്പോൾതന്നെ വിദ്യാർഥിയുടെ സാഹചര്യങ്ങൾ മനസിലാക്കുകയും മാതാപിതാക്കളുമായി ബന്ധപ്പെടുകയും വേണം.
അറിവിനോടൊപ്പം നല്ല ശീലങ്ങളും മികച്ച നൈപുണ്യങ്ങളും ഒത്തുചേരുന്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നത്. ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും തളരാതെ മുന്നേറാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന മാനസികവും സാമൂഹികവുമായ കരുതലാകണം അവ. സ്കൂളുകളും കോളജുകളും ഈ രീതിയിൽ പ്രവർത്തിച്ചു തുടങ്ങുന്പോൾ വിദ്യാർഥികൾ തങ്ങളുടെ കുടുംബത്തെയും സ്വന്തം ജീവിതത്തെയും ഒരുപോലെ സ്നേഹിക്കാനും സംരക്ഷിക്കാനും പഠിക്കും. അതുവഴി നല്ലൊരു കുടുംബത്തെയും മനോഹരമായ സമൂഹത്തെയും കെട്ടിപ്പടുക്കാൻ കഴിയും.
(കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ്
(ഓട്ടോണമസ് ) ഡീൻ റിസർച്ച് ആണ് ലേഖകൻ)
Tags : educational methods life and living