ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയ സന്ദർശിക്കുന്നത്. അഗസ്റ്റീനിയൻ സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ആയിരുന്നപ്പോൾ അദ്ദേഹം രണ്ടുതവണ അൾജീരിയ സന്ദർശിച്ചിട്ടുണ്ട്; 2001ലും 2013ലും. സഭാ പിതാവും വേദപാരംഗതനുമായ വിശുദ്ധ അഗസ്റ്റിന്റെ (354-430) ജന്മനാടും പ്രവർത്തനകേന്ദ്രവുമായിരുന്നു ഇന്നത്തെ വടക്കുപടിഞ്ഞാറൻ അൾജീരിയ ഉൾപ്പെടുന്ന റോമൻ പ്രവിശ്യയായിരുന്ന നുമീദിയ. അവിടത്തെ തഗാസ്തെ പട്ടണത്തിലാണ് (ഇന്നത്തെ സൂക്ക് അഹറാസ്) വിശുദ്ധ അഗസ്റ്റിൻ ജനിച്ചത്.
ഹിപ്പോയിലെ (ഇന്നത്തെ അന്നാബ) മെത്രാനായിരുന്ന അഗസ്റ്റിൻ അവിടെവച്ചാണ് മരണമടയുന്നതും. ലെയോ മാർപാപ്പ സ്വയം വിശേഷിപ്പിക്കുന്നത് അഗസ്റ്റിന്റെ പുത്രൻ എന്നാണല്ലോ. അതുകൊണ്ട് സവിശേഷമായ താത്പര്യത്തോടെയാണ് അദ്ദേഹം അൾജീരിയയിലേക്കു പോയത്.
ക്രൈസ്തവർക്കു ശക്തമായ വേരോട്ടമുണ്ടായിരുന്ന പ്രദേശങ്ങളാണ് ഇന്നത്തെ ഉത്തരാഫ്രിക്കൻ രാജ്യങ്ങൾ. റോമൻ സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്ന ഈ പ്രദേശങ്ങളിൽ നിരവധി സഭാ കേന്ദ്രങ്ങളും ദൈവശാസ്ത്രപീഠങ്ങളും ഉണ്ടായിരുന്നു. പ്രസിദ്ധരായ നിരവധി ദൈവശാസ്ത്രജ്ഞർക്കും സന്യാസീശ്രേഷ്ഠർക്കും മെത്രാന്മാർക്കും ജന്മം കൊടുത്ത പ്രദേശമാണ് ഉത്തരാഫ്രിക്ക.
എന്നാൽ, ഏഴാം നൂറ്റാണ്ട് മുതൽ സംഭവിച്ച ഇസ്ലാമികവത്കരണത്തിന്റെ ഫലമായി ഈ പ്രദേശങ്ങളിലൊക്കെ ക്രിസ്തുമതം നാമാവശേഷമായി. ഈജിപ്റ്റിലും എത്യോപ്യയിലും എറിട്രിയയിലും മാത്രമാണ് ഗണ്യമായ ക്രൈസ്തവ സാന്നിധ്യമുള്ളത്. 1962ൽ അൾജീരിയ ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ പോലും അവിടെ 13 ലക്ഷം ക്രൈസ്തവരുണ്ടായിരുന്നു. ഇപ്പോൾ അവരുടെ സംഖ്യ രണ്ട് ലക്ഷത്തിൽ താഴെയാണ്. കത്തോലിക്കരുടെ സംഖ്യ വെറും 8,000 മാത്രവും.
അൾജീരിയ - രക്തസാക്ഷികളുടെ നാട്
1992 മുതൽ 2002 വരെ നീണ്ടുനിന്ന അൾജീരിയൻ ആഭ്യന്തരയുദ്ധം അൾജീരിയയെ ഇസ്ലാമികവത്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ആധുനികകാലത്ത് അൾജീരിയയിൽ ഏറ്റവും വലിയ ക്രൈസ്തവപീഡനം നടന്നത് ഈ കാലഘട്ടത്തിലാണ്. 1994നും 96നും ഇടയിൽ 19 കത്തോലിക്കാ സന്യസ്തർ രക്തസാക്ഷികളായി. 2018ല് അവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.
ഈ 19 രക്തസാക്ഷികളിൽ ഏഴുപേർ അറ്റ്ലസ് പർവതനിരകളിലെ തിബറാൻ ട്രാപ്പിസ്റ്റ് ആശ്രമത്തിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ്. 1996 മാർച്ച് 27ന് പുലർച്ചെ ഒന്നേകാലിനാണ് സായുധ ഇസ്ലാമിക സഖ്യം എന്ന തീവ്രവാദിഗ്രൂപ്പ് ആശ്രമത്തിലെത്തി ഏഴു പേരെ ബന്ദികളാക്കിയത്. ഈ ഗ്രൂപ്പിൽപ്പെട്ട അബ്ദൽഹഖ് ലയാദ എന്ന ഭീകരനെ ജയിലിൽനിന്ന് മോചിപ്പിച്ചാൽ ഇവരെ സ്വതന്ത്രരാക്കാം എന്നായിരുന്നു വാഗ്ദാനം.
എന്നാൽ, മേയ് രണ്ടിന് അവരെ വധിച്ചതായി തീവ്രവാദികൾ അറിയിച്ചു. അവരുടെ ശിരസുകൾ മാത്രം കണ്ടെത്തിയതായി മേയ് 30ന് സർക്കാർ വ്യക്തമാക്കി. ശരീരങ്ങൾ കണ്ടെത്താനായില്ല ഇവരെ കൊന്നത് അൾജീരിയൻ സൈന്യം തന്നെയാണെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായി.
ബന്ദികളെ സൂക്ഷിച്ചിരുന്ന തീവ്രവാദ ക്യാമ്പ് ആക്രമിച്ച സൈന്യം ഇവർ ബന്ദികൾ ആണെന്നറിയാതെ വെടിവച്ചു കൊല്ലുകയായിരുന്നത്രെ. ഇസ്ലാമിക തീവ്രവാദികളാണ് കൊലചെയ്തതെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയാണ് പിന്നീട് ഇവരുടെ ശിരസുകൾ ഛേദിച്ചത്. എന്നാൽ, തങ്ങൾ തന്നെയാണു കൊന്നതെന്ന് സായുധ ഇസ്ലാമിക സഖ്യം അവകാശപ്പെട്ടിട്ടുണ്ട്. 1994 ഒക്ടോബർ 23ന് വിശുദ്ധ കുർബാനയിൽ സംബന്ധിച്ച് തിരികെ വരുംവഴി വെടിവച്ചു കൊല്ലപ്പെട്ട രണ്ട് കന്യാസ്ത്രീമാരും രക്തസാക്ഷികളിൽപ്പെടും.
മതസ്വാതന്ത്ര്യം
വിശുദ്ധ അഗസ്റ്റിന്റെ പാദമുദ്രകൾ തേടി അൾജീരിയയിലേക്കു പോയ മാർപാപ്പയുടെ സന്ദർശനം ഇസ്ലാം-ക്രൈസ്തവ ബന്ധങ്ങളിൽ ഊഷ്മളത കൈ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നവർ ധാരാളമുണ്ട്. ബെർബെർ വംശജനായിരുന്നു അഗസ്റ്റിൻ.
ഉത്തരാഫ്രിക്കയിലെ അറ്റ്ലസ് മലനിരകളിൽ (മൊറോക്കോ, അൾജീരിയ, ടുണീഷ്യ) വസിക്കുന്ന ഒരു പുരാതന ജനതയാണ് ബെർബെർ. അഗസ്റ്റിൻ ക്രിസ്തുമതം സ്വീകരിക്കുന്നത് 31-ാം വയസിലാണ്. ഇപ്പോഴത്തെ അൾജീരിയയിൽ ആയിരുന്നെങ്കിൽ അദ്ദേഹത്തെ ക്രിമിനലായി മുദ്രകുത്തി ജയിലിൽ അടച്ചേനെ എന്നാണ് പശ്ചാത്യ മാധ്യമങ്ങൾ പാപ്പായുടെ സന്ദർശനത്തോട് ബന്ധപ്പെടുത്തി എഴുതിയത്. അൾജീരിയയിലെ മതസ്വാതന്ത്ര്യത്തിന്റെ യാഥാർഥ്യം വെളിപ്പെടുത്തുന്ന പ്രസ്താവനയാണിത്.
മാർപാപ്പയുടെ സന്ദർശനം അൾജീരിയയിലെ മതസ്വാതന്ത്ര്യത്തിന്റെ യഥാർഥ ചിത്രം വെളിച്ചത്തു കൊണ്ടുവരികയുണ്ടായി. ആരാധനാസ്വാതന്ത്ര്യം നിലനിർത്താൻ എന്ന പേരിൽ അൾജീരിയയിൽ നിലവിലുള്ള നിയമങ്ങൾ, നിയമവ്യവസ്ഥയ്ക്കകത്തു നിന്നുകൊണ്ട് ഇതര മതസ്ഥരെ സാമൂഹ്യമായി ഒറ്റപ്പെടുത്താനും അവരുടെ ആരാധനാ സ്വാതന്ത്ര്യം നിയന്ത്രിക്കാനും ഉദ്ദേശിച്ചുള്ളവയാണ്.
അൾജീരിയയിൽ ക്രിസ്തുമതം ഔദ്യോഗികമായി നിരോധിക്കപ്പെട്ടിട്ടില്ല എന്നതു ശരിയാണ്. എന്നാൽ, ക്രൈസ്തവരെ ശ്വാസം മുട്ടിക്കുന്ന ഒരു നിയമ സംവിധാനമാണ് അവിടെ നിലവിലുള്ളത്. രാഷ്ട്രത്തിന്റെ സമ്പൂർണ നിയന്ത്രണത്തിൽ ക്രൈസ്തവ സാന്നിധ്യം അപ്രസക്തമാക്കുന്ന ഒരു സംവിധാനം.
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് അൾജീരിയ. ജനസംഖ്യ നാലേമുക്കാൽ കോടി. ഇതിൽ 99 ശതമാനവും സുന്നി മുസ്ലിംകളാണ്. എല്ലാ വിഭാഗത്തിലും പെട്ട ഇതര മതസ്ഥർ കഷ്ടിച്ച് ഒരു ശതമാനം വരും. ഭരണഘടനയനുസരിച്ച് രാഷ്ട്രത്തിന്റെ മതം ഇസ്ലാമാണ്. നിയമത്തിനും പൊതുസമാധാനത്തിനും വിധേയമായി മാത്രമേ മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളൂ. ആദർശപ്രസംഗവും ആദർശത്തിന്റെ പ്രയോഗവത്കരണവും രണ്ടാണ്. വ്യക്തിയുടെ സ്വകാര്യ ജീവിതത്തിൽനിന്ന് പൊതുസമൂഹത്തിന് ദൃശ്യമാകുന്ന വിധത്തിൽ ക്രിസ്തുമതം പുറത്തെത്തിയാൽ സർക്കാർ സംവിധാനങ്ങൾ സജീവമാകും.
2006 ഫെബ്രുവരി 28ന് മതപരിവർത്തനം സംബന്ധിച്ചു പുറത്തിറക്കിയ ഓർഡിനൻസ് നമ്പർ 06-03 വിവേചനപരമാണ്. അമുസ്ലിംകളുടെ മതജീവിതം നിയന്ത്രിക്കുകയാണ് ഈ ഓർഡിനൻസിന്റെ ലക്ഷ്യം. ഈ ഓർഡിനൻസിലെ പതിനൊന്നാം ഖണ്ഡിക അനുസരിച്ച് ഒരു മുസ്ലിമിനെ മറ്റൊരു മതത്തിലേക്ക് മാറ്റാൻ ‘പ്രേരിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ പ്രലോഭിപ്പിക്കുകയോ’ ചെയ്യുന്നവർക്ക് രണ്ടു മുതൽ അഞ്ചു വർഷം വരെ തടവോ അരലക്ഷം മുതൽ ഒരു ലക്ഷം വരെ ദിനാർ പിഴയോ ലഭിക്കാം. ഇസ്ലാം വിശ്വാസത്തെ തെറ്റായി ചിത്രീകരിക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ ഉത്പാദിപ്പിക്കുന്നതോ സൂക്ഷിക്കുന്നതോ പ്രചരിപ്പിക്കുന്നതോ ശിക്ഷാർഹമാണ്. ഈ നിയമങ്ങൾ വളരെ വിശാലമായി വ്യാഖ്യാനിക്കുന്നതുകൊണ്ട് മതജീവിതം ദുഷ്കരമാകുന്നു.
മതസ്വാതന്ത്ര്യം എന്ന മരീചിക
മുസ്ലിം ജനസാമാന്യത്തിന്റെ മുമ്പിൽ ക്രൈസ്തവ ജീവിതവും ക്രൈസ്തവ പ്രവർത്തനങ്ങളും അസാധ്യമാണ്. കർക്കശമായ വ്യവസ്ഥകളോടെ മാത്രമേ അവർക്ക് ഒന്നിച്ചു കൂടി പ്രാർഥിക്കാനാവൂ. ഒന്നിച്ചു കൂടാൻ തന്നെ അനുവാദം ആവശ്യമാണ്. അവർക്ക് നിലനിൽക്കാം, പക്ഷേ അവരുടെ സംഖ്യ വർധിച്ചുകൂടാ. ഇതേ ഓർഡിനൻസ് തന്നെ വ്യവസ്ഥകൾക്ക് വിധേയമല്ലാതെ നടത്തുന്ന സമൂഹ പ്രാർഥനകളിൽ പങ്കെടുക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കുന്നു.
പ്രാർഥനാ കൂട്ടായ്മകൾ രജിസ്റ്റർ ചെയ്യണം, അംഗീകാരം നേടണം, മേൽനോട്ടവും ഉണ്ടാകും. എന്നാൽ, സർക്കാർതന്നെ വർഷങ്ങളോളം അംഗീകാരം നൽകാതെ നീട്ടിക്കൊണ്ടുപോകും. അങ്ങനെ പള്ളികൾ അടയ്ക്കും. വൈദികരെ തടവിലാക്കും. ഇതാണ് അൾജീരിയയിൽ നടക്കുന്നത്. പീനൽ കോഡ് 144 മതനിന്ദയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നു. ആരാധനാലയങ്ങളെ നിർവചിക്കുന്ന ഖണ്ഡിക 5, 7, 13 എന്നിവ ദുർവ്യാഖ്യാനിക്കുന്നതു പതിവാണ്.
മതപ്രചാരണം അൾജീരിയയിൽ കുറ്റകൃത്യമാണ്. ഡസൻകണക്കിന് പ്രോട്ടസ്റ്റന്റ് പള്ളികൾ സർക്കാർ അടച്ചുപൂട്ടി. 2023 അവസാനം അൾജീരിയയിൽ മൂന്ന് പ്രോട്ടസ്റ്റന്റ് പള്ളികൾ മാത്രമാണു ഉണ്ടായിരുന്നത്. 2025 അവസാനം ഒരേ ഒരെണ്ണം മാത്രവും. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 2017 മുതൽ നൂറുകണക്കിന് അമുസ്ലിംകളെയാണ് ജയിലിലടച്ചത്. 2005ൽ നിയമമായി തീർന്ന അൾജീരിയൻ ഫാമിലി കോഡ് ഖണ്ഡിക 30 പ്രകാരം ഒരു മുസ്ലിം സ്ത്രീക്ക്, ഒരു അമുസ്ലിമിനെ വിവാഹം കഴിക്കാനാവില്ല. ഒരു ക്രൈസ്തവനു മുസ്ലിം സ്ത്രീയെ വിവാഹം കഴിക്കണമെങ്കിൽ മുൻകൂട്ടി ഇസ്ലാം മതത്തിൽ ചേർന്നിരിക്കണം.
വടക്കൻ അൾജീരിയയിലെ കബീലിയ പ്രദേശത്ത് പ്രോട്ടസ്റ്റന്റ് ക്രൈസ്തവ സഭകളും പെന്തകോസ്തൽ ഗ്രൂപ്പുകളും ശക്തമാണ്, അവ ന്യൂനപക്ഷം ആണെങ്കിലും. അവരിൽ അനേകം പേർ മതസ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലേക്ക് കുടിയേറിയിരിക്കുകയാണ്. ക്രിസ്തുമതത്തെ വൈദേശിക, പാശ്ചാത്യ മതമായി കാണുന്ന അൾജീരിയയിൽ മതപരമായ സംഘർഷങ്ങൾ കൂടിവരുന്നതാണ് കുടിയേറ്റത്തിനു കാരണം. പള്ളികൾ മാത്രമല്ല, ക്രൈസ്തവരുടെ സാമൂഹ്യമാധ്യമങ്ങളും സർക്കാർ അടച്ചുപൂട്ടുന്നുണ്ട്. അഹമ്മദീയ വിഭാഗത്തിൽപെട്ടവരും വിവേചനം നേരിടുന്നുണ്ട്. അവരെ രാഷ്ട്രം മുസ്ലിംകളായി കരുതുന്നില്ല.
2017ൽ ഏകദേശം 2,000 പേർ ഉണ്ടായിരുന്ന അഹമ്മദിയ മുസ്ലിംകളുടെ 2023ലെ സംഖ്യ 230 ആണ്. ഇവർ “ഇസ്ലാമിനെ ദുഷിപ്പിക്കുകയും ദേശീയസുരക്ഷ അപകടത്തിലാക്കുകയും സംഘടനകളെ സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നു” എന്നാണ് കുറ്റാരോപണം. ഒന്നര ലക്ഷത്തോളം യഹൂദർ ഉണ്ടായിരുന്ന അൾജീരിയയിൽ ഇന്ന് അവരുടെ എണ്ണം അംഗുലീപരിമിതമാണ്. യഹൂദ വിരോധം പ്രകടിപ്പിക്കുന്നത് അൾജീരിയയിൽ വളരെ പ്രകടമാണ്. കത്തോലിക്കാ സഭയുടെ ആഗോള സേവന വിഭാഗമായ കാരിത്താസ് സംഘടനയെ 2022ൽ നിരോധിക്കുകയുണ്ടായി. അതൊരു അംഗീകാരം ഇല്ലാത്ത സംഘടനയാണത്രേ!
ഭരണഘടനാപരമായിത്തന്നെ ഒരു മതത്തിനു പ്രാമുഖ്യം കൊടുക്കുന്ന രാജ്യമാണ് അൾജീരിയ. മതസ്വാതന്ത്ര്യം നിലവിലുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രായോഗികമായി ആ സ്വാതന്ത്ര്യം അനുഭവിക്കാൻ എല്ലാ മതസ്ഥർക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം. മതസ്വാതന്ത്ര്യത്തിന്റെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി വിദേശഫണ്ട് കൈപ്പറ്റുന്നു, വെറുപ്പ് പ്രസംഗിക്കുന്നു, പ്രവാചകനെ നിന്ദിക്കുന്നു, തെറ്റായ പ്രചാരണത്തിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, ഗൂഢാലോചന നടത്തുന്നു, രാജ്യസുരക്ഷ അപകടത്തിലാക്കുന്നു തുടങ്ങിയ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി വ്യക്തികളെ ജയിലിലടയ്ക്കുന്നു.
ബെർഗെർ വംശജനും സെന്റ് അഗസ്റ്റിൻ കോ-ഓർഡിനേഷൻ ഓഫ് ക്രിസ്ത്യൻസ് ഇൻ അൾജീരിയ എന്ന സംഘടനയുടെ ചെയർമാനുമായ സുലൈമാൻ ബൂഹാഫിനെ മതനിന്ദയുടെ പേരിൽ മൂന്നുവർഷം തടവിലിട്ടശേഷം 2024ലാണ് മോചിപ്പിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യവും അനുഭവിക്കാൻ കഴിയുന്ന ഒരു സാഹചര്യമുണ്ടാക്കാൻ മാർപാപ്പയുടെ സന്ദർശനം ഉതകുമെന്നു പ്രതീക്ഷിക്കാം.