ബംഗാളിൽനിന്ന് ഒരു വാർത്തയുമില്ല.
ബംഗാളിൽനിന്നു മാത്രം
യാതൊന്നും അറിയുന്നില്ല.
യാതൊന്നും.
ഒന്നും.
1972ൽ, കെ.ജി. ശങ്കരപ്പിള്ള ആധുനിക മലയാള കവിതയുടെ ദിശാസൂചികയായ ബംഗാൾ എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. അടിസ്ഥാനവർഗം ചങ്ങല പൊട്ടിക്കുമെന്ന അവസ്ഥയിലേക്കെത്തുമ്പോൾ ഉപരിവർഗത്തിനുണ്ടാകുന്ന പരിഭ്രാന്തിയാണ് കവിതയുടെ കാതൽ. എഴുപതുകളുടെ രാഷ്ട്രീയ തേജസിൽ പൊരിഞ്ഞ കവിത.
ഇന്ന് ബംഗാളിൽനിന്ന് വാർത്തകളേയുള്ളൂ. അതും, തീർത്തും അസ്വാസ്ഥ്യജനകമായ വാർത്തകൾ. അക്രമങ്ങളുടെ, കിരാതമായ പിടിച്ചെടുക്കലുകളുടെ, ദിശ മാറുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ... ഇപ്പോൾ ജീവിച്ചിരിക്കുന്ന ചിലരെങ്കിലും വാർത്തകളുടെ ഈ കൂമ്പാരത്തിൽനിന്ന് തകർന്നടിഞ്ഞ ഒരു നൊസ്റ്റാൾജിയയുടെ തേങ്ങൽ കേൾക്കുന്നുണ്ടാകും.
നവോത്ഥാനത്തിന്റെയും ബൗദ്ധിക സജീവതയുടെയും കേന്ദ്രമായിരുന്ന ബംഗാൾ ഇന്നെവിടെയെത്തി നിൽക്കുന്നു? പുതിയ ശബ്ദങ്ങളില്ല. പ്രതീക്ഷയുടെ പുതിയ പുലരികൾക്കു പകരം ഊഷരമായ സൂര്യാതപങ്ങളാണ് ഒരു ജനതയുടെമേൽ പതിക്കുന്നത്. പല രംഗങ്ങളിലും ഒന്നാമതായിരുന്ന ബംഗാൾ ഏറെ പുറകോട്ടു പോയി. മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന, പലപ്പോഴും പരിഹാസവാക്കുകളാൽ വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമായി മാറി. ഒടുവിലിതാ ഹൈന്ദവ ദേശീയതയുടെയും സാംസ്കാരിക ഭൂരിപക്ഷവാദത്തിന്റെയും ഒരു ബദൽ പ്രഖ്യാപനത്തിലൂടെ ബംഗാൾ പുതിയൊരു രാഷ്ട്രീയ, സാംസ്കാരിക ഭൂമികയിലേക്കു പ്രവേശിച്ചിരിക്കുന്നു.
മുൻപേ പറന്ന പക്ഷി
ഭാരതീയ സംസ്കാരത്തിന്റെ വഴിത്താരയിൽ ബംഗാൾ മുൻപേ പറന്ന പക്ഷിയായിരുന്നു. ബംഗാളിലേക്കു തിരിച്ചുവച്ച റഡാറുകളിൽനിന്ന് ലഭിച്ച സന്ദേശങ്ങൾ ഒരു തലമുറയെ ആവേശഭരിതരാക്കി; അങ്ങേയറ്റം പ്രചോദിപ്പിച്ചു. രാഷ്ട്രീയ, സാംസ്കാരിക സമാനതകൾ കൊണ്ടാകാം മലയാളികൾ വിശേഷിച്ചും, ബംഗാളിനെ പുണർന്നു. പുതുതലമുറ ‘കൊറിയൻ’ ആയ എന്തും ആഘോഷിക്കുന്നതുപോലെയായിരുന്നു ഒരു കാലത്ത് ബംഗാളി ജീവിതവും സാഹിത്യവും സിനിമയും രാഷ്ട്രീയവും സംസ്കാരവും മലയാളികളുടെ ഹൃദയത്തിൽ നൃത്തംവച്ചത്.
രാജ്യത്തിനു വഴികാട്ടിയ പലതിന്റെയും ഉദയം ബംഗാളിലായിരുന്നു. നവോത്ഥാനവും വിപ്ലവവും തോളോടുതോൾ ചേർന്ന് ഉഴുതുമറിച്ച വംഗമണ്ണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ അവിടെ തഴച്ചുവളർന്നു. സന്താൾ ഗോത്രവർഗ കലാപകാരികളുടെ ചോരവീണ് കുതിർന്ന മണ്ണ്. പതിനയ്യായിരത്തിലധികം സന്താൾ പോരാളികളാണ് ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനു മുന്നിൽ പിടഞ്ഞുമരിച്ചത്. പിൽക്കാലത്ത് നക്സൽബാരി യുവത്വത്തിന്റെ ചേതനയിൽ പ്രതീക്ഷയുടെ കനൽ കോരിയിട്ടു. ചാരു മജുംദാറും കനു സന്യാലും കേരളത്തിന്റെ ഹൃദയത്തിലും ചെഞ്ചായം പുരട്ടി. നക്സലൈറ്റുകളുടെ ആശയങ്ങളോടു സമൂഹം മുഴുവൻ യോജിച്ചെന്നു വരില്ല. എങ്കിലും ഭരണകൂടം കൊന്നൊടുക്കിയത് ബുദ്ധിയും ചൈതന്യവുമുള്ള യുവതലമുറയെയാണെന്ന സത്യം മറക്കാനാകില്ലെന്ന് ബംഗാളി കവിയും നോവലിസ്റ്റുമായ ദിവ്യേന്ദു പാലിതിനെപ്പോലുള്ളവർ എഴുതിയിട്ടുണ്ട്.
രാജാറാം മോഹൻ റായ്, രബീന്ദ്രനാഥ ടാഗോർ, സുഭാഷ് ചന്ദ്രബോസ്, പ്രഫുല്ല ചന്ദ്ര റേ, ഈശ്വരചന്ദ്ര വിദ്യാസാഗർ, ബിപിൻ ചന്ദ്ര പാൽ, ഖുദിറാം ബോസ്, പ്രീതിലത വദ്ദേദാർ, ബങ്കിംചന്ദ്ര ചാറ്റർജി, കാസി നസ്രുൾ ഇസ്ലാം, താരാശങ്കർ ബാനർജി, ബിമൽ മിത്ര, ബിഭൂതി ഭൂഷൻ ബന്ദോപാധ്യായ, മണിക് ബന്ദോപാധ്യായ, മഹാശ്വേതാ ദേവി, ആശാപൂർണാ ദേവി, ഋത്വിക് ഘട്ടക്, സത്യജിത് റായ്, മൃണാൾ സെൻ, തപൻ സിൻഹ, അപർണ സെൻ, ബുദ്ധദേബ് ദാസ് ഗുപ്ത, ഋതുപർണോ ഘോഷ്... മലയാളികൾ നെഞ്ചേറ്റിയ ബംഗാളി സ്വാതന്ത്ര്യസമരസേനാനികളും എഴുത്തുകാരും സിനിമാ പ്രവർത്തകരും എത്രയെത്ര... മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ അക്ഷരങ്ങളായും വി. സാംബശിവനെപ്പോലുള്ളവരുടെ കഥാപ്രസംഗങ്ങളിലൂടെയും ബംഗാളി സാഹിത്യം മലയാളമനസിൽ അനുഭൂതികളുടെ പൂക്കാലം കൊണ്ടുവന്നു.
അധികാരമാറ്റം
ഈ സാഹചര്യത്തിലാണ് അധികാരത്തിലേക്കുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വരവ്. ബംഗാളിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉയർച്ച അവിചാരിതമായതല്ലെന്നാണ് മാധ്യമപ്രവർത്തകനായ ഭബനി ശങ്കർ നായക് വിലയിരുത്തുന്നത്. ബിജെപിയെ അധികാരത്തിലെത്തിച്ചതിനു പിന്നിൽ മൂന്നു ഘടകങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നേതൃത്വത്തിൽ ഹിന്ദു രാഷ്ട്രീയ ബോധത്തിനുണ്ടായ ചരിത്രപരമായ ഉണർവും അതിന്റെ ഏകീകരണവും, ബംഗാളികൾ വിപ്ലവകാരികളും പുരോഗമനവാദികളുമാണെന്ന പൊതുബോധത്തിന്റെ (ഭാവനയുടെ) തകർച്ച, ബംഗാളിലെ ബ്രാഹ്മണ്യ സാമൂഹിക വ്യവസ്ഥയെ തകർക്കുന്നതിലും കൃത്യമായ വർഗബോധവും ശക്തമായ സംഘടനയും വളർത്തിയെടുക്കുന്നതിലും ഇടതുപക്ഷത്തിനുണ്ടായ പരാജയം എന്നിവയാണവ.
മുസ്ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യയെ മറികടക്കുമെന്നത് കൊളോണിയൽ കാലത്തെ തെറ്റായ പ്രചാരണമായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിച്ച കൊളോണിയൽ തന്ത്രം ഈ വാദത്തെ ശക്തമാക്കുകയും ചെയ്തു. അന്നത്തെ ഈ കൊളോണിയൽ വാദം ഇന്നത്തെ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാതലായിത്തന്നെ നിലനിൽക്കുകയും ഇക്കഴിഞ്ഞ ബംഗാൾ തെരഞ്ഞെടുപ്പിൽ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു.
ബംഗാളിലെ ഉപരിവർഗ ബുദ്ധിജീവികളും ഉയർന്ന ജാതിക്കാരായ രാഷ്ട്രീയ നേതാക്കളും കൊളോണിയൽ ഭരണത്തിന്റെ കൂട്ടാളികൾ എന്നതിലുപരി ഹിന്ദു മഹാസഭയുടെ ജീവരക്തം കൂടിയായിരുന്നു. ഈ വിഭാഗങ്ങളാണ് ഇന്ന് ബംഗാളിൽ ബിജെപി നേടിയ വിജയത്തിന്റെ കേന്ദ്രബിന്ദുവായതെന്നും ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.
ബംഗാളിലെ മാറ്റങ്ങൾ ഒരു രാത്രികൊണ്ട് സംഭവിച്ചതല്ല. അതിന്റെ വേരുകൾ ബ്രിട്ടീഷ് കൊളോണിയൽ കാലം വരെ നീണ്ടുകിടക്കുന്നു.
മയക്കിക്കിടത്തുന്ന നൊസ്റ്റാൾജിയയിൽനിന്ന് ഇന്നത്തെ ബംഗാളിന്റെ ചിത്രത്തിനു മുന്നിലേക്ക് ഉണരാം. എഴുപതുകളിലെ മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉള്ളിലുള്ളവർക്ക് 2026ലെ അവസ്ഥ ഒരാന്തലുണ്ടാക്കും. ഉദിച്ചുയർന്ന ചുവപ്പുതാരം പാതിവഴിയിൽ കരിന്തിരികത്തിയണഞ്ഞു.
ഇടതുപക്ഷ യാത്ര വഴിതെറ്റി ഏതോ ഇരുൾഗുഹയിലാണ്. ഇടതുപക്ഷത്തെ തച്ചുതകർത്തുവന്ന മമത ബാനർജിയാകട്ടെ ഫാസിസത്തിന്റെ പര്യായമായി ‘വിരോധി മുക്ത’(പ്രതിപക്ഷമില്ലാത്ത) ബംഗാളിനുവേണ്ടിയുള്ള കുതിപ്പിലായിരുന്നു. ആ അന്തംവിട്ട പോക്കിൽ ചുറ്റും ഉരുണ്ടുകൂടുന്നതെന്തെന്നു തിരിച്ചറിയാൻ അവർക്കായില്ല. തെരഞ്ഞെടുപ്പിൽ തോറ്റെന്നു മാത്രമല്ല, താൻതന്നെ കുഴിച്ച കുഴിയിൽ ചാടി കര കയറാനാകാതെ കുടുങ്ങിക്കിടക്കുകയാണ് ദീദി.
(തുടരും)