ധവളപത്രത്തിൽ വിസ്മയങ്ങൾ ഇല്ല. അതിന്റെ അടിസ്ഥാനത്തിൽ വി.ഡി. സതീശനു വേണമെങ്കിൽ വിസ്മയങ്ങൾ ഉണ്ടാക്കാം. അതിന് അദ്ദേഹം ധൈര്യപ്പെടുമോ എന്നു രണ്ടാഴ്ച കഴിഞ്ഞേ അറിയാനാകൂ. അപ്പോഴാണു ബജറ്റ് അവതരിപ്പിക്കുക. സംസ്ഥാനത്തിന്റെ ധനനില ഒട്ടും തൃപ്തികരമല്ല എന്ന കണ്ടെത്തലിൽ പുതുമയില്ല.
2024ൽ 67ഉം 2025ൽ 84ഉം ദിവസം സംസ്ഥാനം ഓവർഡ്രാഫ്റ്റിലായിരുന്നു. ഇതിന്റെ ഇരട്ടിയും മൂന്നിരട്ടിയും വീതം ദിവസം വെയ്സ് ആൻഡ് മീൻസ് അഡ്വാൻസിലും ആയിരുന്നു. കടമായും അല്ലാതെയും ഉള്ള വരവുകൾ കൊണ്ടു കാര്യം നടക്കാതെ വരുമ്പോഴാണ് റിസർവ് ബാങ്കിന്റെ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. (ഇവ ഉയർന്ന പലിശ ഈടാക്കുന്ന ഹ്രസ്വകാല വായ്പകളാണ് എന്നതു മറക്കരുത്).
സ്വന്തം വരവും കേന്ദ്രവിഹിതവും ബജറ്റിൽ പറഞ്ഞ വായ്പയുംകൊണ്ടു ചെലവു നടത്താനായില്ല. ഒടുവിൽ വർഷാന്ത്യ ദിവസമോ ഇറങ്ങിപ്പോകുന്ന ദിവസമോ ഖജനാവിൽ പണമുണ്ടെന്ന് അവകാശപ്പെടുന്നതിൽ എന്തു കേമമാണുള്ളത്?
കൊടുക്കാൻ പതിനായിരക്കണക്കിനു കോടി രൂപ
ആ നീക്കിയിരിപ്പിന്റെ പല മടങ്ങു തുക കൊടുത്തു തീർക്കാനും ഉണ്ട്. ജീവനക്കാരുടെ ക്ഷാമബത്ത 21,670 കോടി രൂപ, പെൻഷൻകാരുടെ ക്ഷാമാശ്വാസം 14,387 കോടി രൂപ, കരാറുകാർക്കു ബിൽ ഡിസ്കൗണ്ട് ചെയ്ത വകയിൽ ബാങ്കുകൾക്ക് 3431 കോടി രൂപ. മറ്റു ചില്ലറ ബാധ്യതകൾ കൂടി ചേർത്താൽ മൊത്തം 48,733 കോടി രൂപ. ഒരു വർഷം ബജറ്റിൽ വായ്പ എടുക്കുന്ന തുകയോളം വരുന്നു, ഈ കുടിശിക.
സർക്കാരിന്റെ കമ്മി കുറയ്ക്കാൻ ഭരണച്ചെലവ് കുറയ്ക്കണം. ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കു വരുമാനത്തിന്റെ 75 ശതമാനം ചെലവാക്കേണ്ടി വരുന്നു. സർക്കാർ സംവിധാനങ്ങൾ കൂടുതൽ ഡിജിറ്റൽ ആക്കണം എന്നു ധവളപത്രം നിർദേശിക്കുന്നു. എന്നാൽ ഇതുവഴി ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്നു പറയുന്നില്ല. രാഷ്ട്രീയമായി സ്വീകാര്യമല്ലാത്ത ആശയമാണല്ലോ അത്. ആളെ കുറയ്ക്കാതെ കംപ്യൂട്ടറൈസേഷൻ നടത്തിയ വിദഗ്ധരാണല്ലോ കേരള ബ്യൂറോക്രസി.
തോന്നുംപടി ബജറ്റ് കണക്ക്
ബജറ്റുകൾ വേണ്ടത്ര ശ്രദ്ധയോടെ തയാറാക്കുന്നില്ല എന്ന ആക്ഷേപം വർഷങ്ങളായി ഉള്ളതാണ്. ധവളപത്രം കണക്കുകൾ ഉദ്ധരിച്ച് ഈ ആക്ഷേപം സ്ഥിരീകരിക്കുന്നു. നികുതി- നികുതിയിതര വരുമാനങ്ങൾ, ചെലവ്, റവന്യൂ കമ്മി, ധനകമ്മി ഇവയുടെയൊക്കെ ബജറ്റ് എസ്റ്റിമേറ്റും യഥാർഥ കണക്കും തമ്മിൽ പത്തു ശതമാനത്തിലധികം വ്യത്യാസം മിക്ക വർഷങ്ങളിലും ഉണ്ട്.
പൊതുമേഖല എന്ന ഭാരം
പൊതുമേഖലാ സ്ഥാപനങ്ങൾ ഭാരമാണ് എന്നു ധവളപത്രം വ്യക്തമാക്കി. 2024-25 ഒടുവിൽ പൊതുമേഖലയുടെ സഞ്ചിതനഷ്ടം 78,851 കോടി രൂപ ആയിരുന്നു. ഇത് ഇങ്ങനെ പോയാൽ എന്താകും? പൊളിച്ചെഴുത്തു വേണമെന്നു പറഞ്ഞതല്ലാതെ മാർഗങ്ങൾ ഇതിൽ നിർദേശിച്ചിട്ടില്ല. അപ്രസക്തമായ കുറേ സ്ഥാപനങ്ങൾ ഇല്ലാതാക്കാനോ സ്വകാര്യവത്കരിക്കാനോ ശ്രമിക്കേണ്ടതാണ്.
നല്ല ലാഭമുണ്ടാക്കുന്ന ബിവറേജസ് കോർപറേഷൻ ലാഭത്തിനു നികുതി നൽകുന്നു. അതേ സമയം സിവിൽ സപ്ലൈസ് കോർപറേഷൻ വലിയ നഷ്ടത്തിൽ ഓടുന്നു. ഇവ ഒന്നിപ്പിച്ച് ഒരു കോർപറേഷന്റെ രണ്ട് ഉപകമ്പനികളായി നടത്തിയാൽ നികുതി ലാഭിക്കാം എന്ന ശിപാർശ ധവളപത്രത്തിൽ ഉണ്ട്.
വൈദ്യുതി ഉണ്ടാക്കാൻ
സംസ്ഥാനത്തു വൈദ്യുതി ഉത്പാദനം കൂട്ടുന്നതിനു ധവളപത്രം നിർദേശിക്കുന്നത് കേന്ദ്ര പൊതുമേഖലാ കമ്പനികളെയും സ്വകാര്യ മേഖലയെയും ക്ഷണിക്കണം എന്നാണ്. കായംകുളത്ത് എൻടിപിസിയുമായും ബ്രഹ്മപുരത്ത് റിലയൻസുമായും ഉണ്ടാക്കിയ കരാറുകളുടെ വലിയ ബാധ്യത ഇപ്പോഴും തുടരുന്നു. ചില ജലവൈദ്യുത പദ്ധതികളിലെ സഹകരണ കരാറുകളും സംസ്ഥാനത്തിനു നഷ്ടമായാണ് മാറിയത്. ഈ അനുഭവങ്ങൾ വച്ചുകൊണ്ടു കരാർ ഉണ്ടാക്കുന്നില്ലെങ്കിൽ തട്ടിപ്പുകാർക്കു കൊയ്ത്തിന് അവസരമാകും.
ഉപയോഗിച്ച വെള്ളം വീണ്ടും ഡാമിൽ എത്തിച്ചും ചെറുകിട ആണവ റിയാക്ടറുകൾ സ്ഥാപിച്ചും പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പാക്കിയും വൈദ്യുതി ഉത്പാദനം കൂട്ടണമെന്നാണു ധവളപത്രത്തിലെ ശിപാർശ.
ധവളപത്രം സംസ്ഥാന ധനകാര്യത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ ശരിയായി നിർവചിച്ചു. യഥാർഥരോഗം ബ്യൂറോക്രസിയുടെ അമിത എണ്ണവും വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളുമാണ്.
സതീശൻ സർക്കാർ രോഗത്തിനു ചികിത്സിക്കുമോ? ആ ചികിത്സ രാഷ്ട്രീയമായി കയ്പേറിയതാണ്. എന്നാൽ കേരളത്തിന്റെ നല്ല ഭാവിക്ക് അത്യാവശ്യവും. വി.ഡി. സതീശൻ ജനപ്രിയതയ്ക്കാണോ രാഷ്ട്രതന്ത്രജ്ഞതയ്ക്കാണോ പ്രാധാന്യം നൽകുന്നതെന്നു വരും ദിവസങ്ങളിൽ അറിയാം.
കിഫ്ബിയെപ്പറ്റി ധവളപത്രത്തിൽ പറയുന്ന രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണ്ടതാണ്. ഒന്ന്: നവീന മാർഗങ്ങളിലൂടെ വികസനത്തിനു പണം കണ്ടെത്താനാണു കിഫ്ബി ഉണ്ടാക്കിയത്.
പുതിയ ഒരു മാർഗവും കണ്ടെത്തിയില്ല. മസാല ബോണ്ട് അടക്കം എടുത്ത വായ്പകൾക്കു സർക്കാർ നേരിട്ട് എടുക്കുന്ന വായ്പകളേക്കാൾ ഒന്നു മുതൽ ഒന്നര വരെ ശതമാനം അധികപലിശയും നൽകി. രണ്ട്: കിഫ്ബി പണത്തിന്റെ പകുതി മൂന്നു ജില്ലകളിലാണു മുടക്കിയത്. (കണ്ണൂരിലും തിരുവനന്തപുരത്തും 17 ശതമാനം വീതം, എറണാകുളത്ത് 11 ശതമാനം). ബാക്കി 11 ജില്ലകൾക്കു മൊത്തം തുകയുടെ പകുതി മാത്രം.
കിഫ്ബി വഴി അധികച്ചെലവും പക്ഷപാതവും. കിഫ്ബി നടത്തിപ്പിൽ ചട്ടങ്ങൾ മറി കടന്നതു വേറെ വിഷയം. കിഫ്ബിയുടെ തിരിച്ചടവ് ബാധ്യത ഈ ധനകാര്യവർഷം മുതൽ വർധിക്കുന്നുമുണ്ട്. കിഫ്ബി സമഗ്രമായി അഴിച്ചു പണിയുന്നതിനു ധവളപത്രം മാർഗരേഖ ആയേക്കും.
പെൻഷൻ പ്രായം 60 ആക്കണമെന്നും ശമ്പള പരിഷ്കാരം അഞ്ചു വർഷത്തിൽ എന്നതു 10 വർഷത്തിൽ ആക്കണമെന്നുമുള്ള സുപ്രധാന നിർദേശങ്ങൾ ധവളപത്രത്തിൽ കമ്മിറ്റിയുടേതല്ലാത്ത മട്ടിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
പെൻഷൻപ്രായം ഒരു വയസ് കൂട്ടിയാൽ 6000 കോടി രൂപയുടെ ചെലവ് ലാഭിക്കാം. ഇക്കാര്യങ്ങളിൽ വേണ്ടതു രാഷ്ട്രീയ ഇച്ഛാശക്തിയാണ്. 2001ൽ എ.കെ. ആന്റണി സർക്കാർ അൽപം ഇച്ഛാശക്തി കാണിക്കാൻ ശ്രമിച്ചു. പക്ഷേ അതിനു കൊടുക്കേണ്ടിവന്ന രാഷ്ട്രീയവില വലുതായിരുന്നു. അന്ന് എംഎൽഎ ആയിരുന്ന വി.ഡി. സതീശന് അതറിയാം.
ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് പെൻഷൻ പ്രായം ഒരു വയസ് കൂട്ടുന്ന കാര്യം തന്റെ നിർത്തില്ലാത്ത ചുമയിൽ ഒളിപ്പിച്ച് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് പ്രസംഗം നടത്തിയത് മറക്കാൻ കാലമായിട്ടില്ല. പ്രസംഗം കഴിഞ്ഞു നിയമസഭ പിരിയും വരെ വിഷയം അറിയാതിരുന്ന പ്രതിപക്ഷം ബഹളം വച്ചില്ല.
സതീശന് അറിയാവുന്ന മറ്റൊരു കാര്യവുമുണ്ട്. രാഷ്ട്രീയമായി അപ്രിയമാകാവുന്ന സുപ്രധാന നടപടികൾ എടുക്കാൻ പറ്റിയതു ഭരണത്തിന്റെ തുടക്കത്തിലാണ്. പെൻഷൻ പ്രായത്തിൽ സതീശൻ അങ്ങനെയൊന്നിനു തുനിയുമോ? രണ്ടാഴ്ച കഴിഞ്ഞ് അറിയാം.
Tags : VD Satheesan treated illness White Paper