വർക്കിച്ചനും ഭാര്യ മേരിക്കുട്ടിയും വല്ലാത്ത വിഷമത്തിലായിരുന്നു.
ഏക മകളും ദില്ലി സർവകലാശാലയിലെ വിദ്യാർഥിനിയും ബുദ്ധിജീവിയുമായ ഏലിക്കുട്ടി ഒരു റിസർച്ച് പ്രോഗ്രാമിനായി ഓസ്ട്രേലിയയിലേക്ക് പോവുകയാണെന്ന വാർത്തയാണ് ഖേദത്തിനു കാരണം.
ഗവേഷണപഠനം ഹേതുവായി കങ്കാരുവിന്റെ നാട്ടിലേക്കു പോയാൽ ഉടനെയൊന്നും തിരിച്ചുവരുന്നില്ലെന്നാണ് പെണ്ണ് പറയുന്നത്. ഇതു കേട്ടതോടെ മേരിക്കുട്ടിക്ക് ഒരു സംശയം; ഏലിയോടൊപ്പം ഒരു ഓസ്ട്രേലിയക്കാരൻ പഠിക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. ഈ കങ്കാരുപ്പയ്യന്റെ കൂടെ പൊറുതി തുടങ്ങാനാണോ മകളുടെ ഭാവം? ഇന്നത്തെക്കാലത്ത് എന്തും സംഭവിക്കാം!
ഭാര്യയുടെ സംശയം കേട്ടപ്പോൾ വർക്കിച്ചൻ നടുങ്ങി.
ഇത്രയുംനാൾ കഷ്ടപ്പെട്ട് സമ്പാദിച്ച പറമ്പും സ്വത്തുമൊക്കെ എവിടെയോ കിടക്കുന്ന ഓസ്ട്രേലിയക്കാരൻ കൊണ്ടുപോയാൽ എന്തു ചെയ്യും? അവസാനകാലത്ത് തന്റെയും ഭാര്യയുടെയും അവസ്ഥയെന്തായിരിക്കും? ചിന്തിച്ചപ്പോൾ ഒരെത്തും പിടിയും കിട്ടിയില്ല.
ആകെപ്പാടെയുള്ള മാനം പോയ മട്ടിൽ മാനത്തേക്കു നോക്കി പൂമുഖത്തെ ചാരുകസേരയിൽ കിടക്കവേ, തെല്ലുനേരം കഴിഞ്ഞപ്പോൾ വർക്കിച്ചന്റെ ബുദ്ധി തെളിഞ്ഞു. കുടുംബസുഹൃത്തും വക്കീലുമായ അവറാച്ചനോട് ഇക്കാര്യങ്ങൾ സംസാരിച്ചാലോ? ഉചിതജ്ഞനും ബുദ്ധിമാനുമായ അവറാച്ചൻ ഇതിനൊക്കെ പരിഹാരം കണ്ടെത്താതിരിക്കില്ല.
മേരിക്കുട്ടിക്കും ഇക്കാര്യം സമ്മതമായി. നേരം കളയാതെ അവർ അവറാച്ചന്റെ വീട്ടിലേക്കു പോയി.
നിങ്ങൾ ആർക്കുവേണ്ടി ജീവിച്ചു?
വർക്കിച്ചൻ പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടപ്പോൾ അവറാച്ചന് ചിരിയാണു വന്നത്. എല്ലാം മകൾക്കുവേണ്ടി സമർപ്പിച്ച്, സുഖസൗകര്യങ്ങളൊക്കെ വേണ്ടെന്നുവച്ചു ജീവിച്ച വർക്കിച്ചന്റെയും മേരിക്കുട്ടിയുടെയും അവസ്ഥ കണ്ടപ്പോൾ ചിരിക്കാതെ എന്തു ചെയ്യും?
“നിങ്ങൾ ആദ്യം ചെയ്ത തെറ്റ് മകൾക്കു വേണ്ടി മാത്രം ജീവിച്ചു എന്നതാണ്! നിങ്ങൾ രണ്ട് മെഴുകുതിരികൾ പോലെ മകൾക്കായി എരിഞ്ഞുതീരുകയാണ്.” -അവറാച്ചൻ ഇരുവരോടുമായി പറഞ്ഞു.
“എല്ലാവരും അങ്ങനെയല്ലേ?”- മേരിക്കുട്ടി അറിയാതെ ചോദിച്ചുപോയി.
“ശരിയാണ്. കുട്ടികൾ പ്രാപ്തിയാകും വരെ നിങ്ങൾ അവർക്കുവേണ്ടി ജീവിക്കണം. പക്ഷേ, അവർ വളർന്നു വലുതായിക്കഴിഞ്ഞാൽ പിന്നീടുള്ള കാലം നിങ്ങൾ ജീവിതസുഖങ്ങൾ ആവോളം കോരിക്കുടിച്ച് സുഖമായി കഴിയണം, എന്നിട്ട് ഭാഗ്യമരണം പ്രാപിക്കണം!” -അവറാച്ചൻ പറഞ്ഞു.
“ശരിയാണ് അവറാച്ചാ! ഞങ്ങളൊരിക്കലും ഞങ്ങളുടെ സുഖം നോക്കിയിട്ടില്ല. ഒരു ഹോട്ടലിൽ പോയി നല്ല ആഹാരം കഴിച്ചിട്ടില്ല. തിയറ്ററിൽ ചെന്ന് സിനിമ കണ്ടിട്ടില്ല. യാത്രകളും ചെയ്യാറില്ല. പണ്ടൊക്കെ വല്ലപ്പോഴും സിഗററ്റ് വലിച്ചിരുന്നു. ഇപ്പോൾ അതുമില്ല. റിട്ടയർ ചെയ്തതിനു ശേഷം പുതിയ മുണ്ടും ഷർട്ടും പോലും വാങ്ങാറില്ല. മേരിക്കുട്ടിക്ക് ഒരു സാരിയോ മറ്റോ വർഷത്തിലൊരിക്കൽ എടുത്താലായി.” -വർക്കിച്ചൻ സമ്മതിച്ചു.
“കാപ്പിക്കുരുവിന്റെ തൊണ്ട് വറുത്തെടുത്തു പൊടിച്ചാണ് കട്ടൻകാപ്പി പോലും ഞാൻ ഉണ്ടാക്കിയിരുന്നത്. എന്നിട്ട് കാപ്പിക്കുരു വിറ്റുകിട്ടുന്ന കാശും ചിട്ടിപിടിച്ച തുകയും റബറിന്റെ പൈസയുമൊക്കെ ബാങ്കിലിടും! ഒറ്റരൂപ പോലും അനാവശ്യമായി ചെലവാക്കില്ല.
രാവിലെ ഉണക്കക്കപ്പയും ഉണക്കമീനും മാത്രം. ഉച്ചയ്ക്ക് ചോറും മീൻകറിയും. വൈകുന്നേരം ഒരു ചുട്ട പപ്പടവും ബ്ലാക്ക്കോഫിയും. അത്താഴത്തിന് പഴഞ്ചോറും പഴയ മീൻകറിയും. എല്ലാം ഏലിപ്പെണ്ണിനുവേണ്ടിയുള്ള ഞങ്ങളുടെ ത്യാഗങ്ങളായിരുന്നു.” -മേരിക്കുട്ടിയും തങ്ങളുടെ ദുഃഖകരമായ ദിനചര്യ വിസ്തരിച്ചു പറഞ്ഞു.
അന്തസോടെ ജീവിച്ചു മരിക്കുവിൻ!
ഇതൊക്കെ കേട്ടപ്പോൾ അവറാച്ചൻ വീണ്ടും ചിരിച്ചു: “അതായത്, ഇങ്ങനെ കഷ്ടപ്പെട്ട് ജീവിച്ചിട്ട് നിങ്ങൾ കുറച്ചു ബാങ്ക് ബാലൻസ് ഉണ്ടാക്കിയെന്നു മാത്രം. ജീവിതത്തിലെ സുഖങ്ങളൊന്നും ആസ്വദിച്ചിട്ടില്ല. നിങ്ങളുണ്ടാക്കിയ ഈ പണത്തിനും നിങ്ങളുടെ മറ്റു സ്വത്തുക്കൾക്കും ഭാവിയിൽ എന്തു സംഭവിക്കും? ഇതൊക്കെ ഓസ്ട്രേലിയക്കാരൻ കൊണ്ടുപോകും. അല്ലെങ്കിൽ ഏലിക്കുട്ടി വല്ല അനാഥാലയത്തിനും കൊടുക്കും. അങ്ങനെ വരുമ്പോൾ നിങ്ങളുടെ ജന്മം വെറുതെയായി!”
അവറാച്ചന്റെ നിർദയമായ വാക്കുകൾ കേട്ട് വർക്കിച്ചൻ ഞെട്ടി. മേരിക്കുട്ടി മുളപൊട്ടുന്നതുപോലെ കരഞ്ഞു.
“ഇനി കരഞ്ഞിട്ട് ഒരു കാര്യവുമില്ല. മകൾ വിദേശരാജ്യത്ത് പോയി പഠിക്കുകയോ ജീവിക്കുകയോ ചെയ്യട്ടെ. ഓസ്ട്രേലിയക്കാരനെയോ അമേരിക്കക്കാരനെയോ വരിക്കട്ടെ. അതിന് നമുക്ക് ഒന്നും ചെയ്യാനാവില്ല. ഈ വൈകിയ വേളയിലെങ്കിലും അന്തസോടെ ജീവിച്ചുമരിക്കുക എന്നതു മാത്രമാണ് നിങ്ങൾക്ക് ചെയ്യാനുള്ളത്.” -അവറാച്ചൻ ഉപദേശിച്ചു.
“എന്നു പറഞ്ഞാൽ?” -വർക്കിച്ചന് മനസിലായില്ല.
“എന്നു പറഞ്ഞാൽ, ഇനിമുതൽ ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, ഇഷ്ടമുള്ള സ്ഥലത്തേക്കു യാത്ര ചെയ്ത് സമാധാനത്തോടെ ജീവിക്കുക എന്നുതന്നെ!” -അവറാച്ചൻ വ്യക്തമാക്കി.
തുടർന്ന് അദ്ദേഹം വർക്കിച്ചന്റെയും മേരിക്കുട്ടിയുടെയും തുടർജീവിതത്തിനുള്ള വിശദമായ മാസ്റ്റർപ്ലാൻ തയാറാക്കി അവരെ പഠിപ്പിച്ചു. വീട് പെയിന്റ് ചെയ്യുക, പുതിയ മൊബൈൽ ഫോൺ വാങ്ങുക, യാത്ര ചെയ്യുക, ഇഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങുക എന്നിവ അവറാച്ചന്റെ പ്ലാനിൽ ഉണ്ടായിരുന്നു.
പരിപ്പുവടയല്ല, ജീവിതം
മകൾ ഓസ്ട്രേലിയയിലേക്ക് പറന്നുപോയതിന്റെ പിറ്റേന്നു രാവിലെ വർക്കിച്ചൻ പുതിയ പ്ലാൻ പ്രകാരം പ്രവർത്തിച്ചുതുടങ്ങി. ബാങ്കിൽ പോയി തന്റെ സ്ഥിരനിക്ഷേപങ്ങളിൽനിന്ന് ഒരു തുകയും റബറും മറ്റും വിറ്റ വകയിൽ കിട്ടിയ തുകയും അദ്ദേഹം സേവിംഗ്സിലേക്ക് മാറ്റി. ‘ഗൂഗിൾ പേ’, ‘ഫോൺ പേ’ തുടങ്ങിയ ആപ്പുകളും മൂപ്പർക്ക് സ്വന്തമായി.
“മേരിക്കുട്ടീ! ഇനിയാണ് നമ്മൾ ജീവിക്കാൻ പോകുന്നത്. നീ എത്രനാളായി അടുക്കളയിൽക്കിടന്ന് കഷ്ടപ്പെടുന്നു! ഇനി നമുക്ക് അടിച്ചുപൊളിക്കാം. നമുക്കിന്ന് ടൗണിൽ പോയി ഒന്നു ചുറ്റിക്കറങ്ങി വരാം.” -ഗൃഹനാഥൻ മറ്റൊരു ദിവസം ഭാര്യയോടു പറഞ്ഞു. മേരിക്കുട്ടി സമ്മതിച്ചു.
മുൻ തീരുമാനപ്രകാരം അവർ യുവമിഥുനങ്ങളെപ്പോലെ ടൗണിലേക്ക് യാത്രയായി. ഇരുവരും ചേർന്ന് അത്തരമൊരു സവാരി ആദ്യമായിട്ടായിരുന്നു. ആ നിമിഷങ്ങളുടെ നിർവൃതിയിൽ മേരിക്കുട്ടി കഷ്ടപ്പെട്ട് ഒന്നു പുഞ്ചിരിച്ചു. ടൗണിലെ വലിയൊരു തുണിക്കടയിൽ അവർ പ്രത്യക്ഷരായി. മേരിക്കുട്ടിക്ക് ചുരിദാറും ലഗ്ഗിൻസും മതിയെന്ന് വർക്കിച്ചൻ വാശി പിടിച്ചു. വർക്കിച്ചന് മുണ്ടിന് പകരം ബർമുഡ മതിയെന്ന് മേരിക്കുട്ടിയും ശഠിച്ചു. ചെറിയ തർക്കങ്ങൾക്കു ശേഷം ഇരുവരും പരസ്പരം അനുസരിച്ചതോടെ ആ പ്രശ്നം തീർന്നു.
ഇരുവരും തുടർന്ന് പട്ടണത്തിലെ വലിയൊരു ഹോട്ടലിലേക്ക് ഗമിച്ചു. അവർ ആദ്യമായാണ് ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ കയറുന്നത്. അപ്പോഴാണ് ഒരു സംഗതി വെളിവായത്-പരിപ്പുവടയും ഉഴുന്നുവടയുമല്ലാതെ മറ്റൊന്നും ഓർഡർ ചെയ്യാൻ വർക്കിച്ചനറിഞ്ഞുകൂടാ!
മേരിക്കുട്ടി മേശപ്പുറത്തെ മെനുകാർഡ് ധൈര്യമായി എടുത്തു നോക്കി: മട്ടൻ പിഷോരി, മട്ടൺ മസാല, ഫിഷ് ഫിംഗർ, പ്രോൺസ് കഡായി, ഫിഷ് ബിരിയാണി, തന്തൂരി റൊട്ടി... ഇങ്ങനെ പലവിധ ഐറ്റങ്ങളുടെ ഭീകരമായ നാമങ്ങൾ! ഈ വിശിഷ്ടമായ വിഭവങ്ങളുടെ പേരുകൾ വായിക്കാൻ ശ്രമിച്ചപ്പോൾ പരിമിതവിഭവയായ മേരിയുടെ കണ്ണു നിറഞ്ഞു കവിഞ്ഞൊഴുകി.
അവർക്ക് ശരിക്കും ദേഷ്യവും സങ്കടവും വന്നു. മകളെ നന്നായി വളർത്താനും കാശു സമ്പാദിക്കാനുമുള്ള തത്രപ്പാടിൽ നല്ലൊരു ഹോട്ടലിൽപോലും ഇതിനുമുമ്പ് കയറാൻ കഴിഞ്ഞിട്ടില്ല! പുതിയ വിഭവങ്ങളുടെ പേരുകൾപോലും തനിക്കറിയില്ല!
“നീ പേടിക്കാതെ! നമുക്ക് പരിപ്പുവടയും ഉപ്പുമാവും മതി.” -വിഭവങ്ങളുടെ ലിസ്റ്റ് കണ്ട് ഭയന്നുപോയ വർക്കിച്ചൻ മന്ത്രിച്ചു. പരിപ്പുവടയിൽ കൂടുതലൊന്നും മൂപ്പർ ഇന്നേവരെ ചിന്തിച്ചിരുന്നില്ലല്ലോ. വിഷമം മറച്ചുവച്ചുകൊണ്ട് മേരിക്കുട്ടി അറിയാതെ പറഞ്ഞു പോയി: “അച്ചായാ, പരിപ്പുവട മാത്രമല്ല, ജീവിതം!”
ഹോർമുസും വർക്കിച്ചനും
പിന്നീടുള്ള ദിവസങ്ങളിൽ മേരിക്കുട്ടിയും വർക്കിച്ചനും വീട്ടിൽ സസന്തോഷം ധനം ചെലവു ചെയ്ത് ജീവിച്ചുതുടങ്ങി.അങ്ങനെയിരിക്കുകയാണ് അവറാച്ചൻ വീട്ടിലേക്ക് എത്തിയത്.
“നിങ്ങളിങ്ങനെ വെറുതെ തിന്നും കുടിച്ചും ഇരുന്നാൽപ്പോരാ! മറ്റൊരു ഉത്തരവാദിത്വം കൂടിയുണ്ട്. വരും തലമുറയ്ക്കുവേണ്ടി എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യണം. ഒരുവേള, ഭാവിയിൽ മകൾ മടങ്ങിവന്നാൽ എങ്ങനെ ജീവിക്കും?” -അവറാച്ചൻ ചോദിച്ചു.
“ഞാനെന്തു ചെയ്യണമെന്നാണ്? നിങ്ങളല്ലേ, നേരത്തേ ഞങ്ങളോട് അടിച്ചുപൊളിച്ച് ജീവിച്ചോളാൻ പറഞ്ഞത്?” -വർക്കിച്ചന് ഒരു പിടിയും കിട്ടിയില്ല.
“ശരിയാണ്. നിങ്ങൾ സുഖമായി ജീവിക്കണം. അതാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ടു മാത്രമായില്ല - ഇനി, നാടിന്റെ വികസനത്തിനും മകൾക്കും സഹായമായ എന്തെങ്കിലും വേറെയും ചെയ്യണം! അതാണ് എന്റെ പ്ലാനിന്റെ രണ്ടാം ഘട്ടം.” -അവറാച്ചൻ വെളിപ്പെടുത്തി.
വർക്കിച്ചൻ തെല്ലുനേരം ഗൗരവത്തിൽ ആലോചനയിലാണ്ടു.
“വിദേശത്തെ കാര്യങ്ങളൊക്കെ അനിശ്ചിതത്വത്തിലാകാൻ അധികം നാളൊന്നും വേണ്ട. ഹോർമുസ് കടലിടുക്കിൽ ചെറിയ കശപിശയുണ്ടായാൽ നമ്മുടെ അടുപ്പ് പുകയില്ലെന്ന അവസ്ഥയാണ്. അപ്പോൾ, മകൾ തിരിച്ചുവരുന്ന ഒരു കാലവും നമ്മൾ മുമ്പിൽ കാണണം.” -അവറാച്ചൻ പ്രവചിച്ചു.
“അവൾ ഇവിടെ വന്നാൽ എന്തു ചെയ്യും?” -മേരിക്കുട്ടിക്ക് ആശങ്കയായി.
“അവളൊക്കെ തിരിച്ചുവരുമെന്നല്ല, ഞാൻ പറയുന്നത്. പക്ഷേ, നാട്ടിൽ വികസനമെത്തിയാൽ കൂടുവിട്ടുപോയ പിള്ളേർ ഇന്നല്ലെങ്കിൽ നാളെ മടങ്ങിവരുമെന്ന് നിശ്ചയം.” -അവറാച്ചന് ഉറപ്പാണ്.
വർക്കിച്ചൻ ഇതു കേട്ട് കുറച്ചു നേരംകൂടി ചിന്തിച്ചിരുന്നു.
എന്നിട്ട് ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ ഗൗരവത്തോടെ ഉവാച: “അവറാച്ചാ! ഞാനൊരു ചെറിയ വികസനപ്രവർത്തനം നടത്താം. ജംഗ്ഷനിൽ വെറുതെ കിടക്കുന്ന എന്റെ സ്ഥലത്ത് രണ്ടുനിലയുള്ള പീടിക പണിയാം. മകൾ വിദേശത്തായതിനാൽ നമുക്ക് ബാങ്ക് ലോൺ പെട്ടെന്നു കിട്ടും. കെട്ടിടം റെഡിയാക്കിയാൽ മകൾക്ക് ഭാവിയിൽ ഒരു വരുമാനമാകും. നാടിന്റെ മുഖഛായ മാറുകയും ചെയ്യും.”
ഇതു കേട്ട് അവറാച്ചൻ അമ്പരന്നു നിന്നുപോയി. മേരിക്കുട്ടിയും ഞെട്ടി.
“വർക്കിച്ചാ! താൻ എന്നെയും കടത്തിവെട്ടി പ്ലാനിട്ടിരിക്കുന്നു! ഈ ബുദ്ധി എവിടന്നു വന്നു?” -അവറാച്ചൻ ചോദിച്ചു.
ഈ ചോദ്യം കേട്ട് ചൂണ്ടുവിരലുയർത്തി വർക്കിച്ചൻ നിസാര മട്ടിൽ ചൊല്ലി: “കാലത്തിനൊപ്പിച്ച് ഞാനും മാറിയെന്ന് കൂട്ടിക്കോ! പരിപ്പുവട തിന്നുന്നതു മാത്രല്ല, അവറാച്ചാ, ജീവിതം! നാട്ടിൽ ഡെവലപ്മെന്റ് വരട്ടെ! എല്ലാവരും അടിച്ചുപൊളിക്കട്ടെ!”
വാൽക്കഷണം:
നാട്ടിലെ നാൽക്കവലയിൽ വർക്കിച്ചന്റെ രണ്ടുനിലക്കെട്ടിടം പണി തീരാറായി.
മണിമാളികയുടെ പേര്: ‘വർക്കിച്ചൻ ടവർ!’
മകൾ ഏലിപ്പെണ്ണ് ഓസ്ടേലിയയിലിരുന്ന് ഈ സൗധത്തിന്റെ ചിത്രം മെബൈലിൽ കണ്ടപ്പോൾ ആഹ്ലാദമടക്കാൻ വയ്യാതെ ഇപ്രകാരം ആർത്തു വിളിച്ചു: “ശരിയാണപ്പാ! പരിപ്പുവട മാത്രമല്ല, ജീവിതം!”
Tags : Dad spaghetti Parippuvada Varkichen