ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതും ഹരിത ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതുമെല്ലാമാണ് ഇ85, ഇ100 ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത്. ഇതിനു പിന്നിലുള്ള ഭീമമായ ജല പാദമുദ്ര ചർച്ചകളിൽ കടന്നുവരുന്നതേയില്ല.
ഡിസ്റ്റിലറികളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് മാത്രം ഉയർത്തിക്കാട്ടി എഥനോൾ ഉത്പാദനത്തിന് പിന്നിലുള്ള യഥാർഥ ജല പാദമുദ്ര മറച്ചുവയ്ക്കപ്പെടുന്നു. കരിമ്പ്, മക്കച്ചോളം തുടങ്ങി എഥനോൾ ഉത്പാദനത്തിനുവേണ്ടിയുള്ള കൃഷി എറ്റവും കൂടുതൽ വ്യാപിക്കുന്നത് അതിതീവ്രമായ ജലസമ്മർദം നേരിടുന്ന മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
എഥനോൾ ഉത്പാദനം വർധിക്കുന്നതോടെ ഭക്ഷ്യവിളകളുടെ കൃഷിക്കും കുടിവെള്ളത്തിനുമുള്ള ശുദ്ധജലം ഇതിലേക്ക് വഴിതിരിച്ചുവിടപ്പെടും. ഒരു കിലോ അരി ഉത്പാദിപ്പിക്കാൻ 4000 ലിറ്റർ വെള്ളം വേണ്ടിവരും. രണ്ടര-മൂന്ന് കിലോഗ്രാം അരിയിൽനിന്ന് ഒരു ലിറ്റർ എഥനോൾ ഉണ്ടാക്കാം. അരിയിൽനിന്ന് ഓരോ ലിറ്റർ എഥനോൾ നിർമിക്കുമ്പോഴും പിന്നിൽ 10,000 ലിറ്ററിലേറെ വെള്ളത്തിന്റെ പാദമുദ്രയുണ്ടാവും. പഞ്ചസാരയിൽനിന്ന് ഒരു ലിറ്റർ എഥനോൾ നിർമിക്കുമ്പോൾ 3630 ലിറ്റർ വെള്ളവും ഉപയോഗിക്കപ്പെടും.
മക്കച്ചോളത്തിൽനിന്ന് ഒരു ലിറ്റർ എഥനോൾ നിർമിക്കാൻ 4670 ലിറ്റർ വെള്ളം വേണമെന്ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. ഡിസ്റ്റിലറികളിൽ എഥനോൾ ശുദ്ധീകരണത്തിനും വൻതോതിൽ ശുദ്ധജലം ആവശ്യമുണ്ട്. വയലുകളിൽ ഉപയോഗിക്കുന്ന ജലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു കുറവാണെങ്കിലും ഈ ഡിസ്റ്റിലറികൾ സ്ഥിതി ചെയ്യുന്നത് തീവ്രമായ ശുദ്ധജല പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളിലാണ്.
ഒരു ലക്ഷം ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കുന്ന ഒരു പ്ലാന്റിന് പ്രതിദിനം നാല്-നാലര ലക്ഷം ലിറ്റർ ഭൂഗർഭ ജലം ഊറ്റിയെടുക്കാൻ കേന്ദ്ര പരിസ്ഥിതി വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. യഥാർഥത്തിൽ ഇതിലുമേറെ വരും എഥനോൾ പ്ലാന്റുകളുടെ ജല ഉപഭോഗം. ജലം പുനരുപയോഗം ചെയ്യുന്നുണ്ടെന്നാണ് കമ്പനികളുടെ അവകാശവാദം.
രൂക്ഷമായ ജല പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളിൽ ജൈവ ഇന്ധനത്തിനാണോ ഭക്ഷ്യവിളകളുടെ കൃഷിക്കാണോ പ്രഥമ പരിഗണന നൽകേണ്ടതെന്നതാണ് പ്രധാന ചോദ്യം. രാജ്യത്തെ 60 കോടിയിലേറെ ജനങ്ങൾ തീവ്രമായ ശുദ്ധജലക്ഷാമംനേരിടുമ്പോൾ കുടിവെള്ളത്തിന്റെ ലഭ്യതയും പ്രധാന പ്രശ്നമായി ഉയർന്നുവരുന്നു.
എഥനോൾ ഹരിത ഇന്ധനമോ?
രാജ്യസ്നേഹം ഉയർത്തിക്കാട്ടി, എഥനോൾ ഏറ്റവും പരിസ്ഥിതിസൗഹൃദപരമായ ബദൽ ഇന്ധനമായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ, ഭൂവിനിയോഗത്തിലുണ്ടാകുന്ന മാറ്റങ്ങൾ, വനനശീകരണം, രാസവളങ്ങൾ ഉപയോഗിച്ചുള്ള ഊർജിത കൃഷി തുടങ്ങിയ കാരണങ്ങളാൽ ഒന്നാം തലമുറ എഥനോൾ ഫോസിൽ ഇന്ധനങ്ങളേക്കാള് 16 ശതമാനം കൂടുതൽ കാർബൺ ഡയോക്സൈഡ് മൊത്തത്തിൽ പുറന്തള്ളുമെന്ന് യൂറോപ്യൻ സംഘടനയായ ടി&ഇ (ട്രാൻസ്പോര്ട്ട് ആൻഡ് എന്വയോണ്മെന്റ് ) പറയുന്നു.
അസംസ്കൃത വസ്തുക്കളുടെ ഉത്പാദനത്തിനുള്ള കൃഷി, രാസവള - കീടനാശിനി പ്രയോഗം, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, വനനശീകരണം, ഗതാഗതം, സംസ്കരണം, മാലിന്യ നിർമാർജനം തുടങ്ങി ജീവിതചക്രം പൂർണമായി കണക്കിലെടുക്കുമ്പോൾ എഥനോൾ വിശേഷിപ്പിക്കപ്പെടുന്ന അത്ര ഹരിതമല്ലെന്ന് കാണാം. എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങളിൽനിന്നു നേരിട്ടുള്ള കാർബൺ പുറന്തള്ളൽ കുറവായിരിക്കാം.
എന്നാൽ ഓക്സിജിനേറ്റഡ് ജൈവ സംയുക്തങ്ങളുടെ ബഹിർഗമനം കൂടാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് മനുഷ്യരിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. എഥനോൾ പ്ലാന്റുകൾ വലിയ അളവിൽ മലിനജലം ഉത്പാദിപ്പിക്കുന്നു.
ഇത് ശരിയായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ അരുവികൾ, കുളങ്ങൾ, പുഴകൾ, ജലാശയങ്ങൾ തുടങ്ങിയ ഉപരിതല ജലത്തെയും ഭൂഗർഭജലത്തെയും ഒരുപോലെ മലിനീകരിക്കും. ഇന്ത്യയുടെ പല ഭാഗങ്ങളിലും എഥനോൾ പ്ലാന്റുകളിൽ നിന്നുള്ള ജലമലിനീകരണത്തിനെതിരേ പ്രാദേശിക സമൂഹങ്ങൾ സമരപാതയിലാണ്.
ഊർജസാന്ദ്രത കുറവ്
ഇ85, ഇ100 വാഹനങ്ങളിലേക്കുള്ള മാറ്റം ഒറ്റദിവസംകൊണ്ട് സാധ്യമാവില്ല. ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ വൻതോതിൽ നിരത്തിൽ ഇറക്കേണ്ടിവരും. പെട്രോൾ വാഹനങ്ങൾ കാലക്രമേണ നിരത്തൊഴിയേണ്ടിവരും. അടിസ്ഥാനസൗകര്യ വികസനത്തിനും സംഭരണ -വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും വൻ നിക്ഷേപം നടത്തേണ്ടിവരും. ഇതെല്ലാം സാധിച്ചാലും എഥനോൾ മിശ്രിതത്തിൽ ഓടുന്ന വാഹനങ്ങൾക്ക് പൊതുവേ ഊർജസാന്ദ്രത കുറവായിരിക്കും. കുറഞ്ഞ ഇന്ധനത്തിൽ കൂടുതൽ ദൂരം ഓടുകയെന്നതാണ് ഓരോ വാഹന ഉടമസ്ഥന്റെയും ആഗ്രഹം. ഇതിനെതിരാണ് എഥനോൾ മിശ്രിതത്തിൽ ഓടുന്ന വാഹനങ്ങൾ. പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ എഥനോളിന്റെ ഊർജസാന്ദ്രത കുറവാണ്.
ഒരു ലിറ്റർ പെട്രോൾ 34-36 മെഗാജൂൾസ് ഊർജം ഉത്പാദിപ്പിക്കുമ്പോൾ ഒരു ലിറ്റർ എഥനോളിൽനിന്ന് 21-24 മെഗാജൂൾസ് ഊർജം മാത്രം. എഥനോൾ വാഹനങ്ങൾക്ക് മൈലേജ് കുറവായതിനാൽ പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരേ ദൂരം സഞ്ചരിക്കാൻ കൂടുതൽ എഥനോൾ കത്തിക്കേണ്ടിവരും. ഇന്ധനത്തിനായി വിളകൾ കൃഷി ചെയ്യുന്നതിനേക്കാൾ വളരെ കാര്യക്ഷമമായ ഭൂവിനിയോഗമാണ് സൗരോർജം ഉൾപ്പെടെയുള്ള പുനരുജ്ജീവനക്ഷമമായ ഊർജത്തിന്റെ ഉത്പാദനം.
ആഗോളതലത്തിൽ നിലവിൽ എഥനോൾ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന കൃഷി ഭൂമിയുടെ മൂന്നു ശതമാനം സ്ഥലത്ത് മാത്രം ഉൾക്കൊള്ളുന്ന സോളാർ പാനലുകൾ മതി, അതേ അളവിൽ ഊർജം ഉത്പാദിപ്പിക്കാൻ. വൈദ്യുതിവാഹനങ്ങളുടെ ഉയർന്ന കാര്യക്ഷമത കാരണം ലോകത്തിലുള്ള മൂന്നിലൊന്ന് ഭാഗം കാറുകൾക്കും ഊർജം നൽകാൻ അത് മതിയാകുമെന്ന് ടി&ഇ എന്ന സംഘടന പറയുന്നു.
നേട്ടം ആർക്ക്?
ഭക്ഷ്യോത്പാദകർക്ക് നൽകേണ്ട സബ്സിഡികളും പൊതുഖജനാവിൽനിന്നുള്ള നിക്ഷേപവും നികുതി ഇളവുകളും ജൈവ ഇന്ധന ഉത്പാദന മേഖലയിലേക്ക് വഴിതിരിച്ചുവിടുമ്പോൾ അന്തിമനേട്ടം ആർക്കെന്ന ചോദ്യം അവശേഷിക്കുന്നു. കർഷകർ ഇവിടെ അസംസ്കൃത വസ്തുക്കളുടെ ഉത്പാദകർ മാത്രമാണ്. വിപണി കൂടുതൽ മത്സരക്ഷമമാകുകയും സർക്കാർ പിൻവാങ്ങുകയും ചെയ്താൽ കർഷകർക്ക് ഉയർന്ന വില തുടർന്നും ലഭിക്കണമെന്നില്ല.
ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ഭാഗമായി എഥനോൾ ഉത്പാദനത്തിന് വൻതോതിൽ ഇന്ത്യയിലേക്ക് ചോളം ഇറക്കുമതി നടത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതും കണക്കിലെടുക്കണം. എഥനോൾ പ്ലാന്റുകളുടെ സമീപത്ത് കൃഷിസ്ഥലമുള്ള ചുരുക്കം വൻകിട കർഷകർക്കു മാത്രമേ പുതിയ ജൈവ ഇന്ധനത്തിന്റെ നേട്ടം ലഭിക്കാൻ സാധ്യതയുള്ളൂ. ഇ85, ഇ100 നയം മാറ്റത്തിന്റെ അന്തിമനേട്ടം പഞ്ചസാര ഫാക്ടറികൾ, എഥനോൾ പ്ലാന്റുകൾ, ജൈവഇന്ധന കമ്പനികൾ തുടങ്ങിയവയുടെ ഉടമസ്ഥർക്കായിരിക്കും. ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട ചില ജൈവ ഇന്ധന കമ്പനികൾക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടയിലുണ്ടായ അസാധാരണമായ വളർച്ച കേന്ദ്രത്തിന്റെ പുതിയ ജൈവഇന്ധന നയവുമായി ചേർത്തുവായിക്കണം.
ജൈവ ഇന്ധനത്തിനു വേണ്ടിയുള്ള കൃഷി വ്യാപിപ്പിക്കുന്നതിന് മുമ്പ് ഓരോ പ്രദേശത്തിന്റെയും ജല പ്രതിസന്ധി വിശദമായ ഓഡിറ്റിന് വിധേയമാക്കണം. ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, പോഷകസുരക്ഷ എന്നിവ വിലയിരുത്താതെ ജൈവ ഇന്ധനങ്ങൾക്കുവേണ്ടി ഇന്ത്യയുടെ കാർഷിക ഭൂപടം പാടേ മാറ്റിമറിക്കുന്നത് അപകടകരമാണ്.
(അവസാനിച്ചു)
Tags : Water security also at risk.