ലൈസൻസ് പുതുക്കി കിട്ടുന്നില്ല; പെരിന്തൽമണ്ണയിൽ കെട്ടിട ഉടമകൾ പ്രതിസന്ധിയിൽ
1549421
Saturday, May 10, 2025 5:13 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിൽ നികുതി അടച്ച കെട്ടിട ഉടമകൾക്ക് ലൈസൻസ് പുതുക്കി കിട്ടുന്നില്ലെന്ന് പരാതി. ഇതിനെതിരേ കെട്ടിട ഉടമകൾ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചു. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പെരിന്തൽമണ്ണ യൂണിറ്റ് (കെബിഒഡബ്യുഎ) 2013 മുതൽ 2019 വരെയുള്ള മുൻകാല പ്രാബല്യത്തോടെ, വർധിപ്പിച്ച ബിൽഡിംഗ് ടാക്സ് പിരിച്ചെടുക്കാനുള്ള നഗരസഭയുടെ നടപടികൾക്കെതിരേ 2018 ൽ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു.
2023 ൽ നടപടിക്രമങ്ങൾ പാലിക്കാതെ നികുതി പിരിച്ചെടുക്കാനുള്ള മുനിസിപ്പാലിറ്റികളുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനു ശേഷം 2023 മുതൽ 2024 സെപ്റ്റംബർ വരെ ബിൽഡിംഗ് ടാക്സ് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ രണ്ടാം ഗഡു അടയ്ക്കാനെത്തിയപ്പോഴാണ് മുനിസിപ്പാലിറ്റി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇപ്പോൾ മുൻകാല ടാക്സ് കൂടി അടച്ചാലേ പുതിയ നികുതി അടയ്ക്കാൻ അനുവദിക്കുകയുള്ളൂവെന്നാണ് മുനിസിപ്പാലിറ്റിയുടെ നിലപാട്.
ഈ നിലപാടിൽ 65 കെട്ടിടത്തിലെ വ്യാപാരികൾക്ക് ലൈസൻസ് പുതുക്കുവാനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണ്. ഹൈക്കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ച ഏഴുപേരും ഈ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ കേസ് അന്തിമവിധി വരുന്നതുവരെ പുതിയ ടാക്സ് സ്വീകരിച്ച് തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടാണ് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചത്.
ലൈസൻസ് പുതുക്കി നൽകാത്ത നഗരസഭയുടെ നടപടി പ്രതിഷേധാർഹമാണെന്ന് കെബിഒഡബ്ല്യുഎ പെരിന്തൽമണ്ണ യൂണിറ്റ് ചൂണ്ടിക്കാട്ടി. യോഗത്തിൽ ഫസൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാളിപ്പാടൻ മുസ്തഫ, ബഷീർ മാൾ അസ്ലം, അബുഖാസ് എന്നിവർ പ്രസംഗിച്ചു.