വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജലപരിശോധനാ റിപ്പോർട്ട് സമർപ്പിക്കണം
1549428
Saturday, May 10, 2025 5:16 AM IST
മഞ്ചേരി: പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെള്ളം പരിശോധിച്ച് റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറണമെന്ന് നിർദേശം. നഗരസഭ ചെയർപേഴ്സണ് വി.എം. സുബൈദയുടെ അധ്യക്ഷതയിൽ മഞ്ചേരി നഗരസഭയിൽ ചേർന്ന പൊതുജനാരോഗ്യ സമിതി യോഗത്തിലാണ് തീരുമാനം.
സ്കൂളുകളിൽ യു.വി. ഫിൽട്ടർ സ്ഥാപിക്കണം. സ്കൂളുകളിൽ കൈകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി കുട്ടികൾക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് പരിശീലിപ്പിക്കുന്ന ഹെൽത്ത് ബ്രേക്ക് സജ്ജമാക്കണം. കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രമേ നൽകാവൂ. കുടിവെള്ളം കൊണ്ടുവരുന്നതിന് സ്റ്റീൽ ബോട്ടിൽ പ്രോത്സാഹിപ്പിക്കണം. എല്ലാ മാസവും നിർബന്ധമായും കിണർ ക്ലോറിനേഷൻ ചെയ്യുകയും ക്ലോറിനേഷൻ രജിസ്റ്റർ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഒപ്പിടുകയും വേണം. പകർച്ചവ്യാധികൾ സമയബന്ധിതമായി ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും യോഗം കർശന നിർദേശം നൽകി.
നഗരസഭ സെക്രട്ടറി പി. അസീന ബീഗം, മെഡിക്കൽ കോളജ് പിപി യൂണിറ്റ് മെഡിക്കൽ ഓഫിസർ ഡോ. അൻവറുൽ ഹസൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജോയ്, ജോഷിദ്, രേഷ്മ, പിആർഒ അലിബാപ്പു, ഹോമിയോ വകുപ്പ്, ഹോമിയോ, ആയുർവേദ ആശുപത്രി സൂപ്രണ്ടുമാർ, കൃഷി ഓഫിസർ തുടങ്ങിയവർ പങ്കെടുത്തു.