ഗ്രാമപഞ്ചായത്ത് ഹാളിന് പേരിടൽ വിവാദത്തിൽ
1549426
Saturday, May 10, 2025 5:13 AM IST
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് ഹാളിന് രാഷ്ട്രീയ നേതാവിന്റെ പേര് നൽകാനുള്ള നീക്കം വിവാദത്തിൽ. ഇക്കാര്യത്തിൽ സിപിഎം ഭരണസമിതിയുടെ തീരുമാനം അപലപനീയമാണെന്ന് കരുവാരകുണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി.
നാലുപതിറ്റാണ്ട് മുസ്ലിം ലീഗും യുഡിഎഫും ഭരണം നടത്തുകയും ഗ്രാമപഞ്ചായത്തിന് സൗകര്യപ്രദമായ കെട്ടിടം നിർമിക്കുകയും യോഗ ഹാളുകൾ ക്രമീകരിക്കുകയും ചെയ്തിട്ടും മുസ്ലിം ലീഗിന്റെയോ യുഡിഎഫിന്റെയോ നേതാക്കളിൽ ആരുടെയും പേര് നൽകാതെ നിഷ്പക്ഷത പുലർത്തുകയാണ് ചെയ്തത്.
ചരിത്രത്തിൽ ആദ്യമായി ഭരണം നേടിയ സിപിഎം, യുഡിഎഫ് ഭരണസമിതി നിർമിച്ച ഗ്രാമപഞ്ചായത്ത് യോഗ ഹാൾ നവീകരിച്ച ശേഷം ഹാളിന് സിപിഎം നേതാവിന്റെ പേര് നൽകാനുള്ള നീക്കം അനുചിതവും അല്പത്തരവുമാണെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. തീരുമാനത്തിൽ നിന്ന് ഭരണസമിതി പിൻമാറുകയും ഗ്രാമപഞ്ചായത്ത് ഹാൾ എന്ന രൂപത്തിൽ തന്നെ പേര് നിലനിർത്തുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡന്റ് എൻ. ഉണ്ണിൻകുട്ടി, ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി, ട്രഷറർ പി.കെ. നാസർ എന്നിവർ പ്രസംഗിച്ചു.