മലയോരത്ത് നൂറ് ശതമാനം വിജയം; എണ്ണത്തിൽ വർധനവ്
1549423
Saturday, May 10, 2025 5:13 AM IST
കാളികാവ്: ജില്ലയിലെ മലയോര മേഖലയിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം. മലയോരത്തെ വിദ്യാലയങ്ങൾ വിജയ ശതമാനത്തിലും എ പ്ലസ് നിലയും മെച്ചപ്പെടുത്തി. മേഖലയിലെ മിക്ക സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. അടക്കകുണ്ട് ക്രസന്റ്, ജിഎച്ച്എസ്എസ് പുല്ലങ്കോട്, ജിഎച്ച്എസ് അഞ്ചച്ചവിടി, എഎച്ച്എസ്എസ് പാറൽ മന്പാട്ടുമൂല, ജിഎച്ച്എസ് നീലാഞ്ചേരി എന്നീ സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്.
836 കുട്ടികൾ പരീക്ഷ എഴുതിയ അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ നൂറുമേനി നിലനിർത്തി. 366 കുട്ടികൾ പരീക്ഷ എഴുതിയ എഎച്ച്എസ്എസ് പാറൽ മന്പാട്ടുമൂല സ്കൂളും 132 കുട്ടികൾ പരീക്ഷ എഴുതിയ അഞ്ചച്ചവിടി ഗവണ്മെന്റ് ഹൈസ്കൂളും 156 കുട്ടികൾ പരീക്ഷ എഴുതിയ പുല്ലങ്കോട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളും 132 കുട്ടികൾ പരീക്ഷ എഴുതിയ നീലാഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളും നൂറു ശതമാനം വിജയം നേടി.
134 കുട്ടികൾ പരീക്ഷ എഴുതിയ കരുവാരകുണ്ട് ദാറുന്നജാത്ത് ഹൈസ്കൂളും നൂറ് ശതമാനം നേടി. ജിഎച്ച്എസ്എസ് കുരുവാരകുണ്ട് 99.9 ശതമാനവും തുവൂർ സ്കൂൾ 99.5 ശതമാനവും വിജയം സ്വന്തമാക്കി. മേഖലയിൽ 350 ലധികം വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്.
എഎച്ച്എസ്എസ് പാറൽ മന്പാട്ടുമൂല സ്കൂളിലെ 54 കുട്ടികൾ എ പ്ലസ് കരസ്ഥമാക്കി. പുല്ലങ്കോട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 26 ഉം അഞ്ചച്ചവിടി സ്കൂളിൽ 12 ഉം കരുവാരകുണ്ടിൽ 58 കുട്ടികളും എ പ്ലസ് നേടി. തുവൂരിൽ 65 കുട്ടികളും അടയ്ക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 131 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ഒരു വിഷയത്തിന് എ പ്ലസ് നഷ്ടപ്പെട്ടവർ 70 ൽ അധികമുണ്ട്. ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മാത്രം 46 പേർക്കാണ് ഒരു വിഷയത്തിന് എ പ്ലസ് നഷ്ടപ്പെട്ടത്. മലയോരത്തെ വിദ്യാലയങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും വിജയത്തിന് കൂടെ നിന്ന അധ്യാപകരെയും രക്ഷിതാക്കളും നാട്ടുകാരും അഭിനന്ദിച്ചു.