അടൂര്‍: ആനന്ദപ്പള്ളി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് 27ന് തുടക്കമാകും. ഉച്ചകഴിഞ്ഞ് രണ്ടിന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കബറിടം സ്ഥിതിചെയ്യുന്ന ശാസ്താംകോട്ട മൗണ്ട് ഹോറേബ് ഏലിയാസ് ചാപ്പലില്‍നിന്നു ദീപശിഖ പ്രയാണവും പുരാതന മാര്‍ത്തോമ്മന്‍ തീര്‍ഥാടന കേന്ദ്രമായ കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലില്‍നിന്നു ജൂബിലി പതാക ഘോഷയാത്രയും നടക്കും.
കൊറ്റനല്ലൂര്‍ മര്‍ത്തശ്മുനി കുരിശടി, കണ്ണംകോട് സെന്റ് തോമസ് കത്തീഡ്രല്‍, ആനന്ദപ്പള്ളി സെന്റ് കുറിയാക്കോസ് വലിയപള്ളി, സെന്റ് ജോര്‍ജ് പള്ളി, ഐക്കാട് സെന്റ് മേരീസ് പള്ളി വഴി ആനന്ദപ്പളളി സെന്റ് മേരീസ്പള്ളിയില്‍ ഘോഷയാത്ര എത്തിച്ചേരും.
28ന്് ഇടവക മെത്രാപ്പോലീത്ത ഡോ.സഖറിയാസ് മാര്‍ അപ്രേം ജൂബിലി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ബിജു ഉമ്മന്‍ മുഖ്യ സന്ദേശം നല്‍കും. ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ജീവകാരുണ്യ പദ്ധതികള്‍ ഭവനശുദ്ധീകരണം, ബോധവത്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, സുറിയാനി കുര്‍ബാന,
സ്വര്‍ണക്കൊടിമരം സ്ഥാപിക്കല്‍, സ്വീകരണ ഘോഷയാത്ര മുന്‍കാല വികാരിമാര്‍, ട്രസ്റ്റിമാര്‍, സെക്രട്ടറിമാര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരെ ആദരിക്കല്‍, ഇടവക ഡയറക്ടറി പ്രകാശനം, പ്രാര്‍ഥന സംഗമം, യുവജന വനിത പ്രവാസി സംഗമം, ആദിവാസി ഊര് സന്ദര്‍ശനം, വിദ്യാര്‍ഥി സംഗമം എന്നിവയാണ് പ്രധാന പരിപാടികളെന്ന് ഇടവക വികാരി ഫാ. മനുതങ്കച്ചന്, മുഖ്യ രക്ഷാധികാരി പി.ജി. കുര്യന് കോര്‍ എപ്പിസ്കോപ്പ, ജനറല്‍ കണ്‍വീനര്‍ ബിനുമാത്യു കല്ലുവിളയില്‍ എന്നിവര്‍ പറഞ്ഞു.