മില്ലറ്റ് കൃഷിക്ക് തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തണം: മന്ത്രി
1297686
Saturday, May 27, 2023 1:17 AM IST
അഗളി : മില്ലറ്റ് കൃഷിക്ക് തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ പട്ടികവർഗ കുടുംബങ്ങൾക്കും 100 ദിവസത്തെ അധിക തൊഴിൽ നൽകുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ കേരള ട്രൈബൽ പ്ലസിലൂടെ 10 ലക്ഷം തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം അഗളി കില ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി എത്താത്ത പ്രദേശത്തെ വീടുകളിലേക്ക് സോളാർ പദ്ധതിയിലൂടെ വൈദ്യുതി എത്തിക്കും.
ആദിവാസികൾക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിന് അനുസരിച്ചുള്ള പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കേണ്ടത്. കർഷകർക്ക് സോളാർ വൈദ്യുതി പന്പ് അനുവദിക്കും.
അങ്കണവാടികളിലേക്ക് ആവശ്യമായ സോളാർ ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ സ്വയം സഹായ സംഘങ്ങൾക്കുള്ള 50 വർക്ക് ഷെഡുകളുടെ നിർമാണ പൂർത്തീകരണ പ്രഖ്യാപനവും നടന്നു.
സ്വയം സഹായ സംഘങ്ങളെ സഹായിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്കുള്ള വർക്ക്ഷെഡുകൾ സൗജന്യമായി നിർമിച്ച് നല്കിയതിന്റെ താക്കോൽദാനവും നടന്നു. 200 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ഏറ്റവും പ്രായമുള്ള മൂന്ന് തൊഴിലാളികളെ ആദരിച്ചു.
പരിപാടിയിൽ എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, എൽഎസ്ജിഡി പാലക്കാട് ജോയിൻ ഡയറക്ടർ പി.സി. ബാലഗോപാൽ, ജില്ലാ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ വി.കെ ഹമീദ ജലീസ എന്നിവർ പ്രസംഗിച്ചു.