മണ്ണാർക്കാട്-ചിന്നത്തടാകം അന്തർസംസ്ഥാനപാത നവീകരണം: കരാർകമ്പനിക്കെതിരേ പരാതിയുമായി എംഎൽഎ
1548514
Wednesday, May 7, 2025 1:19 AM IST
മണ്ണാർക്കാട്: അട്ടപ്പാടി - മണ്ണാർക്കാട് അന്തർസംസ്ഥാനപാതയുടെ ഒന്നാംഘട്ടം ഇഴഞ്ഞു നീങ്ങുന്നതിൽ കരാർ കമ്പനിക്കെതിരെ പരാതി ഉന്നയിച്ച് എൻ. ഷംസുദ്ദീൻ എംഎൽഎ.
ഒന്നാംഘട്ട പ്രവൃത്തികൾ പൂർത്തീകരിക്കാമെന്നു പറഞ്ഞ രണ്ട് തിയതിയും മാറ്റിയതിനെ തുടർന്നാണ് എംഎൽഎ പരാതിയുമായി കിഫ്ബി ആസ്ഥാനത്തെത്തിയത്. മണ്ണാർക്കാട് മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികൾ സംബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന അവലോകനയോഗത്തിലാണ് എംഎൽഎ പരാതി ഉന്നയിച്ചത്.
മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ ഇപ്പോൾ വിവിധ ഘട്ടങ്ങളിലായി പ്രവൃത്തി പുരോഗമിച്ചു കൊണ്ടിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ച് എൻ. ഷംസുദ്ദീൻ എംഎൽഎയും കിഫ്ബി അധികൃതരും തമ്മിൽ തിരുവനന്തപുരത്ത് അവലോകനയോഗം നടത്തി.
അട്ടപ്പാടി റോഡിന്റെ ഒന്നാംഘട്ട പ്രവൃത്തികൾ കരാറുകാരൻ വൈകിപ്പിക്കുന്നതിലുള്ള പരാതി എംഎൽഎ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. പ്രവൃത്തി പൂർത്തീകരിക്കുവാൻ ആവശ്യമായ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകി.
ഈ വിഷയം കെആർഎഫ്ബി പ്രോജക്ട് ഡയറക്ടർ അശോക് കുമാറിനോടും എംഎൽഎ പരാതിപ്പെട്ടു. അദ്ദേഹവും ആവശ്യമായ തുടർനടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകി.
റോഡിന്റെ രണ്ടാം ഘട്ടത്തിന്റെ (ചുരം ഭാഗങ്ങൾ) ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും ഈ പ്രവൃത്തികൾ തെരുവോത്ത് ബിൽഡേഴ്സ് കരാർ എടുത്തതായും വൈകാതെ തന്നെ എഗ്രിമെന്റ് വെച്ച് പ്രവൃത്തി ആരംഭിക്കുവാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
മൂന്നാംഘട്ട പ്രവൃത്തികളുടെ (മുക്കാലി മുതൽ ആനക്കട്ടി വരെയുള്ള ഭാഗങ്ങൾ) ടെൻഡർ നടപടികൾ പൂർത്തീകരിച്ചു വരുന്നതായും അധികൃതർ യോഗത്തിൽ പറഞ്ഞു.
മലയോരഹൈവേയുടെ ഭാഗമായ കാഞ്ഞിരംപാറ- കുമരംപുത്തൂർ -ചുങ്കം പ്രവൃത്തികളുടെ പ്രാഥമികഘട്ടം തുടങ്ങിയതായും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
തെങ്കര, ഭീമനാട്,അഗളി, ഷോളയൂർ എന്നീ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണപ്രവൃത്തികൾ പുരോഗമിച്ചു വരുന്നതായും മണ്ണാർക്കാട് താലൂക്ക് ആശുപത്രി നിർമാണത്തിന്റെ പ്രാഥമികപ്രവൃത്തികൾ തുടങ്ങിയതായും അഞ്ചുശതമാനം പ്രവൃത്തികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ടെന്നും ഈവർഷം അവസാനത്തോടുകൂടി മുഴുവൻ പ്രവൃത്തികളും തീർക്കാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു.
യോഗത്തിൽ എംഎൽഎയെ കൂടാതെ കിഫ്ബി ജനറൽ മാനേജർ ഷൈല മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.