ലോട്ടറിവില്പനക്കാരിയെ കളിനോട്ട് നൽകി പറ്റിച്ചു
1548220
Tuesday, May 6, 2025 1:44 AM IST
വടക്കഞ്ചേരി: കുട്ടികളുടെ കളിനോട്ട് കൊടുത്ത് ലോട്ടറി ടിക്കറ്റ് വാങ്ങി യുവാവ് ലോട്ടറി വില്പനക്കാരിയായ വൃദ്ധയെ പറ്റിച്ചു. വടക്കഞ്ചേരി സ്വദേശിയായ വൃദ്ധയെയാണ് പട്ടിക്കാട് വച്ച് യുവാവ് കബളിപ്പിച്ചത്. ലോട്ടറിടിക്കറ്റ് വാങ്ങി കൊടുത്ത 50 രൂപയുടെ നോട്ട് കുട്ടികളുടെ കളിനോട്ടായിരുന്നു. ഒറിജിനൽ നോട്ട് എന്ന് തോന്നിപ്പിക്കുന്നതാണ് നോട്ട്.
വടക്കഞ്ചേരിയിലെ കടയിൽ സാധനങ്ങൾ വാങ്ങി പണം കൊടുത്തപ്പോഴാണ് കടക്കാരൻ നോട്ട് തിരിച്ചറിഞ്ഞത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടിൽ അടിച്ചിട്ടുള്ളത്. ഇത്തരം വ്യാജനോട്ടുകൾ നോട്ടിടപാടുകളിൽ വ്യാപകമായിട്ടുണ്ടെന്നാണ് കച്ചവടക്കാരും പറയുന്നത്.