അട്ടപ്പാടിയിലെ അനീമിയയെ ചെറുക്കാൻ പട്ടികവർഗ അംബാസിഡർമാരുമായി "തമ്പ്'
1547984
Monday, May 5, 2025 1:58 AM IST
അഗളി: ആദിവാസി കൂട്ടായ്മയായ തമ്പിന്റെ നേതൃത്വത്തിൽ അട്ടപ്പാടി പട്ടികവർഗ മേഖലയിൽ തെരഞ്ഞെടുത്ത മുപ്പതോളം ഊരുകളിൽ അനീമിയക്കെതിരേ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.
ആദിവാസി യുവത്വം എന്ന സന്ദേശ ബോധവത്കരണ കാന്പയിനിന്റെ ആദ്യഘട്ടം ഭൂതിവഴി മൂപ്പൻസ് വില്ലയിൽ ഏകദിന ശില്പശാലയോടെ ആരംഭിച്ചു. വിവിധ ഊരുകളിൽ നിന്നായി 75 കുട്ടികൾ പങ്കെടുത്തു.
ശില്പശാല തമ്പ് അധ്യക്ഷൻ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യുണിസെഫ് മുൻ കൺസൾട്ടന്റ് മനീഷ് ശ്രീകാര്യം കുട്ടികളുടെ അവകാശങ്ങളും കൗമാരകാലവും എന്ന വിഷയത്തിലും അട്ടപ്പാടി താലൂക്ക് കൗമാരക കൗൺസിലർ അയന ജോയ്' പോഷണശോഷണവും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിലും ബിനിൽകുമാർ കൗമാരവും നൈപുണ്യ വികസനവും എന്ന വിഷയത്തിലും ക്ലാസെടുത്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ ആദ്യഘട്ടമായാണ് ശില്പശാല സംഘടിപ്പിച്ചത്.
ഈമാസം മൂന്നുദിവസം നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കും. കാന്പയിനിന്റെ ഭാഗമായി തമ്പ് പ്രവർത്തകർ ഓരോ കുടുംബങ്ങളിലുമെത്തി പോഷകാഹാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തും.
ഐസിഡിഎസ്, ആശാവർക്കർ, എസ് ടി പ്രമോട്ടർമാർ, ജെപിഎച്എൻ എന്നിവർക്കൊപ്പം ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങളിൽ തമ്പും പങ്കാളിയാവും.
തനിതു ഭാഷയിലുള്ള ചെറുവീഡിയോകൾ പ്രചരണത്തിനു ഉപയോഗപ്പെടുത്തും.
ഗൊട്ടിയാർകണ്ടിയിലെ പണലി അനീമിയക്കെതിരെ തനതുഭാഷയിൽ രചിച്ച് ആലാപനം ചെയ്ത കാമ്പയിൻ ശീർഷകഗാനം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കും.
ഒരു വർഷം നീണ്ടുനിൽക്കുന്ന കാന്പയിൻ രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ കെ.എ. രാമു, ബിനിൽകുമാർ, രേവതി ഉദയകുമാർ, സുജ, മഞ്ജു, കാവ്യ, പണലി സുധീഷ്, ശെൽവരാജ് എന്നിവർ നേതൃത്വം നൽകും.