അഹാഡ്സ് പുനരുജ്ജീവിപ്പിക്കണമെന്നു ജെബി മേത്തർ എംപി
1547987
Monday, May 5, 2025 1:58 AM IST
അഗളി: അട്ടപ്പാടിയിലെ ആദിവാസിവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനു മുൻ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ അഹാഡ്സിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കണമെന്നു മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി ആവശ്യപ്പെട്ടു.
മഹിളാ സാഹസ് കേരളയാത്രയ്ക്കു അട്ടപ്പാടിയിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു എംപി.
അഹാഡ്സ് പ്രവർത്തനം നിലയ്ക്കുകയും ആദിവാസികൾക്കുള്ള സഹായങ്ങൾ കൃത്യമായി വിതരണംചെയ്യാത്തതും ഗുരുതരമായ പ്രശ്നമാണ്. വന്യജീവികളുടെ ആക്രമണംമൂലം ആദിവാസി ഊരുകളിൽ സുരക്ഷിതമായി ജീവിക്കാനോ കൃഷിചെയ്യാനോ കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ വന്യജീവി ആക്രമണത്തിൽ നാലുപേരാണ് അട്ടപ്പാടിയിൽ മരണപ്പെട്ടത്.
ഇവർക്കുള്ള സഹായധനം പോലും കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്നും പറഞ്ഞു. അഗളി, പുതൂർ, ആനക്കട്ടി, എന്നിവിടങ്ങളിൽ യാത്രയ്ക്കു സ്വീകരണം നൽകി.
മുൻഎംപി രമ്യ ഹരിദാസ് സ്വീകരണസമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി പത്മഗിരീശൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ജയലക്ഷമി ദത്തൻ എന്നിവർ പ്രസംഗിച്ചു.