മഴമറ ഇടാൻ റബർബോർഡ് സബ്സിഡി നൽകും
1547077
Thursday, May 1, 2025 1:12 AM IST
നെന്മാറ: റബർഉത്പാദന പ്രോത്സാഹനത്തിനായി റബർബോർഡ് പദ്ധതികൾ ആവിഷ്കരിക്കുന്നു. മഴക്കാലത്ത് റെയിൻ ഗാർഡ് (മഴമറ) ചെയ്ത് ടാപ്പിംഗ് നടത്തുന്നതിന് ഹെക്ടറിന് 4000 രൂപ നിരക്കിൽ സബ്സിഡി നൽകുമെന്ന് റബർ ബോർഡ് അധികൃതർ അറിയിച്ചു.
റബർ ബോർഡ് ഉപകമ്പനിയായ ഭാരതപ്പുഴ റബേഴ്സ് മുഖേനയാണ് റെയിൻ ഗാർഡിംഗിന് ആവശ്യമായ പ്ലാസ്റ്റിക്, പശ തുടങ്ങിയവ റബർ ഉത്പാദക സംഘങ്ങൾ മുഖേന കർഷകർക്ക് നൽകുക.
വ്യാപാരി ചൂഷണത്തിൽ നിന്നും കർഷകർക്ക് സഹായമേകുന്നതിനായി റബർ ഉത്പാദക സംഘങ്ങൾ മുഖേന റബർഷീറ്റ് സംഭരിക്കാനുള്ള പദ്ധതികളും ആവിഷ്കരിച്ചു വരുന്നതായി പാലക്കാട് ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ അറിയിച്ചു. ചക്രായി ഉത്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗ ഉദ്ഘാടനവേളയിലാണ് ഇക്കാര്യം അറിയിച്ചത്.
ചക്രായി റബർ ഉത്പാദക സംഘം വാർഷികപൊതുയോഗം ഡെപ്യൂട്ടി ആർപിസി വി.പി. പ്രേമലത ഉദ്ഘാടനം ചെയ്തു. ആർപിഎസ് പ്രസിഡന്റ് കെ.ആർ. ഗോപി അധ്യക്ഷനായി.
അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസർ എൻ. മങ്കയാർകർശി, എ. കണ്ണൻ, കെ. രാമചന്ദ്രൻ, എ.ബി. ഹരീന്ദ്രൻ, സോമൻ താഴത്തേൽ, എം.ജി. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.