ഭിന്നശേഷി സൗഹൃദ സാംസ്കാരിക പൈതൃകയാത്ര ഇന്ന് അട്ടപ്പാടിയിലെത്തും
1546848
Wednesday, April 30, 2025 6:39 AM IST
അഗളി: കേരള ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്നുംനാളെയും അട്ടപ്പാടിയിലേക്ക് ഭിന്നശേഷി സൗഹൃദ സാംസ്കാരിക പൈതൃകയാത്ര തിരയിളക്കം- 2025 നടത്തും.
ഇന്നുരാവിലെ ആറിനു മലപ്പുറം തിരൂരങ്ങാടി കക്കാടുനിന്നും തുടങ്ങുന്ന യാത്രക്ക് നിലമ്പൂർ, അകമ്പാടം, കരുളായി പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
വൈകുന്നേരം നാലിനു അട്ടപ്പാടി താവളത്തെത്തുന്ന യാത്രയെ പഞ്ചായത്ത് മെംബർ അല്ലൻ, സാമൂഹിക പ്രവവർത്തകൻ ശ്രീധരൻ അട്ടപ്പാടി, താവളം ജുമാ മസ്ജിദ് ഇമാം സെയ്തലവി വാഖഫി തുടങ്ങിയവർ സീകരിക്കും. പുതൂർ വഴി എത്തുന്ന യാത്രക്ക് കോട്ടത്തറയിൽ സ്വീകരണം നൽകും.
സ്വീകരണത്തിനു മാണി പറമ്പേട്ട്, ഇക്ബാൽ അട്ടപ്പാടി, ഷാജു അട്ടപ്പാടി, വി.എം. ലത്തീഫ് എന്നിവർ നേതൃത്വം നൽകും. സംഘം ഇന്നു അട്ടപ്പാടിയിൽ ക്യാമ്പ് ചെയ്യും.
നാളെരാവിലെ പത്തിനു അഗളിയിൽ നടക്കുന്ന ഭിന്നശേഷി ആദിവാസി സാംസ്കാരിക പൈതൃകസംഗമം അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യും. കെസിഎഫ് പ്രസിഡന്റ് അബു വെങ്ങമണ്ണിൽ അധ്യക്ഷതവഹിക്കും. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ മുഖ്യാതിഥിയായിരിക്കും. പ്രമുഖ ഇരുളഭാഷാ കവി മണികണ്ഠൻ കവിതകൾ ആലപിക്കും.
ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് രാമമൂർത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ, സ്റ്റാൻഡിംഗ് കമ്മറ്റി പ്രസിഡന്റ് എ. പരമേശ്വരൻ, സാമൂഹിക പ്രവർത്തകർ പങ്കെടുക്കും.
നാടൻ പാട്ടുകാരൻ സന്തോഷ് അട്ടപ്പാടി നാടൻ പാട്ടുകൾ അവതരിപ്പിക്കും. ഫൗണ്ടേഷൻ ചീഫ് കോ- ഓർഡിനേറ്റർ അബ്ദുൽ റസാക്ക് മാളിയേക്കൽ സ്വാഗതവും സെക്രട്ടറി മുംതാസ് മോൾ നന്ദിയും പറയും.
തുടർന്ന് ആദിവാസി കലാരൂപങ്ങൾ, കെസിഎഫ് ഗായകരുടെ സംഗീത പരിപാടി എന്നിവ അരങ്ങേറും. വൈകീട്ട് മൂലഗംഗൽ സന്ദർശിച്ച് സംഘം നാട്ടിലേക്കു മടങ്ങും.