എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ റോബോട്ടിക്സ് എക്സ്പോയുമായി കൈറ്റ്
1546845
Wednesday, April 30, 2025 6:39 AM IST
പാലക്കാട്: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേയ് നാലുമുതല്‍ പത്തുവരെ പാലക്കാട്ടു നടത്തുന്ന എന്റെകേരളം മേളയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാള്‍ ഒരുക്കും. വിദ്യാഭ്യാസവകുപ്പ് കൈറ്റ് സ്റ്റാളിലാണ് റോബോട്ടിക്സ് എക്സ്പോയും എ.ഐ പ്രദര്‍ശനവും നടക്കുക.
മറ്റുനൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗവും പ്രദര്‍ശനവും സ്റ്റാളില്‍ ഒരുക്കും.സ്റ്റാളിന്റെ കവാടത്തില്‍ പൊതുജനങ്ങളെ സ്വാഗതം ചെയ്യാന്‍ കുഞ്ഞന്‍ റോബോട്ടുണ്ടാവും. റോബോട്ടിക് എക്സ്പോയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ തയാറാക്കിയ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദര്‍ശനവുമുണ്ടാകും.
കളികളിലൂടെ പഠനം എന്ന ആശയത്തോടെ സ്വതന്ത്രസോഫ്റ്റ് വെയറില്‍ തയാറാക്കിയ ഗെയിം സോണും അവതാറുകള്‍, ചിത്രങ്ങള്‍, ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള എഐ ടൂളുകളെ പരിചയപ്പെടുത്തലും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
സ്വാപ്ഷോപ് കളക്്ഷന്‍ പോയിന്റ് തുടങ്ങി
പാലക്കാട്: എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന് ഒരുക്കുന്ന സ്വാപ്പ്ഷോപ് (കൈമാറ്റ ചന്ത) കളക്്ഷന്‍ പോയിന്റ് പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീയുടെ ജില്ലാമിഷന് ഓഫീസിലാണ് കളക്്ഷന്‍ പോയിന്റ് ആരംഭിച്ചത്.
വ്യക്തികളുടെ കൈവശമുള്ള ഉപയോഗയോഗ്യമായ പഴയ വസ്തുക്കള്‍ കളക്്ഷന്‍ പോയിന്റില്‍ സ്വീകരിക്കും. കളിപ്പാട്ടങ്ങള്‍, വൃത്തിയുള്ള വസ്ത്രങ്ങള്‍, കുഞ്ഞുടുപ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, പാത്രങ്ങള്‍, ഷൂ, ബാഗ്, ഹെല്‍മറ്റ്, ഫാന്‍സി ഐറ്റംസ് തുടങ്ങി ഉപയോഗയോഗ്യമായ വസ്തുക്കളാണ് സ്വീകരിക്കുന്നത്. ശേഖരിച്ച വസ്തുക്കള്‍ മേയ് നാലുമുതല്‍ പത്തുവരെ പാലക്കാട്ടു നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള സ്റ്റാളില്‍നിന്നും ആവശ്യക്കാര്‍ക്കു സൗജന്യമായി വിതരണം ചെയ്യുമെന്ന് കുടുംബശ്രീ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.