മനസ് മരവിപ്പിച്ച ഓർമകൾക്ക് 25 വയസ്
1546856
Wednesday, April 30, 2025 6:39 AM IST
കല്ലടിക്കോട്: 2000 ഏപ്രിൽ 30 ഞായറാഴ്ച രാവിലെ ചുള്ളിയാംകുളം തിരുക്കുടുംബ ദേവാലയത്തിലെ 240146 ടെലിഫോൺ നമ്പരിലേയ്ക്ക് തൃശൂർ മണ്ണൂത്തി പോലീസ് സ്റ്റേഷനിൽനിന്നെത്തിയ സന്ദേശം ഒരു നാടിനെ ഒന്നാകെ തളർത്തുന്നതായിരുന്നു. പാലക്കാട് ജില്ലയിലെ കരിമ്പ മൂന്നേക്കർ എന്ന കുടിയേറ്റ ഗ്രാമത്തിൽ നിന്നും മലയാറ്റൂർ തീർഥാടത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ജീപ്പ് പുലർച്ചെ തൃശൂർ മണ്ണുത്തിക്കടുത്ത് വെച്ച് ലോറിയുമായി കൂട്ടിയിടിച്ച് വലിയൊരു ദുരന്തമുണ്ടായിരിക്കുന്നു.
രണ്ട് യുവാക്കളടക്കം നാലുപേർ മരണപ്പെടുകയും മറ്റു നാലുപേർ ഗുരുതരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതായുമുള്ള വാർത്ത. വിവരമറിഞ്ഞമാത്രയിൽതന്നെ നാടൊന്നാകെ തൃശൂരിലേയ്ക്ക് കുതിയ്ക്കുകയായിരുന്നു. ഉച്ചയോടെ തൃശൂർ റൗണ്ടിലുള്ള മെഡിക്കൽ കോളജ് ആശുപത്രി പരിസരം കരിമ്പ നിവാസികളാൽ നിറഞ്ഞു.
അവിടെ കൂടിയ ജനസഞ്ചയം ആശുപത്രി അധികൃതരെപോലും അതിശയപ്പെടുത്തുന്നതായിരുന്നു. ഒരു ദുരന്തത്തെ അതിജീവിക്കുന്നതിനായി ഒരു നാട്ടുകാർ ഒത്തൊരുമയോടെ ഒന്നായ നിമിഷങ്ങൾ. മുളങ്കുന്നത്ത്കാവിലുള്ള മോർച്ചറിയിലെത്തിച്ച നാല് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകുന്നേരത്തോടെ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ വിലാപയാത്രയായി കരിമ്പയിലേയ്ക്ക്.
രാത്രി ഏഴു മണിയോടെ മൂന്നേക്കർ കവലയിൽ ക്രമീകരിച്ച പന്തലിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനു ശേഷം സംസ്ക്കാരത്തിനായി നാലായി പിരിഞ്ഞു. ദുരന്തം പരത്തിയ മരവിപ്പിന് മണിക്കൂറുകൾക്കുള്ളിൽ മനോവേദന വർധിപ്പിക്കുന്ന വാർത്ത പരന്നു. ഒരാൾകൂടി മരണത്തിനു കീഴടങ്ങി. ഇതോടെ ഈ ദുരന്തത്തിൽ ജീവൻ വെടിഞ്ഞവരുടെ എണ്ണം അഞ്ചായി. അപ്പാദുരൈ കോയിൽപാളയം, കുഞ്ചൻ കാഞ്ഞിരംപാറ, അമ്മാളു, അനിൽകുമാർ (കണ്ണൻ) ഇടപ്പറമ്പിൽ, ഗ്രേസി ജോർജ് എത്തലിൽ ഇവരുടെ വിയോഗം ബന്ധുമിത്രാതികൾക്കെല്ലാം ഒരു തീരാവദയായി...
ഒരു നാടിനെ ഒന്നാകെ ശോകമൂകമാക്കിയ സംഭവത്തിന് 25 വർഷം പിന്നിടുമ്പോഴും ഇവരെക്കുറിച്ചുള്ള ഓർമകൾ നിറം മങ്ങാതെ ഇന്നും ഇവിടെ അവശേഷിക്കുന്നു. 25 വർഷങ്ങൾ പിന്നിടുമ്പോൾ ഇതേ ദിനം മൂന്നേക്കർ ഗ്രാമം മറ്റൊരു ദുരന്തത്തിനു സാക്ഷിയാകുകയായിരുന്നു. വീടിനു സമീപത്തുള്ള ജലാശയത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് കുരുന്നുകൾ മുങ്ങി മരിച്ച സംഭവം 2000 ഏപ്രിൽ 30 ന്റെ തനിയാവർത്തനമായി.
ഡോ. മാത്യു കല്ലടിക്കോട്