ചിറ്റൂർ- തത്തമംഗലം നഗരസഭാ കൗൺസിൽ യോഗത്തിൽ വാഗ്വാദവും ഇറങ്ങിപ്പോക്കും
1546853
Wednesday, April 30, 2025 6:39 AM IST
ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ ഇന്നലെ ചേർന്ന കൗൺസിൽ യോഗം പുഴപ്പാലം മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം സംബന്ധിച്ച യുഡിഎഫ്-എൽഡിഎഫ് തർക്കത്തിൽ അലങ്കോലപ്പെട്ടു . മാലിന്യപ്ലാന്റ് നിർമാണം മണ്ണുപരിശോധനയുമായി മുന്നോട്ട് പോവുമെന്ന് ചെയർപേഴ്സൺ നിലപാടിൽ ഉറച്ചുനിന്നതോടെ യുഡിഎഫ് കൗൺസിലർമാരായ കെ.സി. പ്രീത്, കെ. മധു, ആർ. ബാബു, കിഷോർ കുമാർ എന്നിവർ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചു.
തുടർന്ന് കൗൺസിൽഹാൾ ഭരണ-പ്രതിപക്ഷത്തിന്റെ പോർക്കളമായി. യുഡിഎഫ് കൗൺസിലർ ചെയർപേഴ്സണനെതിരെ മുദ്രാവാക്യം വിളിച്ച് യോഗം ബഹിഷ്കരിച്ചു. പ്ലാന്റ് സംബന്ധിച്ച് ചെയർപേഴ്സൺ കൗൺസിൽ യോഗത്തിൽ വിശദീകരണം നൽകിയശേഷം അജണ്ടയിലേക്ക് കടന്നാൽ മതിയെന്ന് പ്രതിപക്ഷ കൗൺസിലർ കെ.സി. പ്രീത് ശഠിച്ചു.
ജനവാസമേഖലയും കേരള വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റും പ്രവർത്തിക്കുന്ന പുഴപ്പാലത്തുള്ള സർക്കാർ മൃഗാശുപത്രിയുടെ സ്ഥലത്ത് ചിറ്റൂർ-തത്തമംഗലം നഗരസഭ ആരംഭിക്കുവാൻ പോകുന്ന കക്കൂസ്മാലിന്യ ശുദ്ധീകരണ പ്ലാന്റ് മാറ്റിസ്ഥാപിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകണമെന്ന് കൗൺസിലർ കെ.മധു, ആർ. കിഷോർ, ആർ. ബാബു, അനിത കുട്ടപ്പൻ എന്നിവരും ആവശ്യപ്പെട്ടു.
വൈസ് ചെയർമാൻ എം.ശിവകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് സലീം, ഷിജ, എന്നിവർ ചെയർപേഴ്സന് ആനുകൂലമായി രംഗത്തെത്തി. ഇതിനിടെ മണ്ണുപരിശോധന മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളതെന്നും ഇതിന്റെ ഫലം ലഭിച്ചശേഷമേ തുടർനടപടികൾ ഉണ്ടാവുകയുള്ളു എന്നും ചെയർപേഴ്സൻ കെ.എൽ. കവിത പറഞ്ഞു. പ്ലാന്റ് നിർമാണ സ്ഥലത്തിനു സമീപമുള്ള ജനം ഇതുവരേയും നഗരസഭ സെക്രട്ടറിക്കോ തനിക്കോ പരാതി തന്നിട്ടില്ലെന്നും ഇപ്പോൾ നടന്നുവരുന്ന കോലാഹലങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും ചെയർപേഴ്സൺ കുറ്റപ്പെടുത്തി.
കൗൺസിലർക്കെതിരെ നിയമനടപടി സ്വീകരിക്കും: ചെയർപേഴ്സൺ
ചിറ്റൂർ: ഇന്നലെ നടന്ന ചിറ്റൂർ - തത്തമംഗലം നഗരസഭ കൗൺസിൽ യോഗത്തിൽ കൗൺസിലർ ആർ.ബാബു തന്നെ ഗുണ്ട എന്ന് ആക്ഷേപിച്ച സംഭവത്തിൽ നിയമനടപടി എടുക്കുമെന്ന് ചെയർപേഴ്സൻ കെ.എൽ. കവിത അറിയിച്ചു. കൗൺസിൽ യോഗനടപടികളിൽ പലപ്പോഴും പ്രകോപനപദങ്ങൾ ഉപയോഗി ച്ചുവരുന്നു. ചർച്ചയിൽ പങ്കെടുക്കുമ്പോൾ മര്യാദയോടെയുള്ള പ്രതികരണം ഉണ്ടാവുന്നില്ലെന്നും ചെയർപേഴ്സൺ അറിയിച്ചു. എന്നാൽ യോഗത്തിൽ ചെയർപേഴ്സൻ ഗുണ്ടയെപ്പോലെ പെരുമാറുന്നതായാണ് പറഞ്ഞതെന്ന് കൗൺസിലർ ആർ. ബാബു അറിയിച്ചു.