അട്ടപ്പാടിയിൽ കുടുംബശ്രീയുടെ ഇംഗ്ലീഷ് ഭാഷാപഠന പരിശീലനത്തിനു തുടക്കം
1546850
Wednesday, April 30, 2025 6:39 AM IST
അഗളി: കുടുംബശ്രീ സംസ്ഥാനമിഷൻ തദ്ദേശീയ മേഖലയിലെ കുട്ടികളെ കേന്ദ്രീകരിച്ചു നടത്തുന്ന ഇംഗ്ലീഷ് ഭാഷാപഠന പരിശീലനത്തിനു അട്ടപ്പാടിയിൽ തുടക്കമായി.
ആഗോള ഭാഷയായ ഇംഗ്ലീഷിലൂടെ ഭാഷാ വൈദഗ്ധ്യം വികസിപ്പിക്കുക, ഉയർന്നുവരുന്ന തൊഴിൽ മേഖലകളിലേക്കും ഉന്നത വിദ്യാഭ്യാസത്തിലേക്കും തദ്ദേശീയമേഖലയിലെ കുട്ടികളെ കൈപിടിച്ചുനടത്തുക എന്നീ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് കമ്യൂണിക്കോർ പദ്ധതി കുടുംബശ്രീ വിഭാവനം ചെയ്തിട്ടുള്ളത്. അട്ടപ്പാടിയിൽ 204 കുട്ടികളാണ് രജിസ്റ്റർ ചെയ്തത്.
അതിൽനിന്നും 122 കുട്ടികൾ കഴിഞ്ഞയാഴ്ച നടന്ന ഓറിയന്റേഷനിലും സ്ക്രീനിംഗിലും പങ്കെടുത്തു.
കുട്ടികളെ അഞ്ചുബാച്ചുകളായി തിരിച്ചാണ് ഭാഷാ വിദഗ്ധരായ റിസോഴ്സ്പേഴ്സൺമാരുടെ നേതൃത്വത്തിൽ സ്ക്രീനിംഗ് പൂർത്തിയാക്കിയത്. ഇതിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന 60 കുട്ടികൾക്ക് രണ്ടുബാച്ചുകളായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിശീലനമാണ് പദ്ധതിവഴി നടപ്പിലാക്കുക. ആദ്യ രണ്ടു റസിഡൻഷ്യൽ ക്യാമ്പുകൾ 2025 മേയ് മാസത്തിൽ പൂർത്തിയാക്കും.
കമ്യൂണിക്കോർ ഓറിയന്റേഷൻ ആൻഡ് സ്ക്രീനിംഗ് പരിപാടിക്ക് കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ബി.എസ്. മനോജ് അധ്യക്ഷത വഹിച്ചു.
ഷോളയൂർ പഞ്ചായത്ത് സമിതി കോ- ഓർഡിനേറ്റർ ഷൈനി, പ്രോജക്ട് കോ- ഓർഡിനേറ്റർ കെ.ജെ. ജോമോൻ, കുറുമ്പ പഞ്ചായത്ത് സമിതി സെക്രട്ടറി കുറുമ്പി കണ്ണൻ, പഞ്ചായത്ത് സമിതി കോ- ഓർഡിനേറ്റർ ഗീത, ആർപിമാരായ അമൃത, ഹസനത്ത്, നീഹ ബോബി എന്നിവർ പ്രസംഗിച്ചു.