മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മുന്നൊരുക്കം തകൃതി
1546851
Wednesday, April 30, 2025 6:39 AM IST
പാലക്കാട്: മുനിസിപ്പൽ സ്റ്റാൻഡിൽ മുന്നൊരുക്കം തകൃതിയിൽ. മേയ് രണ്ടുമുതൽ കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കാനിരിക്കേയാണ് ഈ മുന്നൊരുക്കം.
സ്റ്റാൻഡിൽനിന്ന് നിലവിൽ ഏതാനും ബസുകൾ മാത്രമാണു സർവീസ് നടത്തുന്നത്. വെള്ളിയാഴ്ച മുതൽ കോഴിക്കോട്, ചെർപ്പുളശ്ശേരി, കോങ്ങാട്, മണ്ണാർക്കാട്, മുണ്ടൂർ ഭാഗത്തുനിന്നുള്ള ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിലെത്തി വേണം സ്റ്റേഡിയം സ്റ്റാൻഡിലേക്കു പോകാൻ. സ്റ്റേഡിയം സ്റ്റാൻഡിൽനിന്നു പോകുമ്പോഴും മുനിസിപ്പൽ സ്റ്റാൻഡിലെത്തണം.
ടെർമിനലിൽ ഒരേസമയം ഒന്പതു ബസുകളാണു യാത്രക്കാരെ കയറ്റാനായി നിർത്തിയിടുക. മറ്റു ബസുകൾ നിർത്തിയിടാൻ ടെർമിനലിന്റെ മുൻവശത്തെ സ്ഥലം നിരപ്പാക്കി. ടെർമിനലിൽ ബസുകൾ നിർത്തിയിടേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തി നൽകും. ഇവിടെ ബസുകൾ നിർത്തിയിട്ട് സമയമാകുമ്പോൾ ട്രാക്കിലേക്കു കയറ്റിയാൽമതിയെന്നാണ് നിർദേശം.
ബസ് സർവീസുകൾ ആരംഭിക്കുന്ന മുറയ്ക്ക് ലഘുഭക്ഷണ, ശുചിമുറി സൗകര്യം ഒരുക്കാനാണ് നഗരസഭ അധികൃതരുടെ തീരുമാനം. കൂടുതൽ വഴിവിളക്കുകൾ നഗരസഭ ഒരുക്കും. സ്റ്റാൻഡിൽ ഇരിപ്പിടവും ഉറപ്പാക്കും. സ്റ്റാൻഡിന്റെ മുൻവശത്ത് രാത്രി വെളിച്ചം ഉറപ്പാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
വി.കെ.ശ്രീകണ്ഠൻ എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 2.26 കോടി രൂപ ഉപയോഗിച്ചാണ് ടെർമിനൽ നിർമിച്ചിട്ടുള്ളത്. എംപി ഫണ്ടിൽ നിന്ന് ഹൈമാസ്റ്റ് ലാംപും സ്ഥാപിച്ചിട്ടുണ്ട്. നഗരസഭയാണ് യാഡ് നവീകരിച്ചത്.