കണ്ണമ്പ്ര വ്യവസായപാർക്കിനായി ഏറ്റെടുത്ത പ്രദേശത്തെ കാർഷികോത്പന്നങ്ങൾ നശിക്കുന്നു
1547075
Thursday, May 1, 2025 1:12 AM IST
വടക്കഞ്ചേരി: കണ്ണമ്പ്രയിൽ വ്യവസായ പാർക്കിനായി ഏറ്റെടുത്ത സ്ഥലത്തെ വിളവുകളെല്ലാം ആർക്കും പ്രയോജനപ്പെടാതെ നശിക്കുന്നു.
ഏറ്റെടുത്തിട്ടുള്ള 190 ഹെക്ടർ ഭൂമിയിൽ ഭൂരിഭാഗവും റബർ ആണ്. കുരുമുളക്, തെങ്ങ്, വാഴ, പ്ലാവ്, മാവ് തുടങ്ങിയ വിളകളുമുണ്ട്. കുരുമുളകെല്ലാം കൊഴിഞ്ഞ് നശിച്ചു.
നാളികേരം തുടങ്ങിയ വിളകളുടെ സ്ഥിതിയും ഇതുതന്നെയാണ്. എണ്ണായിരത്തിൽപരം റബർ മരങ്ങൾ തന്നെയുണ്ടെന്നായിരുന്നു സാമൂഹിക പ്രത്യാഘാത പഠനത്തിൽ പറയുന്നത്. 2016 മുതലാണ് സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങിയത്.
ഇത്രയും വർഷവും ആർക്കും പ്രയോജനപ്പെടാത്ത വിധം വിളകളെല്ലാം നശിച്ചു. പുറമെനിന്നുള്ളവർ പലരും പ്രദേശത്തെ വിളകൾ സ്വന്തമാക്കുന്ന സ്ഥിതിയുണ്ട്. പദ്ധതി നടപ്പിലാക്കുന്നതു വരെയെങ്കിലും വിളകൾ ലേലം ചെയ്ത് വിൽക്കാൻ സംവിധാനമുണ്ടാക്കിയാൽ അതുവഴി സർക്കാരിനും വരുമാനമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഏറ്റെടുത്ത പ്രദേശത്തെ ഇരുനിലവീടുകൾ ഉൾപ്പെടെ എല്ലാം നശിച്ചു. 300 ഏക്കർ ഭൂമിയും കാടുമൂടിയ നിലയിലാണിപ്പോൾ.പൊന്തക്കാടുകളിൽ പന്നിക്കൂട്ടങ്ങളും മയിൽക്കൂട്ടങ്ങളുമാണ്.
രാപ്പകൽ വ്യത്യാസമില്ലാതെ പന്നിക്കൂട്ടങ്ങൾ റോഡിനു കുറുകെ പാഞ്ഞ് അപകടങ്ങളും നിത്യസംഭവമായിട്ടുണ്ട്. പാമ്പും മറ്റു ഇഴജന്തുക്കളുമായി സമീപവാസികളുടെ സ്വൈര്യജീവിതവും അവതാളത്തിലാണ്.
വലിയ വീടുകളും റബർ, തെങ്ങ് തോട്ടങ്ങളുമൊക്കെയാണ് ഇവിടെ നാഥനില്ലാത്തവിധമായിട്ടുള്ളത്. റോഡ് വഴിയിലെ തെങ്ങുകളിൽ നിന്നും ഉണങ്ങിയപട്ടകളും നാളികേരവും വീണ് ഇതുവഴിപോകുന്ന യാത്രക്കാർക്ക് പരിക്കേൽക്കുന്ന സ്ഥിതിയുമുണ്ട്. വ്യവസായപാർക്ക് ഉടൻ യാഥാർഥ്യമാകുമെന്ന് 2023 ഡിസംബറിൽ സംസ്ഥാന സർക്കാർ നടത്തിയ നവകേരളയാത്രയിൽ പ്രഖ്യാപനമുണ്ടായിരുന്നു.
എന്നാൽ ഒടുവിലത്തെ ഉറപ്പിന്റ് കാലാവധി കഴിഞ്ഞും പദ്ധതി നടപടി നിലച്ച മട്ടിലാണ്. കാർഷികവിളകൾ നിറഞ്ഞുനിന്നിരുന്ന ഭൂമിയാണ് വ്യവസായ പാർക്കിനായി ഏറ്റെടുത്തത്. ഇനി തരം മാറ്റി വ്യവസായങ്ങൾക്കായി രൂപപ്പെടുത്തേണ്ടതുണ്ട്.
ഏറ്റെടുത്ത ഭൂമിയിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം.