പരാതികളിൽ ഉടൻ നടപടിയെടുക്കാൻ നിർദേശം
1547080
Thursday, May 1, 2025 1:12 AM IST
കോയമ്പത്തൂർ: കോർപറേഷനിലെ 61 നിവാസികൾ സമർപ്പിച്ച നിവേദനത്തിൽ വേഗത്തിൽ നടപടിയെടുക്കാൻ മേയർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോർപറേഷൻ പ്രധാന ഓഫീസിൽ മേയർ രംഗനായകി രാമചന്ദ്രന്റെ അധ്യക്ഷതയിൽ പൊതുജന പരാതിപരിഹാരദിനയോഗം നടന്നു.
കോർപറേഷൻ കമ്മീഷണർ ശിവഗുരു പ്രഭാകരന്റെ സാനിധ്യത്തിൽ നടന്ന യോഗത്തിൽ കോർപറേഷന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പൊതുജനങ്ങൾ 61 നിവേദനങ്ങൾ മേയർക്ക് സമർപ്പിച്ചു. ജനന-മരണ സർട്ടിഫിക്കറ്റുകൾ, റോഡ് സൗകര്യങ്ങൾ, വൈദ്യുതിവിളക്കുകൾ, കുടിവെള്ള സൗകര്യങ്ങൾ, ഭൂഗർഭ മലിനജല സംവിധാനം, പ്രഫഷണൽ നികുതി, സ്വത്ത് നികുതി, ഒഴിവ് നികുതി, പുതിയ കുടിവെള്ള കണക്ഷനുകൾ, പേര് മാറ്റം, മെഡിക്കൽ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവിധ ആവശ്യങ്ങൾ അടങ്ങിയ അപേക്ഷകൾ ലഭിച്ചു.
നിവേദനങ്ങൾ സ്വീകരിച്ച മേയർ, ബന്ധപ്പെട്ട സോണൽ അസിസ്റ്റന്റ് കമ്മീഷണർമാർ, എൻജിനീയർമാർ, ഓഫീസർമാർ എന്നിവർക്ക് അവയിൽ ഉടനടി നടപടി സ്വീകരിക്കാൻ നിർദേശം നൽകി.