മംഗലംഡാം ലൂർദ്മാതാ ഹയർസെക്കൻഡറി വിദ്യാർഥികൾ സംസ്ഥാനതല വിജയികൾ
1547067
Thursday, May 1, 2025 1:12 AM IST
മംഗലംഡാം: പൊതുവിദ്യാഭ്യാസ വകുപ്പ് കെ. ഡിസ്കിന്റെ സഹായത്തോടെ ആരംഭിച്ച യംഗ് ഇന്നൊവേറ്റീവ് പ്രോഗ്രാമിന്റെ (വൈഐപി) ശാസ്ത്രപഥം പദ്ധതിയിൽ മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സംസ്ഥാനതല വിജയികളായി.
പ്ലസ്ടു വിദ്യാർഥികളായ ജോനൽ ജോഷി, എ.എസ്. ഷിഹാസ്, പവൽ കോമ്പാറ എന്നിവരാണ് പുതിയ കണ്ടെത്തലുകൾ നടത്തി സംസ്ഥാനതലത്തിൽ ശ്രദ്ധേയരായത്.
വൈദ്യുതവിതരണ മേഖലയിൽ ഉപയോഗിച്ചുവരുന്ന കോൺക്രീറ്റ്, ഇരുമ്പ് പോസ്റ്റുകൾക്കുപകരമായി പ്ലാസ്റ്റിക് പോസ്റ്റുകൾ ഉപയോഗിക്കാമെന്ന ഇന്നൊവേറ്റീവ് പ്രോജക്ടാണ് വിദ്യാർഥികൾ തയാറാക്കിയത്.
ഇതുവഴി പോസ്റ്റുകൾ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാമെന്നതു പദ്ധതിയുടെ പ്രധാന ഗുണമാണ്.
പ്ലാസ്റ്റിക് പോസ്റ്റുകൾ നിർമിക്കുന്നതു ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകളിൽ നിന്നുമായതിനാൽ പ്ലാസ്റ്റിക് മലിനീകരണതോത് കുറയ്ക്കാനും പദ്ധതിവഴി കഴിയും.
ഉപജില്ല , ജില്ലാതല മത്സരങ്ങളിൽ വിജയിച്ചായിരുന്നു സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തത്. വിദ്യാർഥികളെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൻ, അധ്യാപകർ, മാനേജ്മെന്റ്, പിടിഎ എന്നിവർ അഭിനന്ദിച്ചു.